മാര്‍ത്തോമ്മാ സഭയ്ക്ക് 96 കോടിയുടെ ബജറ്റ്
Thursday, September 3, 2015 12:52 AM IST
തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ 2015-16 വര്‍ഷത്തെ ബജറ്റില്‍ 96,17,13,660.50 രൂപ വരവും 35,44,70,000 രൂപ ചെലവും 60,77,43,660.50 നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ഇന്നലെ നടന്ന സഭാ പ്രതിനിധി മണ്ഡലത്തില്‍ അത്മായ ട്രസ്റി പ്രകാശ് പി. തോമസ് അവതരിപ്പിച്ചു.

സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയ ബജറ്റില്‍ മെട്രോപ്പോലീറ്റന്‍ ഫണ്ട് ഭവനപദ്ധതിക്കായി ഒരു കോടി രൂപയും ഉത്താരാഖണ്ഡില്‍ ഉണ്ടായ പ്രകൃതി ക്ഷോഭത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പുനരുദ്ധാരണത്തിനായി നീക്കിവച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന യുവതികളുടെ വിവാഹ സഹായധനമായി ആറു ലക്ഷം രൂപയും വകയിരുത്തി. കുടുംബ ശാക്തീകരണ പദ്ധതിക്കായി രണ്ടു ലക്ഷം, പ്രീ മാരിറ്റിക്കല്‍ ആന്‍ഡ് ഫാമിലി കൌണ്‍സിലിംഗ് 1.5 ലക്ഷം, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ നിര്‍മാര്‍ജനത്തിനും ബോധവത്കരണത്തിനുമായി അഞ്ചു ലക്ഷം, നിരാലംബരായ രോഗികളുടെ സംരക്ഷണത്തിനായി ഒരു ലക്ഷം, പരിസ്ഥിതി സംരക്ഷണത്തിനു നാലു ലക്ഷം രൂപയും ബജറ്റില്‍ വക കൊള്ളിച്ചിട്ടുണ്ട്.


പ്രൈമറി സ്കൂളുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു ലക്ഷം, പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 4.75 ലക്ഷം, വിദ്യാഭ്യാസ മേഖലകള്‍ക്കായി 25 ലക്ഷം, സ്നേഹകരം പദ്ധതിക്കായി 70 ലക്ഷം, ബാലവാടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ലക്ഷം, ഭദ്രാസന ശ്രുശ്രൂഷകരുടെ ക്ഷേമ പ്രവര്‍ത്തനത്തിന് അഞ്ചു ലക്ഷം, പൊതുഭരണ പ്രവര്‍ത്തനങ്ങള്‍ക്കായി 41.8 ലക്ഷം രൂപ എന്നിവയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാലിന്യ നിര്‍മാര്‍ജനത്തിനും ജൈവ കൃഷിക്കുമായി നാലു ലക്ഷം, വിജിഎം ഹാള്‍ നവീകരണത്തിന് 18.5 ലക്ഷം, പുലാത്തീന്‍ നവീകരണം 16 ലക്ഷം, റസിഡന്റ്ഷ്യല്‍ കോംപ്ളക്സ് റൂഫിംഗ് 12 ലക്ഷം, ഐഒബിക്കു സമീപം എംടി ബില്‍ഡിംഗ് നിര്‍മാണത്തിന് 10 ലക്ഷം തുടങ്ങിയ പദ്ധതികള്‍ക്കായും തുക വകയിരുത്തിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.