ഡിസിസി പുനഃസംഘടന: തീരുമാനം എടുത്തിട്ടില്ലെന്നു ഹസന്‍
ഡിസിസി പുനഃസംഘടന: തീരുമാനം എടുത്തിട്ടില്ലെന്നു ഹസന്‍
Saturday, November 28, 2015 12:53 AM IST
കൊച്ചി: കോണ്‍ഗ്രസ് ജില്ലാക്കമ്മിറ്റി പുനഃസംഘടന സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന്നു കെപിസിസി വൈസ് പ്രസിഡന്റ് എം.എം. ഹസന്‍. ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനുള്ള യോഗമാണു നടന്നത്. ഡിസിസി പുനഃസംഘടന ചര്‍ച്ചയ്ക്കു പോലും വന്നിട്ടില്ല. ബ്ളോക്ക്, മണ്ഡലം പുനഃസംഘടന തടസപ്പെട്ട സ്ഥലങ്ങളില്‍ അവ പൂര്‍ത്തിയാക്കണം എന്ന നിര്‍ദേശം പല നേതാക്കളും പങ്കുവച്ചു. അതല്ലാതെ തീരുമാനങ്ങള്‍ ഒന്നും എടുത്തിട്ടില്ല. 30ന് ചേരുന്ന കെപിസിസി യോഗത്തിനു ശേഷം മാത്രമേ പുനഃസംഘടന സംബന്ധിച്ചു കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കൂ.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നതുകൊണ്ടു തന്നെ എല്ലാ വശങ്ങളും ആലോചിച്ചു മാത്രമേ തീരുമാനം എടുക്കാന്‍ കഴിയൂ. ഇതു സംബന്ധിച്ചു വന്ന വാര്‍ത്തകള്‍ ഭാവനാസൃഷ്ടി മാത്രമാണ്. പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല എന്നു മാത്രമേയുള്ളൂ. അല്ലാതെ യുഡിഎഫിനു ദയനീയമായ തോല്‍വി സംഭവിച്ചിട്ടില്ല. ചില ജില്ലകളില്‍ യുഡിഎഫ് പിന്നോട്ട് പോയിട്ടുണ്ട്. അവ പരിശോധിച്ചു തിരുത്തും.


കണ്ണൂരില്‍ കെ. സുധാകരന്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ സുധാകരന്‍ തന്നെ ഉണ്ടാക്കിയതാണ്. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണു സുധാകരന്‍ തനിക്കെതിരെ പ്രസ്താവന നടത്തിയത്. മാധ്യമങ്ങളിലൂടെ പുറത്തു വരുന്നതു വളച്ചൊടിച്ച വാര്‍ത്തകളാണ്. കണ്ണൂരിലെ പാര്‍ട്ടിയില്‍ പ്രശ്നമൊന്നുമില്ല. താഴെത്തട്ടിലുള്ള സംഘടനാ ദൌര്‍ബല്യം അടിയന്തരമായി പരിഹരിക്കും.

വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്ര സംഘപരിവാര്‍ സംഘടനകളുടെ അജന്‍ഡയുടെ ഭാഗമാണ്. അതു കൊണ്ടുതന്നെ അതില്‍ പങ്കെടുക്കരുതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പ്രത്യേക നിര്‍ദേശം നല്‍കേണ്ട കാര്യമില്ലെന്നും ഹസന്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. സാമൂഹ്യ നവോത്ഥാന മുന്നേറ്റത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ ശ്രീനാരായണ പ്രസ്ഥാനങ്ങളെ വെള്ളാപ്പള്ളി നടേശന്‍ സ്വാര്‍ഥലാഭത്തിനായി ഉപയോഗിക്കുകയാണ്.

സിപിഎം കാലാകാലങ്ങളില്‍ ന്യൂനപക്ഷ പ്രീണനവും വര്‍ഗീയതയും നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് മാത്രമാണ് ബിജെപിയെ ശക്തമായി എതിര്‍ത്തത്. ബിജെപി സര്‍ക്കാര്‍ ഉയര്‍ത്തുന്ന അസഹിഷ്ണുത നേരിടാന്‍ കോണ്‍ഗ്രസ് മാത്രമാണു ശ്രമം നടത്തുന്നതെന്നും ഹസന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.