പി. ജയരാജന്റെ മകന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്: സിബിഐ വിവരങ്ങള്‍ ശേഖരിച്ചു
പി. ജയരാജന്റെ മകന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്: സിബിഐ വിവരങ്ങള്‍ ശേഖരിച്ചു
Saturday, August 1, 2015 12:21 AM IST
കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂരിലെ മനോജ് കൊല്ലപ്പെട്ട് ഒരു മണിക്കൂറിനകം മനോജിന്റെ മരണത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ചു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മകന്‍ ജയിന്‍ പി. രാജ് ഫേസ്ബുക്കില്‍ പോസ്റ് ചെയ്ത പരാമര്‍ശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സിബിഐസംഘം ശേഖരിച്ചു. 1999 ഓഗസ്റ് 25ന് തിരുവോണനാളില്‍ പി. ജയരാജനെ വീട്ടില്‍ കയറി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലെ പ്രതിയാണു മനോജ്.

'അച്ഛനെ ശാരീരികമായി തളര്‍ത്തിയവര്‍, തെരുവില്‍ കിടപ്പുണ്െടന്നു കേട്ടാല്‍ എന്നിലെ മകന്‍ സന്തോഷിക്കുക തന്നെ ചെയ്യും. ഈ സന്തോഷവാര്‍ത്തയ്ക്കായി എത്ര നാളായി കാത്തിരിക്കുന്നു, അഭിവാദ്യങ്ങള്‍ പ്രിയ സഖാക്കളെ' എന്നായിരുന്നു വിവാദ പോസ്റ്. ജയിന്‍ രാജിന്റെ ഫേസ്ബുക്കിലെ പരാമര്‍ശം ദേശീയ മാധ്യമങ്ങളടക്കം അന്നു വാര്‍ത്തയാക്കിയിരുന്നു. പിന്നീട് ഈ പോസ്റുകള്‍ നീക്കം ചെയ്തെങ്കിലും ജയിന്‍രാജിനെതിരേ കതിരൂര്‍ പോലീസ് കേസെടുത്തു. ഐപിസി 153, സെക്ഷന്‍ 118 കെപി ആക്ട്, 66(എ) ഐടി ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തത്. ബോധപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമം, ഇലക്ട്രോണിക് മീഡിയ ഉപയോഗിച്ച് അവഹേളിക്കുക തുടങ്ങിയ കുറ്റങ്ങളാണു ജയിന്‍രാജിനെതിരേ ചുമത്തിയത്.

ഈ കേസ് സംബന്ധിച്ച വിവരങ്ങളാണു കൂത്തുപറമ്പ് സിഐ, കതിരൂര്‍ എസ്ഐ എന്നിവരില്‍നിന്നു മനോജ് വധക്കേസ് അന്വേഷിക്കുന്ന സിബിഐ സംഘം കഴിഞ്ഞ ദിവസം ശേഖരിച്ചത്. പി. ജയരാജനും കുടുംബത്തിനും മനോജിനോടുള്ള വൈരാഗ്യം എത്ര മാത്രമെന്നു വ്യക്തമാക്കാനാണു ഫേസ്ബുക്ക് പോസ്റ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് അറിയുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ ഒന്നിനു കിഴക്കേ കതിരൂരിലാണു മനോജ് കൊല്ലപ്പെട്ടത്. പട്ടാപ്പകല്‍ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

മുഖ്യപ്രതി വിക്രമന്‍ ഉള്‍പ്പെടെ മനോജ് വധക്കേസില്‍ ഇതുവരെ അറസ്റിലായ 23 പ്രതികളും സിപിഎമ്മിന്റെ പ്രാദേശികനേതാക്കളോ സജീവരായ പ്രവര്‍ത്തകരോ ആണ്. പ്രതികളുമായി അടുത്ത ബന്ധമാണു സിബിഐ അന്വേഷണം പി. ജയരാജനില്‍ എത്തിനില്‍ക്കാന്‍ കാരണം.

മനോജ് വധക്കേസില്‍ പി. ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തലശേരി സെഷന്‍സ് കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. വിക്രമനെ നേരത്തെ ചികിത്സയ്ക്കു വിധേയമാക്കിയെന്നു പറയുന്ന ബംഗളൂരുവിലെ സാന്‍സ് ഇന്‍സ്റിറ്റ്യൂട്ടില്‍ പോയി തെളിവെടുക്കാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.