ഉപവാസസമരം കെടുകാര്യസ്ഥതയ്ക്കുള്ള താക്കീതാകുമെന്നു ടീച്ചേഴ്സ് ഗില്‍ഡ്
Wednesday, November 25, 2015 12:54 AM IST
കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പ് നാലര വര്‍ഷമായി തുടരുന്ന കെടുകാര്യസ്ഥതയ്ക്കുള്ള ശക്തമായ താക്കീതായി ഡിസംബര്‍ 10, 11 തിയതികളിലെ സെക്രട്ടേറിയറ്റ് ഉപവാസസമരം മാറുമെന്നു കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സമിതി.

യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നൂറുദിന പരിപാടിയുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട അധ്യാപക പാക്കേജിന്റെ അനിശ്ചിതാവസ്ഥ അവസാനിപ്പിക്കാന്‍ മതമേലധ്യക്ഷന്മാര്‍ അടക്കമുള്ളവര്‍ പട്ടിണിസമരം നടത്തേണ്ടി വരുന്നത് ഒരു ജനകീയ സര്‍ക്കാരിനും ഭൂഷണമല്ലെന്നും യോഗം ചൂണ്ടിക്കാട്ടി. പൊതുവിദ്യാഭ്യാസരംഗത്തെ വര്‍ഷങ്ങളായുള്ള പ്രശ്നങ്ങള്‍ക്കു പരിഹാരം ആവശ്യപ്പെട്ട് ഡിസംബര്‍ ഒന്നിലെ പ്രതിഷേധദിനാചരണവും ഡിസംബര്‍ 10,11 തിയതികളിലെ ഉപവാസവും വന്‍ വിജയമാക്കാന്‍ യോഗം തീരുമാനിച്ചു.

ഡിസംബര്‍ ഒന്നിനു പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി അധ്യാപകര്‍ ബാഡ്ജ് ധരിച്ചാണു ക്ളാസുകളില്‍ എത്തുക. പ്രതിഷേധ യോഗങ്ങളും സംഘടിപ്പിക്കും. മനുഷ്യവകാശദിനമായ ഡിസംബര്‍ പത്തിന് സെക്രട്ടേറിയറ്റിനു മുമ്പില്‍ ടീച്ചേഴ്സ് ഗില്‍ഡ് സംസഥാന ഭാരവാഹികള്‍ ദ്വിദിന ഉപവാസ സമരം ആരംഭിക്കും. തൊട്ടടുത്ത ദിവസം താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയലിന്റെ നേതൃത്വത്തില്‍ ആയിരക്കണക്കിന് അധ്യാപകര്‍ ഉപവാസസമരത്തില്‍ ചേരും.


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകര്‍ സമരത്തില്‍ പങ്കെടുക്കും. വിദ്യാഭ്യാസരംഗത്തെ ഇന്നത്തെ സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമര പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിന് സംസ്ഥാനത്തെ എല്ലാ രൂപതകളിലും ഈ മാസം 27നും 28നും കോര്‍പറേറ്റ് മാനേജര്‍മാരുടെയും അധ്യാപകരുടെയും സംയുക്ത യോഗം ചേരാനും ഗില്‍ഡ് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.

പ്രസിഡന്റ് ജോഷി വടക്കന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ജനറല്‍ സെക്രട്ടറി സാലു പതാലില്‍, എം.എല്‍ സേവ്യര്‍, പോള്‍ ജെയിംസ്, ജെ. മരിയദാസ്, സി.ടി. വര്‍ഗീസ്, സിസ്റര്‍ ആല്‍ഫി, ജെസി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.