ആര്‍എംഎസ്എ: ചെലവഴിക്കേണ്ടത് 250 കോടി; ചെലവഴിച്ചത് 45 കോടി
Thursday, September 3, 2015 12:51 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: വിദ്യാഭ്യാസ സൌകര്യങ്ങള്‍ കുറവുള്ള ജില്ലകളില്‍ പഠനസൌകര്യം ഒരുക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടപ്പാക്കുന്ന ആര്‍എംഎസ്എ പദ്ധതി ഫണ്ടുവിനിയോഗത്തില്‍ സംസ്ഥാനത്തു വന്‍ വീഴ്ച. 2009-ല്‍ ആരംഭിച്ച ഈ പദ്ധതിയില്‍ 2014-15 അധ്യയനവര്‍ഷം വരെ 250 കോടി രൂപ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭ്യാന്‍ ( ആര്‍എംഎസ്എ) പദ്ധതികള്‍ക്കായി വിനിയോഗിക്കേണ്ടിടത്ത് ആകെ നടപ്പാക്കിയത് 45 കോടി രൂപയുടെ പദ്ധതികള്‍ മാത്രം. ഇതില്‍ കേന്ദ്രത്തില്‍ നിന്നും 30 കോടിയും സംസ്ഥാനത്തിന്റെ 15 കോടിയുമാണ് വിനിയോഗിച്ചത്.

ആര്‍എംഎസ്എ ഫണ്ട് കൃത്യമായി കേന്ദ്രത്തില്‍ നിന്നും വാങ്ങി വിനിയോഗിക്കാന്‍ കഴിയാതെ വന്നതോടെ ആര്‍എംഎസ്എ സ്കൂളുകളുടെ പ്രവര്‍ത്തനം തന്നെ സ്തംഭനാവസ്ഥയിലേക്കു നീങ്ങുകയാണ്. സംസ്ഥാനത്ത് ആകെ 112 ആര്‍എംഎസ്എ സ്കൂളുകളാണുള്ളത്. അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ഒരു ഹൈസ്കൂള്‍ ഇല്ലാതിരിക്കുകയും അവിടെ അപ്പര്‍ പ്രൈമറി സ്കൂള്‍ ഉണ്െടങ്കില്‍ അത് അപ്ഗ്രേഡ് ചെയ്ത് ഹൈസ്കൂള്‍ ആക്കുന്നതുമാണു ആര്‍എംഎസ്എ സ്കീമിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ ഒരു സ്കൂളുമില്ലെങ്കില്‍ നേരിട്ട് ഹൈസ്കൂള്‍ ആരംഭിക്കാനും ആര്‍എംഎസ്എ പദ്ധ— തിയിലൂടെ ആരംഭിക്കാമെന്നും വ്യവസ്ഥയുണ്ട്.

മൂന്നുഘട്ടമായിട്ടാണ് സംസ്ഥാനത്ത് ആര്‍എംഎസ്എ സ്കൂളുകള്‍ അനുവദിച്ചത്. ആദ്യഘട്ടമായി 2010-11 അധ്യയന വര്‍ഷം 60 സ്കൂളുകള്‍ സംസ്ഥാനത്ത് ആരംഭിച്ചു. 2009 ല്‍ ആരംഭിക്കേണ്ട സ്കൂളുകളാണ് ഒരു വര്‍ഷത്തിനുശേഷം ആരംഭിച്ചത്. ഈ സ്കൂളുകളില്‍ സ്വീപ്പര്‍, ക്ളാര്‍ക്ക്, പ്യൂണ്‍ എന്നിവരെ നിയമിച്ചു. എന്നാല്‍, തുടര്‍ന്നു 2010-11 അധ്യയനവര്‍ഷം രണ്ടു ഘട്ടമായി 46 സ്കൂളുകളായിരുന്നു സംസ്ഥാനത്ത് തുടങ്ങേണ്ടിയിരുന്നത്. ഈ സ്കൂളുകള്‍ ആരംഭിക്കാന്‍ 2012വരെ കാത്തിരിക്കേണ്ടി വന്നു. ആരംഭിച്ചതില്‍ തന്നെ 36 സ്കൂളുകളില്‍ പ്യൂണ്‍മാരെ നിയമിക്കാന്‍ സാധിച്ചില്ല. 16 സ്കൂളുകളില്‍ ക്ളാര്‍ക്കും പ്യൂണുമില്ലാത്ത സ്ഥിതിയും. ഇതിനു പിന്നാലെ സംസ്ഥാനത്തു തുടങ്ങിയ 30 സ്കൂളുകള്‍ക്കു കേന്ദ്ര മാനവ വിഭവമന്ത്രാലയം അനുമതി നല്കിയില്ല. ഇതോടെ ഇവിടെ തസ്തികകള്‍ സൃഷ്ടിക്കാന്‍ കഴിയാത്ത സ്ഥിതിയും.


ആര്‍എംഎസ്എ സ്കൂളുകളില്‍ അഞ്ച് അധ്യാപക തസ്തികകള്‍ക്കാണു കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അംഗീകാരം നല്കുന്നത്. കണക്ക്, സയന്‍സ്, സാമൂഹ്യപാഠം, ഹിന്ദി, മലയാളം എന്നീ വിഷയങ്ങള്‍ക്ക് അധ്യാപകരെ നിയമിക്കാനുള്ള അംഗീകാരമാണ് സംസ്ഥാനത്തിനു കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നല്കിയിട്ടുള്ളത്. ഇംഗ്ളീഷ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്ളാസെടുക്കാന്‍ അധ്യാപകരില്ലാത്ത അവസ്ഥയാണിപ്പോള്‍ ഉള്ളത്. സംസ്ഥാനത്ത് ഏറ്റവുമധികം ആര്‍എംഎസ്എ സ്കൂളുകള്‍ ഉള്ളത് കാസര്‍ഗോഡ്, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ്. കന്നഡ, തമിഴ് ഉള്‍പ്പെടെയുള്ള ഉപഭാഷകള്‍ പഠിക്കുന്ന നിരവധി വിദ്യാര്‍ഥികളാണ് ഈ മേഖലകളില്‍ നിന്ന് ആര്‍എംഎസ്എ സ്കൂളുകളില്‍ എത്തുന്നത്.

എന്നാല്‍, ആര്‍എംഎസ്എ സ്കൂളുകളില്‍ ഇവര്‍ക്ക് ഈ വിഷയങ്ങള്‍ പഠിക്കാനുള്ള അവസരവും ഇല്ലാത്ത സ്ഥിതിയും. മറ്റുവിഷയങ്ങള്‍ക്കായി നിയമിക്കപ്പെട്ട അധ്യാപകരാണ് അധികമായി ഇംഗ്ളീഷ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പഠിപ്പിക്കുന്നത്. ഇതോടെ അധ്യാപകരുടെ ജോലിഭാരവും ഏറെയാണ്.

ആര്‍എംഎസ്എ സ്കൂളുകളിലെ ജീവനക്കാരുടെ വേതനം നേരിട്ടു ട്രഷറിയിലൂടെ ലഭ്യമാക്കണമെന്ന ആവശ്യത്തിനും നാളിതുവരെയായി നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. സംസ്ഥാനത്ത് ആര്‍എംഎസ്എ സ്കൂളുകളുടെ പ്രവര്‍ത്തനം കടുത്ത പ്രതിസന്ധിക്കു നടുവിലുമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.