അഞ്ചു വര്‍ഷത്തിനകം ടൂറിസം രംഗത്ത് 1.90 ലക്ഷം മുറികള്‍ വേണ്ടിവരും
അഞ്ചു വര്‍ഷത്തിനകം ടൂറിസം രംഗത്ത് 1.90 ലക്ഷം മുറികള്‍ വേണ്ടിവരും
Wednesday, September 2, 2015 11:22 PM IST
കൊച്ചി: രാജ്യത്തു പരീക്ഷണ ടൂറിസത്തിന്റെ നാളുകളാണു വരാനിരിക്കുന്നതെന്നു കേന്ദ്ര ടൂറിസം ജോയിന്റ് സെക്രട്ടറി സുമന്‍ ബില്ല അഭിപ്രായപ്പെട്ടു. ഹോംസ്റേ ഗ്രാമീണ ടൂറിസം ട്രാവല്‍ മീറ്റ് കൊച്ചി ബോള്‍ഗാട്ടി പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യത്യസ്താനുഭവങ്ങളും വിഭവങ്ങളും ആസ്വദിക്കുകയാണു സഞ്ചാരികളുടെ ലക്ഷ്യം. ഗ്രാമീണ ടൂറിസത്തിന് ഇതില്‍ വലിയ പങ്കുവഹിക്കാനാകും.

പരീക്ഷണ ടൂറിസം മേഖലയില്‍ ഹോംസ്റേകള്‍ അടിസ്ഥാനഘടകമായിരിക്കും. ഒരേ സൌകര്യവും വികാരവുമാണു ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ലഭ്യമാകുക. എന്നാല്‍, വളരെ വിഭിന്നമായ സാഹചര്യമാണു ഹോംസ്റേകള്‍ നല്‍കുന്നത്.

അടുത്ത അഞ്ചു വര്‍ഷത്തിനകം രാജ്യത്തു വിനോദ സഞ്ചാരമേഖലയില്‍ താമസത്തിനായി 1.90 ലക്ഷം മുറികള്‍ ആവശ്യമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മാത്രമായി ഇത്രയും വലിയ നിക്ഷേപം നടത്താനാകില്ല. ഈ മേഖലയില്‍ കൂടുതല്‍ ഹോംസ്റേകള്‍ വരണം. അതിഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള നാടാണു കേരളം. വിനോദസഞ്ചാര മേഖലയിലെ വമ്പന്‍ കമ്പനികള്‍ ഹോംസ്റേ രംഗത്ത് ഇറങ്ങിയിരിക്കുന്നതു ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.

ഹോംസ്റേകള്‍ വിനോദസഞ്ചാര മേഖലയുടെ ഭാവിയാണെന്നു മുഖ്യപ്രഭാഷണം നടത്തിയ കൊളംബിയയിലെ ഇന്ത്യന്‍ അംബാസഡര്‍ പ്രഭാത്കുമാര്‍ പറഞ്ഞു. കേരളത്തില്‍ കൂടുതല്‍ പേര്‍ ഹോംസ്റേകളില്‍ നിക്ഷേപിക്കാന്‍ മുന്നോട്ടുവരുമെന്നാണു കരുതുന്നത്.


ഇന്ത്യയും കൊളംബിയയും തമ്മില്‍ ടൂറിസ വികസനത്തില്‍ വലിയ സാധ്യതകളുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സമാധാനപരമായ അന്തരീക്ഷം കൊളംബിയയില്‍ തിരിച്ചെത്തി എന്നതു പ്രത്യേകതയാണ്. ഇന്ത്യയില്‍നിന്ന്, പ്രത്യേകിച്ചു കേരളത്തില്‍നിന്ന്, നിരവധി പേര്‍ അവിടെ ജോലി ചെയ്യുന്നുണ്െടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.വി. തോമസ് എംപി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ഡൊമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, ടൂറിസം ഡയറക്ടര്‍ പി.ഐ. ഷെയ്ക് പരീത്, കേരള ട്രാവല്‍ മാര്‍ട്ട് ചെയര്‍മാന്‍ ഏബ്രഹാം ജോര്‍ജ്, കേരള ഹോംസ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി ചെയര്‍മാന്‍ പി.എന്‍. പ്രസന്നകുമാര്‍, ഡയറക്ടര്‍ എം.പി. ശിവദത്തന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമ്മേളനത്തിന്റെ ഭാഗമായുള്ള ആദ്യ സെമിനാര്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് ഉദ്ഘാടനംചെയ്തു. ഫോറസ്റ് കണ്‍സര്‍വേറ്റര്‍ കെ.ജി. മോഹന്‍ലാല്‍, കിറ്റ്സ് പ്രിന്‍സിപ്പല്‍ ബി. വിജയകുമാര്‍, ഡോ.മുരളീധരമേനോന്‍, ജഗദീഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എഴുപതോളം ഹോംസ്റേ ടൂറിസം നടത്തിപ്പുകാരും വിവിധ സംഘടനകളും പങ്കെടുക്കുന്ന പ്രദര്‍ശനവും സംഘടി പ്പിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.