വിഎസ് ശിഖണ്ഡിയും സുധീരന്‍ നികൃഷ്ടജീവിയും: വെള്ളാപ്പള്ളി
വിഎസ് ശിഖണ്ഡിയും സുധീരന്‍ നികൃഷ്ടജീവിയും: വെള്ളാപ്പള്ളി
Monday, October 5, 2015 12:58 AM IST
അടിമാലി: വി.എസ്. ശിഖണ്ഡിയും സുധീരന്‍ നികൃഷ്ട ജീവിയുമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. അടിമാലിയില്‍ എസ്എന്‍ഡിപി ജില്ലാ നേത്യയോഗം ഉദ്ഘാടനംചെയ്യവേയാണു കേരളത്തിലെ ഇടതു വലതു നേതാക്കളെ കടുത്ത ഭാഷയില്‍ വെള്ളാപ്പള്ളി വിമര്‍ശിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ തന്നെ ഇരുമുന്നണികളും സംഘടിതമായി ആക്രമിക്കുകയാണ്. ഭൂരിപക്ഷ സമുദായം ഒന്നായാല്‍ ദോഷമാകുമെന്ന തിരിച്ചറിവാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ തന്നെയും സമുദായത്തെയും ആക്രമിക്കുന്നതിന് ഇറക്കിവിട്ടിരിക്കുന്ന പോരുകോഴിയാണു വിഎസ്. 1964 മുതല്‍ വിഎസിനു തന്നോട് അടുപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പുകളിലും അല്ലാതെയും വിഎസ് ആവശ്യപ്പെട്ടപ്പോള്‍ സംഭാവനകളും സഹായങ്ങളും നല്‍കിയിരുന്നെന്നും അദ്ദേഹം ആരോപിച്ചു. വായ്പ വാങ്ങിയ പണം തിരിച്ചു നല്‍കിയിട്ടുണ്െടന്നും വെള്ളാപ്പള്ളി പറഞ്ഞു. ഗുരുദേവനെ ആണിയടിച്ചു കുരിശില്‍ തറച്ച് അവഹേളിച്ചവര്‍ ശിവഗിരിയിലടക്കം കറിയിറങ്ങി ഭക്തി അഭിനയിക്കുകയാണെന്നും ഇത് ഈഴവ വോട്ടു ലക്ഷ്യമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയെകുറിച്ചു തനിക്ക് ഒത്തിരി പറയാനുണ്െടന്നും തന്റെ മാന്യത അതിന് അനുവദിക്കുന്നില്ലെന്നും പറഞ്ഞു. വിഴിഞ്ഞം പദ്ധതിക്കെതിരേ രൂക്ഷമായ പ്രതിഷേധവുമായി രംഗത്തുവന്ന വിഎസ് ഇപ്പോള്‍ അദാനി ഗ്രൂപ്പിനെതിരേ മിണ്ടാത്തതു കമ്മീഷന്‍ വാങ്ങിയിട്ടാണോയെന്നു വെള്ളാപ്പള്ളി ചോദിച്ചു. കോണ്‍ഗ്രസുകാര്‍ക്കുപോലും വേണ്ടാത്ത നികൃഷ്ട ജീവിയാണു കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. കോണ്‍ഗ്രസുകാരെ തമ്മില്‍ തല്ലിച്ചു ചോരകുടിക്കാനാണു സുധീരന്‍ ശ്രമിക്കുന്നത്. എന്‍എസ്എസ് കരയോഗങ്ങള്‍ക്കുപോലും ഇപ്പോള്‍ നേതൃത്വത്തെ വേണ്ടാത്ത അവസ്ഥയാണ്. ഇത്തരക്കാരെ യോജിപ്പിച്ചു ഹിന്ദുകൂട്ടായ്മയ്ക്കു നേത്യത്വം നല്‍കും. സമുദായത്തിനു അര്‍ഹതപ്പെട്ടതു നേടാന്‍ അധികാരം വേണമെന്നതാണു തന്റെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.

അടുത്ത തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൌണ്ട് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈഴവര്‍ മെംബര്‍ഷിപ്പുള്ള പാര്‍ട്ടിയില്‍ അവരുടെ ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്നും അല്ലാത്തവര്‍ സ്വതന്ത്രമായി മത്സരിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുന്നോക്ക സമുദായങ്ങളെ പങ്കെടുപ്പിച്ചു സംസ്ഥാന തലത്തില്‍ വാഹനപ്രചാരണ ജാഥ നടത്തും. നവംബര്‍ 23നു കാസര്‍ഗോഡ്നിന്ന് ആരംഭിക്കുന്ന ജാഥ ഡിസംബര്‍ അഞ്ചിനു തിരുവനന്തപുരത്ത് സമാപിക്കും. യോഗത്തില്‍ ചെമ്പന്‍കുളം ഗോപി വൈദ്യന്‍ അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.