വിദേശ മലയാളികളില്‍നിന്ന് 80 ലക്ഷം തട്ടിയ കേസില്‍ എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ അറസ്റില്‍
Saturday, November 28, 2015 12:25 AM IST
തൊടുപുഴ: വസ്തുക്കച്ചവടത്തിന്റെ മറവില്‍ വിദേശ മലയാളികളായ ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് 80 ലക്ഷം തട്ടിയെടുത്ത കേസില്‍ എക്സൈസ് അസി. ഇന്‍സ്പെക്ടര്‍ അറസ്റില്‍. പൈനാവ് എക്സൈസ് ഡിവിഷന്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസറായ തൊടുപുഴ തെനംകുന്ന് വാകശേരിക്കല്‍ ഫ്രാന്‍സിസിനെയാണ് (53) ഇടുക്കി ക്രൈം ഡിറ്റാച്ച്മെന്റ് അന്വേഷണ സംഘം അറസ്റ് ചെയ്തത്.

അമേരിക്കയില്‍ ഡോക്ടറായിരുന്ന പരേതനായ ഓണാട്ട് ഇമ്മാനുവേല്‍ ഏബ്രഹാമിന്റെ ഭാര്യ ആശയുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്. ഫ്രാന്‍സിസും ഇമ്മാനുവേല്‍ ഏബ്രഹാമും സൃഹൃത്തുക്കളായിരുന്നു.

കുടുംബസമേതം അമേരിക്കയില്‍ ആയിരുന്നതിനാല്‍ നാട്ടിലുള്ള ചില സ്വത്തിടപാടുകള്‍ നടത്തിയിരുന്നത് ഫ്രാന്‍സിസ് ആയിരുന്നു. കഴിഞ്ഞ മെയ് 15ന് ഏബ്രഹാമിന്റെ അഞ്ചേക്കര്‍ പുരയിടം ഫ്രാന്‍സിസ് ഇടനിലക്കാരനായി നിന്ന് കച്ചവടം നടത്തിയിരുന്നു. ലഭിച്ച തുകയില്‍ നിന്നും 80 ലക്ഷം മുതലക്കോടത്ത് ഏബ്രഹാമിന്റെ പേരില്‍ സ്ഥലവും വീടും വാങ്ങുന്നതിന് ഫ്രാന്‍സിസീന് നല്‍കിയിരുന്നു. ബാങ്കുവഴി ഫ്രാന്‍സിസിന്റെ അക്കൌണ്ടിലേക്കാണ് തുക നല്‍കിയത്. ഇതു കൂടാതെ ഇളംദേശത്തുള്ള 50 സെന്റ് സ്ഥലം ഏബ്രഹാം ഫ്രാന്‍സിസിന്റെ പേരില്‍ എഴുതി നല്‍കുകയും ചെയ്തു.

കഴിഞ്ഞ ഒക്ടോബര്‍ 25 ന് എറണാകുളത്തെ ഫ്ളാറ്റില്‍ വച്ച് ഹൃദയാഘാതത്തെത്തുടര്‍ന്ന് ഏബ്രഹാം മരിച്ചു. ഇതിനുശേഷമാണു വീടും സ്ഥലവും വാങ്ങുന്നതിനായി ഫ്രാന്‍സിസിന് നല്‍കിയ തുകയെക്കുറിച്ച് അന്വേഷിക്കുന്നത്.


ഈ തുക ഉപയോഗിച്ച് ഫ്രാന്‍സിസ് വീടും സ്ഥലവും സ്വന്തം പേരില്‍ വാങ്ങിയതായും അന്വേഷണത്തില്‍ വ്യക്തമായി. ഇതേത്തുടര്‍ന്ന് ആശ എറണാകുളം റേഞ്ച് ഐജി അജിത് കുമാറിന് പരാതി നല്‍കിയിരുന്നു. ഐജിയുടെ നിര്‍ദേശത്തെത്തുടര്‍ന്നു ഇടുക്കി ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ.ഇ. കുര്യന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു കണ്െടത്തിയത്. ചോദ്യം ചെയ്യലില്‍ ഫ്രാന്‍സിസ് തട്ടിപ്പ് സമ്മതിച്ചു.

ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ഫ്രാന്‍സിസിനെ രോഗബാധിതനായതിനാല്‍ ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു. വഞ്ചനാക്കുറ്റത്തിനാണ് ഇയാളുടെ പേരില്‍ കേസെടുത്തിരിക്കുന്നത്. പണം തിരികെ നല്‍കാമെന്ന് ഫ്രാന്‍സിസ് സമ്മതിച്ചതായും പോലീസ് പറഞ്ഞു.

സിഐ മുഹമ്മദ് നിസാര്‍, എസ്ഐമാരായ ശ്രീനിവാസന്‍, ഫിലിപ്പ് ഏലിയാസ്, എഎസ്ഐമാരായ രാധാകൃഷ്ണന്‍, സീനിയര്‍ സിപിഒമാരായ സെല്‍വം സെബാസ്റ്യന്‍, അനില്‍ കുമാര്‍, സിപിഒമാരായ രഞ്ജിത്് ശങ്കര്‍ലാല്‍, അഷറഫ്, സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.