തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സെമിഫൈനല്‍: എ.കെ. ആന്റണി
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സെമിഫൈനല്‍: എ.കെ. ആന്റണി
Monday, October 5, 2015 1:03 AM IST
ഹരിപ്പാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലാണു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പെന്നു കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം എ.കെ. ആന്റണി. മുന്‍ കെപിസിസി പ്രസിഡന്റും സ്വാതന്ത്യ്രസമര സേനാനിയുമായിരുന്ന എ.പി. ഉദയഭാനുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങള്‍ ഹരിപ്പാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു ആന്റണി.

വര്‍ഗീയശക്തികള്‍ക്കു കേരളത്തില്‍ വേരോടാന്‍ കഴിയില്ല.നാമെന്തു കഴിക്കണം, എങ്ങനെ വസ്ത്രം ധരിക്കണം എന്നുള്ളതുപോലും മറ്റുള്ളവര്‍ തീരുമാനിക്കുന്ന കാലത്തില്‍ കേരളം ഇത്തരം ശക്തികള്‍ക്കു ഒരിക്കലും പിടികൊടുക്കില്ലെന്നും ആന്റണി പറഞ്ഞു. വിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്തന്മാരുടെ നാടിനെ തിരിച്ചുകൊണ്ടുവരാനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരേ നാം സദാ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീനാരായണ ഗുരു പറഞ്ഞ 'ഒരു ജാതി ഒരു മതം ഒരു ദൈവം മുനഷ്യന്' എന്ന ആപ്തവാക്യത്തിന്റെ അലയടികള്‍ തങ്ങിനില്‍ക്കുന്ന ഈ മണ്ണില്‍ രാജ്യത്തെ ഭ്രാന്താലയമാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ വേരൂന്നാന്‍ അനുവദിക്കരുത്.


ഗാന്ധിജിയുടെയും നെഹ്റുവിന്റെയും നാനാത്വത്തില്‍ ഏകത്വം എന്ന ആശയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണം- ആന്റണി പറഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അധ്യക്ഷനായിരുന്നു. കെ.സി. വേണുഗോപാല്‍ എംപി, ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍, സി.ആര്‍. ജയപ്രകാശ്, ജോണ്‍സണ്‍ ഏബ്രഹാം, ബാബുപ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.