ദൈവിക തേജസ് ഓര്‍മയായിട്ട് 21 വര്‍ഷങ്ങള്‍
ദൈവിക തേജസ് ഓര്‍മയായിട്ട് 21 വര്‍ഷങ്ങള്‍
Saturday, October 10, 2015 1:32 AM IST
ഫാ. ബോവസ് മാത്യു

ആര്‍ച്ച്ബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനി ഓര്‍മയായിട്ട് ഇന്ന് 21 വര്‍ഷം പൂര്‍ത്തിയാകുന്നു. ദീപ്തമായ ആ ഓര്‍മയില്‍ നിറഞ്ഞുവരുന്നതു ദൈവികശോഭയില്‍ തിളങ്ങുന്ന ആ മുഖമാണ്. ദൈവിക സന്തോഷം താന്‍ കണ്ടുമുട്ടിയവര്‍ക്കെല്ലാം പകര്‍ന്നു നല്‍കിയ അനന്തപുരിയുടെ ആത്മീയ തേജസ് തിരുവനന്തപുരത്തിന്റെ മാത്രമല്ല നാടിന്റെ മുഴുവന്‍ സ്വന്തം പിതാവായിരുന്നു.

നീണ്ട 41 വര്‍ഷം മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ച്ബിഷപ്പും തിരുവനന്തപുരം അതിരൂപതാധ്യക്ഷനുമായിരുന്ന ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് മലങ്കര പുന രൈക്യ പ്രസ്ഥാനത്തിന്റെ ശില്പി മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ആത്മീയ തേജ സിലും വ്യക്തിപ്രഭാവത്തിലും ആകൃഷ്ടനായി ബഥനി ആശ്രമത്തില്‍ ചേര്‍ന്നു. 1944-ല്‍ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. 1946 മുതല്‍ 1949 വരെ തൃശിനാപ്പള്ളി സെന്റ് ജോസഫ്സ് കോളജില്‍ പഠിച്ചു. ധനതത്വശാസ്ത്രത്തില്‍ റാങ്കോടെ ബിരുദം നേടി തിരിച്ചെത്തിയ ബനഡിക്ടച്ചന്‍ ആ വര്‍ഷം ആരംഭിച്ച മാര്‍ ഈവാനിയോസ് കോളജിന്റെ പ്രഥമ പ്രിന്‍സിപ്പലായി നിയമിക്കപ്പെട്ടു.

1953-ല്‍ മാര്‍ ഈവാനിയോസ് തിരുമേനി രോഗശയ്യയിലായിരിക്കുമ്പോള്‍ തന്റെ പിന്‍ഗാമിയായി മുപ്പത്തേഴുകാരനായ ബനഡിക്ടച്ചനെ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് എന്ന പേരില്‍ മെത്രാനായി അഭിഷേകം ചെയ്തു. 1955-ല്‍ തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പും മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ മെത്രാപ്പോലീത്തന്‍ ആര്‍ച്ച്ബിഷപ്പുമായി നിയമിക്കപ്പെട്ടു. നീണ്ട 41 വര്‍ഷ കാലയളവില്‍ അനേകം ദൈവാലയങ്ങളും വിദ്യാഭ്യാസസ്ഥാപന ങ്ങളും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും സ്ഥാപിക്കപ്പെട്ടു.

ഒരു സന്ന്യാസി എന്ന നിലയില്‍ ദൈവത്തിനും മനുഷ്യനുമായി സമ്പൂര്‍ണമായി സമര്‍പ്പിക്കപ്പെട്ട വ്യക്തിയായിരുന്നു ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനി. എന്നാല്‍, അദ്ദേഹത്തിന്റെ സമര്‍പ്പണം സാമൂഹികമായ ഇടപെട ലുകളിലൂടെ വലിയ മുന്നേറ്റങ്ങള്‍ക്കു തുടക്കം കുറിച്ചു. പട്ടിണിയും ദാരിദ്യ്രവും അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിട്ടുള്ള കാര്യങ്ങളാണ്. അദ്ദേഹത്തിന്റെ ചിന്തയില്‍ അവയ്ക്കൊരു പരിഹാരം കണ്െടത്തുകയെന്ന ആഗ്രഹം സജീവമായിരുന്നു.

പാവങ്ങളുടെ പക്ഷം ചേര്‍ന്നു നടന്ന ഇടയന്‍ നടപ്പില്‍ കാര്യങ്ങള്‍ തീര്‍ത്തില്ല. പ്രസംഗങ്ങളില്‍ ആത്മസംതൃപ്തി തേടിയില്ല. എപ്പോ ഴും പ്രവര്‍ത്തനനിരതമായിരുന്നു ആ ജീവിതം. ദാരിദ്യ്രത്തിനും വിശപ്പിനും അറുതിവരുത്താന്‍ കഠിനാധ്വാനം ചെയ്തു. കൃഷിയാണ് അതിനേറ്റവും എളുപ്പമുള്ള മാര്‍ഗമെന്ന് അദ്ദേഹം അടിയുറച്ചു വിശ്വസിച്ചു. കൃഷിയെ പ്രോല്‍സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും തന്റെ ജീവിതം വ്യയം ചെയ്തു. പുതിയ കൃഷിസമ്പ്രദായങ്ങള്‍, അത്യുല്‍പ്പാദനശേഷിയുള്ള വിത്തിനങ്ങള്‍, പ്രകൃതിക്കിണങ്ങിയ പുതിയതരം വൃക്ഷത്തൈകള്‍ ഇവയെല്ലാം തന്റെ സഭാ നേതൃത്വശുശ്രൂഷയുടെ ഭാഗമാക്കി അദ്ദേഹം മനുഷ്യര്‍ക്കു നന്മചെയ്തു നടന്നുനീങ്ങി. തൊഴില്‍ സംരംഭങ്ങള്‍ കൂടുതല്‍ ആരംഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. തിരുവനന്തപുരത്തും മറ്റു സ്ഥലങ്ങളിലും ആരംഭിച്ച സ്ഥാപനങ്ങള്‍ ആ കാലത്ത് അനേകര്‍ക്ക് അത്താണിയായി.


മനുഷ്യബന്ധങ്ങളുടെ ശുശ്രൂഷകനായിരുന്നു തിരുമേനി. പൂന്തുറയിലും ചാലയിലും കലാപങ്ങള്‍ ഉണ്ടായപ്പോള്‍ അനേകം ബറ്റാലിയന്‍ സൈനികരെ ഇറക്കേണ്ടിയിരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് സര്‍ക്കാരിന്റെ മുന്നില്‍ തിരുമേനിയല്ലാതെ മറ്റൊരു മാര്‍ഗമില്ലായിരുന്നു. കലാപഭൂമിയിലേക്കു തിരുമേനിയെയാണ് അയച്ചത്. പ്രശ്നബാധിത പ്രദേശങ്ങളിലെത്തിയ അദ്ദേഹം വളരെ ലളിത മായി കാര്യങ്ങള്‍ പരിഹരിച്ചു. നിലയ്ക്കല്‍ പ്രശ്നത്തിലും ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ നാടകത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടും തിരുമേനി നടത്തിയ ഇടപെടലുകളും കൊടുത്ത നേതൃത്വവും ആര്‍ക്കും വിസ്മരിക്കാനാവില്ല. ഇന്നു നമ്മുടെ പൊതുസമൂഹം സാമുദായികമായും മതപരമായും മറ്റു പ്രത്യയശാസ്ത്രങ്ങളുടെ പേരിലും വല്ലാതെ അകലുമ്പോള്‍ നാമെല്ലാവരും ആഗ്രഹിക്കുന്ന ഒരു സാന്നിധ്യമാണ് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടേത്. അനേകായിരം മനുഷ്യര്‍ക്ക് അവരുടെ ജീവിതത്തില്‍ ദിശാബോധം നല്‍കിയ കര്‍മയോഗിയാണ് അദ്ദേഹം.

ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് വിശുദ്ധിയുടെ ആള്‍രൂപമായിരുന്നു. അനേകരിലേക്ക് ആ വിശുദ്ധി അദ്ദേഹം പ്രസരിപ്പിച്ചു. നമുക്കു നല്ല വര്‍ത്തമാനം പറഞ്ഞും കര്‍മശേഷികൊണ്ടും സന്തോഷം പകരുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍, ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനി പകര്‍ന്നുകൊടുത്തതു സുവിശേഷത്തിന്റെ ആനന്ദമാണ്. ദൈവസ്നേഹത്തിന്റെ നേര്‍ക്കാഴ്ചകളുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും. ആഴമായ പ്രാര്‍ഥനയുടെയും പരിത്യാഗത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച അദ്ദേഹം എത്ര ദീര്‍ഘമായ യാത്രകള്‍ കഴിഞ്ഞുവന്നാലും ദിവ്യകാരുണ്യ സന്നിധിയില്‍ ദീര്‍ഘമായി പ്രാര്‍ഥിച്ചിരുന്നു. ആര്‍ഭാടങ്ങളില്ലാത്ത ശാന്തമായ ജീവിതം, ലാളിത്യം ആ ജീവിതത്തിന്റെ മുഖമുദ്രയായിരുന്നു.

ഒരു ക്രൈസ്തവ മതമേലധ്യക്ഷന്‍ ഇടപെടേണ്ടതായിരുന്നോ ഇതെല്ലാം എന്നു ചോദിക്കുന്നവ രുടെ മുന്നില്‍ നമുക്കു പറയാന്‍ ഒന്നേയുള്ളൂ. തന്നെ ഏല്‍പ്പിച്ചിരിക്കുന്ന ജനത്തിന്റെ ആത്മീയമായ ശുശ്രൂഷകള്‍ക്കുപരി സകലജ നത്തിന്റെയും നന്മയിലും വളര്‍ച്ചയിലും അദ്ദേഹം വിശ്വസിച്ചു. അവര്‍ക്കുവേണ്ടിയുള്ള ശുശ്രൂഷകളില്‍ ആനന്ദം കണ്െടത്തി. സ്വാര്‍ഥതയും സ്വന്തം താത്പര്യങ്ങളും പൊതുസമൂഹത്തില്‍ കൊടികുത്തി വാഴുമ്പോള്‍ തിരുമേനി ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ നാം പുനഃസ്ഥാപിക്കണം. ദൈവവിശ്വാസത്തില്‍ അടിയുറച്ച, ആഴമായ ദൈവസ്നേഹത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും ഉദാത്തമായ ജീവിതമാതൃക നമ്മുടെ മുന്നില്‍ അവശേഷിപ്പിച്ചാണു ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനി യാത്രയായിരിക്കുന്നത്.

(മലങ്കര സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടറാണു ലേഖകന്‍)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.