റാന്നിയിലും അടൂരിലും കോണ്‍ഗ്രസിനുണ്ടായ പരാജയം: കാലുവാരലെന്നു കുറ്റസമ്മതം
Wednesday, November 25, 2015 12:45 AM IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ അടൂര്‍, റാന്നി നിയോജകമണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനുണ്ടായ ദയനീയ പരാജയത്തിനു കാരണം കോണ്‍ഗ്രസിനുള്ളില്‍ തന്നെയുണ്ടായ കാലുവാരല്‍ ആണെന്നു ഡിസിസി ഭാരവാഹികളുടെ കുറ്റസമ്മതം. തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനം വിലയിരുത്തുന്നതിനായി കെപിസിസി വിളിച്ചുചേര്‍ച്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് ജില്ലാ നേതാക്കള്‍ തന്നെ ഈ കുറ്റസമ്മതം നടത്തിയത്.

അടൂര്‍, റാന്നി നിയോജകണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക കമ്മിറ്റികളുടെ പ്രവര്‍ത്തനം ഏറെ നിര്‍ജീവമാണ്. ഇതിനിടയില്‍ ഗ്രൂപ്പ് തിരിഞ്ഞു കാലുവാരല്‍കൂടി നടന്നതോടെയാണ് വന്‍പരാജയത്തിനു കാരണമായത്. ഈ രണ്ടു നിയോജക മണ്ഡലങ്ങളിലും നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ താന്‍ തന്നെ മുന്‍കൈ എടുത്തുകൊള്ളാമെന്നു ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ് പാര്‍ട്ടി നേതാക്കളെ അറിയിച്ചു.

നിഷ്ക്രിയമായുള്ള പ്രാദേശിക കമ്മിറ്റികള്‍ പിരിച്ചുവിടുന്നതിനുള്ള അനുമതി കെപിസിസി നല്കണമെന്നു ഗ്രൂപ്പ് വ്യത്യാസമില്ലാതെ ജില്ലയില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു.

ഹിന്ദുവോട്ടുകള്‍ ബിജെപിയിലേക്കു പോകുന്നത് തടയുന്നതിനായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ആവശ്യവും ജില്ലാ നേതാക്കള്‍ ഉന്നയിച്ചു. മന്ത്രി അടൂര്‍ പ്രകാശ്, കെ. ശിവദാസന്‍ നായര്‍ എംഎല്‍എ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തെങ്കിലും അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയില്ല.

കോഴിക്കോട് ജില്ലയില്‍ കോര്‍പറേഷനില്‍ ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നതെന്നും എന്നാല്‍, തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ഉണ്ടായ പിന്നോട്ടുപോക്കാണ് ഏറെ ദയനീയമായ പരാജയത്തിനു കാരണമെന്നും ഡിസിസി ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

ജനതാദള്‍ -യു യുഡിഎഫില്‍ ഉണ്ടായിട്ടും കോഴിക്കോട് ജില്ലയില്‍ ഉണ്ടായ പരാജയത്തില്‍ നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സംഘടനാ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന അഭിപ്രായമാണ് ജില്ലാ ഭാരവാഹികള്‍ മുന്നോട്ടുവച്ചത്.

മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസും ലീഗും തമ്മിലുള്ള പരസ്പര മത്സരം കോണ്‍ഗ്രസിനുണ്ടാക്കിയ നഷ്ടത്തെക്കുറിച്ച് ചില ഭാരവാഹികള്‍ ചര്‍ച്ച ചെയ്തു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജില്ലാ പ്രസിഡന്റ് രാജി സമര്‍പ്പിച്ച പശ്്ചാത്തലത്തില്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ഉണ്ടായില്ല. പാലക്കാട്, തൃശൂര്‍ ജില്ലകളുടെ ഭാരവാഹികളുമായും ഇന്നലെ ചര്‍ച്ച നടത്തി. ബാക്കിയുള്ള ജില്ലകളിലെ ഭാരവാഹികളുമായി ഇന്നും നാളെയുമായും ചര്‍ച്ച നടത്തും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.