കുമരകത്തും സിപിഎം-ബിജെപി സംഘര്‍ഷം
കുമരകത്തും സിപിഎം-ബിജെപി സംഘര്‍ഷം
Monday, August 31, 2015 1:11 AM IST
കുമരകം: സിപിഎമ്മും ബിജെപിയും തമ്മില്‍ കുമരകത്തുണ്ടായ ഏറ്റുമുട്ടല്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ രാത്രി കുമരകം നോര്‍ത്ത് സിപിഎം ലോക്കല്‍ സെക്രട്ടറി എം.എം.പുഷ്കരന്റെ വീട്ടുമുറ്റത്തു കിടന്ന കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്തതിനെത്തുടര്‍ന്നാണ് സംഭവങ്ങളുടെ തുടക്കം. സംഘര്‍ഷം കലശലായതോടെ പോലീസ് ലാത്തി വീശി.

ബിജെപിക്കാരാണു കാറിന്റെ ചില്ലു തകര്‍ത്തതെന്ന പുഷ്കരന്റെ പരാതിയെത്തുടര്‍ന്നു പോലീസ് പ്രതികളെ തേടി ആശാരിമറ്റം കോളനിയിലെത്തി. വീടുകളില്‍ കയറി പരിശോധന നടത്തുന്നതിനിടെ ഇവിടെയുണ്ടായിരുന്ന യുവാക്കള്‍ ഇറങ്ങിയോടി. പോലീസ് പിന്തുടര്‍ന്നതോടെ മൂന്നു യുവാക്കള്‍ വേമ്പനാട്ടു കായലില്‍ ചാടി. ആശാരിമറ്റം ബൈജുവിന്റെ മകന്‍ വൈശാഖ് (22) മജുവിന്റെ മകന്‍ ഉണ്ണിക്കുട്ടന്‍ (22) സതീശിന്റെ മകന്‍ സജേഷ് (26) എന്നിവരാണു കായലില്‍ ചാടിയത്.

യുവാക്കള്‍ കായലില്‍ ചാടിയതോടെ സ്ഥലത്തുനിന്നു പിന്‍വാങ്ങാന്‍ ശ്രമിച്ച പോലീസ് സംഘത്തെ പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു തടഞ്ഞുവച്ചു. ആശാരിമറ്റം കോളനി റോഡില്‍ ഇഷ്ടിക നിരത്തി പോലീസിനെ ഉപരോധിച്ച വീട്ടമ്മമാര്‍ ഉള്‍പ്പെട്ട സംഘം കുമരകം എസ്ഐ കെ.എ. ഷെരീഫിനെതിരേ മുദ്രാവാക്യം മുഴക്കി. കായലില്‍ ചാടിയ തങ്ങളുടെ മക്കളെ കണ്െടത്തി തന്നാല്‍ മാത്രമേ പോലീസിനെ പോകാന്‍ അനുവദിക്കൂ എന്ന നിലപാടിലായിരുന്നു കോളനി നിവാസികള്‍.

രംഗം വഷളായതോടെ കോട്ടയം വെസ്റ് സിഐ ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. തുടര്‍ന്നു കോട്ടയത്തുനിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം കായലില്‍ ചാടിയ യുവാക്കള്‍ക്കായി തെരച്ചില്‍ നടത്തി. ഇതിനിടെ, കായലില്‍ ചാടിയ രണ്ടു പേര്‍ നീന്തി രക്ഷപ്പെട്ടതായി പോലീസിനു വിവരം ലഭിച്ചു. ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പോലീസിനെതിരേ മുദ്രാവാക്യം വിളിച്ചു കോട്ടയം- ചേര്‍ത്തല റോഡ് ഉപരോധിച്ചു. ഉപരോധം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ജില്ലാ പോലീസ് ചീഫ് എം.പി. ദിനേശ് ഇടപെട്ടു കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ഉറപ്പു നല്‍കിയതോടെ റോഡ് ഉപരോധം അവസാനിപ്പ ിച്ചു.


ഉച്ചകഴിഞ്ഞു മൂന്നോടെ കൊക്കോബേ റിസോര്‍ട്ടിനു സമീപമുള്ള കാട്ടില്‍നിന്ന് കാണാതായ വൈശാഖിനെയും കണ്െടത്തി. അവശനായ ഇയാളെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചതയദിനത്തോടനുബന്ധിച്ചു നടന്ന ആഘോഷ പരിപാടികള്‍ അലങ്കോലപ്പെടുത്താന്‍ പോലീസ് ബോധപൂര്‍വം ശ്രമിക്കുകയായിരുന്നുവെന്നു ബിജെപി കുമരകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.എന്‍. ജയകുമാര്‍ ആരോപിച്ചു.

സിപിഎം ലോക്കല്‍ സെക്രട്ടറി യുടെ കാറിനു നേരേയുണ്ടായ ആ ക്രമണത്തിലെ പ്രതികളെ രക്ഷിക്കുന്നതിന്റെ ഭാഗമായിട്ടുള്ള നാടകമാണ് ഇന്നലെ അരങ്ങേറിയതെന്നു സിപിഎം നേതൃത്വവും ആരോപിച്ചു.

പോലീസിനെതിരേ കള്ളപ്രചരണം നടത്തിയതിനും പോലീസിനെ തടഞ്ഞുനിര്‍ത്തി ജോലി തടസപ്പെടുത്തിയതിനും 50 പേര്‍ക്കെതിരേ കേസെടുത്തതായി കുമരകം പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.