തൃശൂരില്‍ ഇന്നു പുലിക്കൂട്ടമിറങ്ങും
തൃശൂരില്‍ ഇന്നു പുലിക്കൂട്ടമിറങ്ങും
Monday, August 31, 2015 1:18 AM IST
തൃശൂര്‍: കാടിളക്കി തൃശൂരില്‍ ഇന്നു പുലിക്കൂട്ടമിറങ്ങും. തേക്കിന്‍കാടിനെ കീഴടക്കാനുള്ള അവസാനവട്ട തയാറെടുപ്പിലാണു പുലിമടകള്‍. എട്ടുദേശങ്ങളില്‍ നിന്നുള്ള നാനൂറിലേറെ പുലികളാണ് ഇത്തവണ നഗരത്തിലിറങ്ങുക. ദേശങ്ങളില്‍ ഇന്നലെ പുലിമുഖ പ്രദര്‍ശനവും പുലിവാല്‍ എഴുന്നള്ളിപ്പും നടന്നു.

പുലിക്കളിയുടെ ചമയപ്രദര്‍ശനവും ദേശങ്ങളില്‍ നടന്നു. പൂത്തോള്‍, കോട്ടപ്പുറം സെന്റര്‍, കോട്ടപ്പുറം ദേശം, പൂങ്കുന്നം സെന്റര്‍, മൈലിപ്പാടം, പടിഞ്ഞാറെകോട്ട, നായ്ക്കനാല്‍,ചേറൂര്‍ ടീമുകളാണു ഇത്തവണ പുലിക്കളിയില്‍ പങ്കെടുക്കുന്നത്. മാസങ്ങള്‍ നീണ്ട ഒരുക്കങ്ങള്‍ക്കൊടുവിലാണു പുലികളിറങ്ങുന്നത്. പുലികളാവുന്നവരുടെ ശരീരത്തിലെ മുടിവടിച്ചും മെയ്യെഴുത്തിനുള്ള ഒരുക്കങ്ങളിലുമായിരുന്നു ഞായറാഴ്ചയുടെ രാവ്. കഴിഞ്ഞ ദിവസം തുടങ്ങിയ നിറങ്ങള്‍ അരച്ചെടുക്കുന്നത് ഇന്നലെ വൈകിയും തുടര്‍ന്നു, മുഖംമൂടികള്‍, വസ്ത്രങ്ങള്‍ തയാറാക്കുക തുടങ്ങിയവ രാത്രി യോടെ പൂര്‍ത്തിയായി. തിങ്കളാഴ്ച പുലര്‍ച്ചെയോടെ പുലിരൂപങ്ങള്‍ വരച്ചു തുടങ്ങും.

രണ്ടുനിശ്ചല ദൃശ്യങ്ങളും ഒരു പുലിവണ്ടിയുമടങ്ങുന്നതാണ് ഓരോ ടീമിനും അനുവദിച്ചിട്ടുള്ളത്. ഓരോ ഇനത്തിനും പ്രത്യേകമായി സമ്മാനങ്ങളുള്ളതിനാല്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ഇരട്ടിയാവേശമുണ്ട് ഇത്തവണ പുലിക്കളി സംഘങ്ങള്‍ക്ക്. മികച്ച ടീമിനെ കണ്ടത്താനുള്ള നിരീക്ഷക സംഘങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലയുറപ്പിക്കും. പുലിക്കളി കാണാനെത്തുന്ന വിദേശികള്‍ക്കായി നടുവിലാല്‍ ജംഗ്ഷനില്‍ പ്രത്യേകം ഗാലറി ഒരുക്കിയിട്ടുണ്ട്. വടക്കുന്നാഥന്റെ മുറ്റത്ത് കിഴക്കേ നടയിലെ ജില്ലാതല ഓണാഘോഷ പരിപാടിയുടെ വേദിയില്‍ പുലിക്കളി ടീമുകള്‍ക്കുള്ള പുരസ്കാരം വിതരണം ചെയ്യും.


ഇതോടെ പൂരാടം നാളില്‍ തുടങ്ങിയ ഓണം വാരാഘോഷത്തിനും സമാപനമാവും. ഉച്ചയ്ക്കുശേഷം രണ്േടാടെയാണു പുലിക്കൂട്ടങ്ങള്‍ നഗര ത്തിലേക്കെത്തുക. വെള്ളിക്കുളങ്ങരയിലെ രാഷ്ട്രീയ കൊലപാതകത്തിന്റെ പശ്ചാത്തലം കൂടി പരിഗണിച്ചു പോലീസ് കനത്ത സുരക്ഷയാണ് പുലിക്കളിയാഘോഷത്തിനായി ഒരുക്കിയിരിക്കുന്നത്. കമ്മീഷണര്‍ കെ.ജി. സൈമന്റെ നിയന്ത്രണത്തില്‍ ആറു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരും 60 സബ് ഇന്‍സ്പെക്ടര്‍മാരും അഞ്ഞൂറിലധികം പോലീസുകാരും ഷാഡോ പോലീസും മഫ്ടിയിലുള്ള പോലീസുകാരും ഉള്‍പ്പെടുന്ന സംഘമാണു സുരക്ഷാകാര്യങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളത്.

പുലിക്കളിയോടനുബ ന്ധിച്ചു നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വരാജ് റൌണ്ടില്‍ വാ ഹനങ്ങളുടെ പാര്‍ക്കിംഗ് രാവിലെ മുതല്‍ തന്നെ അനുവദിക്കില്ല. ഉച്ചക്കു രണ്ടിനുശേഷം വാഹനങ്ങള്‍ക്കും റൌണ്ടിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. തേക്കിന്‍കാട്ടില്‍ തകര്‍ത്താടി പുലികള്‍ മടങ്ങുന്നതോടെയാണു തൃശൂരിലെ ഓണാഘോഷം പൂ ര്‍ണമാവുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.