അഴുക്കുചാല്‍ ദുരന്തം: കരാര്‍ കമ്പനിയുടെ മൂന്ന് ഉദ്യോഗസ്ഥര്‍ അറസ്റില്‍
Saturday, November 28, 2015 12:13 AM IST
കോഴിക്കോട്: ഭൂഗര്‍ഭ അഴുക്കുചാലിന്റെ മാന്‍ഹോളില്‍ പരിശോധനയ്ക്കിറങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളും രക്ഷിക്കാനെത്തിയ ഓട്ടോ ഡ്രൈവറും വിഷവാതകം ശ്വസിച്ചു മരിച്ച സംഭവത്തില്‍ കരാര്‍ കമ്പനിയുടെ മൂന്ന് ഉദ്യോഗസ്ഥരെ കസബ പോലീസ് അറസ്റ് ചെയ്തു. ചെന്നൈ ശ്രീറാം ഇപിസി എന്‍ജിനിയറിംഗ് കമ്പനിയുടെ പ്രോജക്ട് മാനേജര്‍ തമിഴ്നാട് തുറവൂര്‍ സൌത്ത് കാര്‍സ്ട്രീറ്റിലെ ശെല്‍വകുമാര്‍(55), പ്രോജക്ട് അസിസ്റന്റ് എന്‍ജിനിയര്‍ ആന്ധ്ര കടപ്പ മൈലവാരം ബക്കരപേട്ട് സ്വദേശി രഘുനാഥ് നാഗറെഡ്ഡി (31), സേഫ്റ്റി ഓഫീസര്‍ തൃശൂര്‍ ഈസ്റ്ഫോര്‍ട്ട് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്യന്‍ ചര്‍ച്ചിനടുത്ത ചിറയത്ത് വീട്ടില്‍ ലോലക് ആന്റണി (29) എന്നിവരെയാണു കസബ സിഐ ഇ. സുനില്‍കുമാര്‍ അറസ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമം 304 വകുപ്പുപ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. മൂവരെയും കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ മാന്‍ഹോള്‍ തുറന്നതിനും മനുഷ്യജീവനു വില കല്‍പ്പിക്കാതെ നിരുത്തരവാദപരമായ സമീപനം മൂലം മൂന്നുപേരെ കുരുതി കൊടുത്തതിനുമാണ് കേസ്.


മാന്‍ഹോളുകളില്‍ ജോലി ചെയ്യുമ്പോള്‍ നിയമാനുസൃതം ചെയ്യേണ്ട നടപടിക്രമങ്ങളൊന്നും പാലിക്കാതെ മൂവരും ഗുരുതരമായ കൃത്യവിലോപം കാണിച്ചതായി പോലീസ് സ്ഥിരീകരിച്ചു. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ സൂക്ഷ്മമായി വിശകലനം ചെയ്ത ശേഷമാണ് ഇവരുടെ അറസ്റ് രേഖപ്പെടുത്തിയത്. നിര്‍മാണം കരാറെടുത്ത ശ്രീറാം കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ശ്രീറാം അടക്കമുള്ളവരോട് ഉടന്‍ ഹാജരാകാന്‍ പോലീസ് ആവശ്യപ്പെട്ടു. ഇവരില്‍ അര്‍ക്കെങ്കിലും വീഴ്ച സംഭവിച്ചതായി തെളിഞ്ഞാല്‍ അവരെയും കേസില്‍ പ്രതിചേര്‍ക്കും.

വ്യാഴാഴ്ച പകല്‍ 11ഓടെ ദുരന്തം നടന്ന കണ്ടംകുളം ക്രോസ് റോഡിലെ മാന്‍ഹോള്‍ പരിസരത്തു പോലീസ് ഇന്നലെ തെളിവെടുപ്പു നടത്തി. അഴുക്കുചാല്‍ പദ്ധതിയുടെ ഭുഗര്‍ഭ ഓവുചാലിന്റെ ആഴം അളക്കാനായി മാന്‍ഹോള്‍ തുറന്ന് ഇറങ്ങിയ ആന്ധ്ര വെസ്റ്റ് ഗോദാവരി നരസാപുര സ്വദേശികളായ ബൊമ്മിടി ഭാസ്കര റാവു (41), നരസിംഹ മൂര്‍ത്തി (42) എന്നീ തൊഴിലാളികളും ഇവരെ രക്ഷിക്കാനെത്തിയ ഓട്ടോ ഡ്രൈവര്‍ കോഴിക്കോട് കരുവിശേരി സ്വദേശി മേപ്പക്കുടി ഹൌസില്‍ പി. നൌഷാദും (32) ആണ് വിഷവാതകം ശ്വസിച്ചു മരിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.