കാരായിമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
കാരായിമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
Tuesday, October 13, 2015 12:39 AM IST
കണ്ണൂര്‍: ഫസല്‍വധക്കേസ് പ്രതികളും സിപിഎം നേതാക്കളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാജന്‍ ജില്ലാ പഞ്ചായത്ത് പാട്യം ഡിവിഷനില്‍നിന്നും ചന്ദ്രശേഖരന്‍ തലശേരി നഗരസഭയിലെ ചെള്ളക്കര വാര്‍ഡില്‍നിന്നുമാണു ജനവിധി തേടുന്നത്. സിപിഎം നേതാക്കള്‍ക്കൊപ്പം കളക്ടറേറ്റിലെത്തി കളക്ടര്‍ പി. ബാലകിരണ്‍ മുമ്പാകെയാണു രാജന്‍ പത്രിക സമര്‍പ്പിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് കെ. ലീലയാണു ഡമ്മി സ്ഥാനാര്‍ഥി.

സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍, കെ.പി. സഹദേവന്‍, കെ.കെ. നാരായണന്‍ എംഎല്‍എ, പനോളി വത്സന്‍, എം.സി. പവിത്രന്‍, സിപിഐ ജില്ലാ അസി.സെക്രട്ടറി എ. പ്രദീപന്‍ എന്നിവര്‍ രാജനൊപ്പമുണ്ടായിരുന്നു. പത്രിക സമര്‍പ്പിക്കും മുമ്പു കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തില്‍ രാജന്‍ പുഷ്പാര്‍ച്ചന നടത്തി. ജില്ലാ പഞ്ചായത്തില്‍ മത്സരിക്കുന്ന സിപിഎമ്മിന്റെ മറ്റൊരു സ്ഥാനാര്‍ഥി പി.പി. ദിവ്യയും ഇന്നലെ പത്രിക സമര്‍പ്പിച്ചു.

കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കൊപ്പം തലശേരി നഗരസഭാ ഓഫീസിലെത്തിയാണു പത്രിക നല്‍കിയത്. പത്രിക സമര്‍പ്പിച്ചശേഷം ഇരുവരും തങ്ങളുടെ വാര്‍ഡുകളില്‍ വോട്ടുതേടി ഗൃഹസന്ദര്‍ശനം നടത്തി. ജാമ്യവ്യവസ്ഥപ്രകാരം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കുള്ള ഇരുവരും സിബിഐ പ്രത്യേകകോടതിയില്‍നിന്ന് അനുമതി നേടി കൊച്ചിയില്‍നിന്നു ഞായറാഴ്ചയാണു പത്രിക നല്‍കാനെത്തിയത്. ഇന്നു രാവിലെ ഇവര്‍ക്കു കോടതിയില്‍ ഹാജരാകണം. പ്രചാരണ അനുമതിക്കായി ഇവര്‍ വീണ്ടും കോടതിയെ സമീപിക്കും.

മനോജ് വധക്കേസ് പ്രതികള്‍ മത്സരത്തില്‍നിന്നു പിന്‍മാറി

തലശേരി: ആര്‍എസ്എസ് നേതാവ് കിഴക്കേകതിരൂരിലെ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പ്രകാശന്‍, എ. രാമചന്ദ്രന്‍ എന്നിവര്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്നു പിന്‍മാറി. മത്സരിക്കാനുള്ള അനുമതി തേടി ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. ഇരുവരെയും പാട്യം പഞ്ചായത്തിലേക്കു മത്സരിപ്പിക്കാനായിരുന്നു സിപിഎം ആലോചിച്ചിരുന്നത്. ജാമ്യവ്യവസ്ഥപ്രകാരം കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കുള്ള ഇരുവരും മത്സരിക്കാന്‍ അനുമതി ആവശ്യപ്പെട്ടു തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ അഡ്വ. കെ. വിശ്വന്‍ മുഖാന്തിരം സമര്‍പ്പിച്ച ഹര്‍ജി ഇന്നലെ രാവിലെ പിന്‍വലിക്കുകയായിരുന്നു.

ഫസല്‍വധക്കേസ് പ്രതികള്‍ക്കു പുറമെ മനോജ് വധക്കേസ് പ്രതികളെയും മത്സരിപ്പിക്കാനുള്ള സിപിഎം തീരുമാനത്തിനെതിരേയുയര്‍ന്ന പ്രതികരണങ്ങള്‍ കണക്കിലെടുത്ത് പാര്‍ട്ടിനേതൃത്വം ഇരുവരെയും പിന്‍വലിക്കുകയായിരുന്നുവെന്നു കരുതുന്നു. അതേസമയം മനോജ് വധക്കേസില്‍ കുറ്റാരോപിതരായവരെ മത്സരിപ്പിക്കുന്നതിനെക്കുറിച്ചു പാര്‍ട്ടി ആലോചിച്ചിരുന്നില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പറഞ്ഞു.


എന്നാല്‍, കുറ്റാരോപിതരായ ഇരുവരും മത്സരിക്കാന്‍ കോടതിയുടെ അനുമതി തേടിയിരുന്നല്ലോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു ജയരാജന്‍ വ്യക്തമായ മറുപടി നല്‍കിയില്ല.

ഫസലിന്റെ വിധവയും മത്സരരംഗത്ത്

തലശേരി: കൊല്ലപ്പെട്ട എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിന്റെ വിധവ സെയ്ദാര്‍പള്ളി അച്ചാരത്ത് റോഡിലെ മറിയം എസ്ഡിപിഐ സ്ഥാനാര്‍ഥിയായി തലശേരി നഗരസഭയിലെ കൈവട്ടം വാര്‍ഡില്‍ മത്സരിക്കും. ഫസല്‍വധക്കേസിലെ പ്രതികളായ കാരായി രാജന്‍ ജില്ലാ പഞ്ചായത്തിലേക്ക് പാട്യം ഡിവിഷനില്‍നിന്നും കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭയിലേക്കു ചെള്ളക്കര വാര്‍ഡില്‍നിന്നും ജനവിധി തേടുന്നതിനിടെയാണു ഫസലിന്റെ വിധവയും മത്സരിക്കുന്നത്. ഇടതുമുന്നണി സ്വതന്ത്രയായ ഐറിന്‍ സ്റ്റീഫനെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്. മറിയം ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണു ഫസല്‍ വധക്കേസ് സിബിഐ അന്വേഷിച്ചതും കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും പ്രതികളാക്കി അറസ്റ് ചെയ്തതും.

മത്സരം ഇവര്‍ക്കു കുടുംബകാര്യം

തലശേരി: തലശേരി നഗരസഭാ തെരഞ്ഞെടുപ്പില്‍ ഒരു കുടുംബത്തില്‍നിന്ന് ഒന്നിലധികം പേര്‍ മത്സരരംഗത്ത്. സിപിഐ ടൌണ്‍ ബ്രാഞ്ച് കമ്മിറ്റി അംഗവും പുന്നോല്‍ സൌഹൃദവേദിയുടെ ജനറല്‍ സെക്രട്ടറിയുമായ എം. പ്രേമാനന്ദന്റെ ഭാര്യ രേഷ്മ തിരുവങ്ങാട് വാര്‍ഡില്‍നിന്നു സിപിഐ സ്ഥാനാര്‍ഥിയായി ജനവിധി തേടുമ്പോള്‍ സഹോദരി എം.പി. നീമ സിപിഎം സ്ഥാനാര്‍ഥിയായി കോടിയേരി വാര്‍ഡില്‍ മത്സരിക്കും. പ്രേമാനന്ദന്‍ കഴിഞ്ഞ തവണ മത്സരിച്ച വാര്‍ഡാണ് തിരുവങ്ങാട്. ഭര്‍ത്താവ് മത്സരിച്ച വാര്‍ഡില്‍ ഇത്തവണ ഭാര്യ അങ്കത്തിനെത്തുന്നുവെന്ന പ്രത്യേകതയും തിരുവങ്ങാടിനുണ്ട്. സിപിഎം തലശേരി ഏരിയാ കമ്മിറ്റി അംഗം വാഴയില്‍ വാസു മോറക്കുന്ന് വാര്‍ഡില്‍നിന്നും വാസുവിന്റെ സഹോദരി വാഴയില്‍ ലക്ഷ്മി സിപിഐ സ്ഥാനാര്‍ഥിയായി തൊട്ടടുത്ത ചിറക്കര വാര്‍ഡില്‍നിന്നും ജനവിധി തേടും.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വധഭീഷണി

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ അടുത്തില വണ്ണാംതടം അഞ്ചാംവാര്‍ഡ് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ ഷൈനിക്കുനേരേ വധഭീഷണി. കഴിഞ്ഞദിവസം രാത്രി അടുത്തില, രാമപുരം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നെത്തിയ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് വീട്ടില്‍കയറി ഭീഷണിപ്പെടുത്തിയതെന്നു പഴയങ്ങാടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഇന്നു നോമിനേഷന്‍ കൊടുക്കാനിരിക്കെയാണു ഭീഷണി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം അട്ടിമറിക്കാനുള്ള സിപിഎം ഗൂഢനീക്കത്തില്‍ കാസര്‍ഗോഡ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി പി. സനില്‍ പ്രതിഷേധിച്ചു. വിജയസാധ്യതയുള്ള വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള ഏതു ശ്രമവും ചെറുത്തു തോല്‍പ്പിക്കുമെന്നു മാടായി ബ്ളോക്ക് പ്രസിഡന്റ് പി.പി. കരുണാകരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.