ദുരന്തങ്ങള്‍ ഈണമിട്ട സംഗീതയാത്ര
ദുരന്തങ്ങള്‍ ഈണമിട്ട സംഗീതയാത്ര
Saturday, February 6, 2016 12:40 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: ഗിറ്റാറില്‍ ഈണമിട്ടു ഡാഡി മൂളിയ പാട്ടുകള്‍ക്കൊപ്പം പിച്ചവച്ചുനടന്ന അവള്‍ എങ്ങനെ മൂളാതിരിക്കും. ഹൃദയംകൊണ്ട് ഈണമിട്ട്, ഡാഡി നാവോറ് പാടിക്കൊടുത്ത മകള്‍ എങ്ങനെ ഈണമിടാതിരിക്കും. ഷാന്‍ - പേരിനൊപ്പം ജോണ്‍സണ്‍ എന്നുചേര്‍ന്നപ്പോള്‍ ഞങ്ങള്‍ കാതോര്‍ത്തിരുന്നു; ജോണ്‍സണ്‍ എന്ന സംഗീതമാന്ത്രികന്റെ ഉയിര്‍പ്പിനായി. സംഗീതമല്ലാതെ ജോണ്‍സണ്‍ മലയാളത്തിന് ഒന്നും കരുതിയിരുന്നില്ലെന്ന്, സംഗീതമല്ലാതെ ഒന്നും അവശേഷിപ്പിക്കാന്‍ ഉണ്ടായിരുന്നില്ലെന്ന് ആ വിയോഗശേഷം ആശ്വസിച്ചതിന് അറംപറ്റിയപോലെ. ജന്മംകൊടുത്ത ഈണങ്ങളെല്ലാം ബാക്കിയാക്കിയപ്പോഴും, ജീവിതത്തിന്റെ ശ്രുതിയും താളവും എന്തേ അപൂര്‍ണമായി...അച്ഛന്റെ മരണത്തിന്റെ ആഘാതം വിട്ടൊഴിയും മുമ്പേ റെന്‍, ഇപ്പോഴിതാ പ്രിയപ്പെട്ട ഷാനും.

ഡാഡിയുടെ ഏറ്റവും വലിയ ഫാന്‍ താനാണെന്നു ഷാന്‍ പലവട്ടം പറഞ്ഞിട്ടുണ്ട്. അത്രയേറെയുണ്ട് അച്ഛനും മകള്‍ക്കും സമാനതകള്‍-ജീവിതത്തിലും രോഗത്തിലും മരണത്തിലും വരെ. ഒരുകാലത്തെ ഉയര്‍ച്ച താഴ്ചകള്‍ക്കു ശേഷം മലയാളത്തില്‍ നിറസാന്നിധ്യമായി മാറുന്നതിനിടെയാണു സംഗീതം പാതിവഴിയില്‍ നിര്‍ത്തി ജോണ്‍സണ്‍ പോയ് മറഞ്ഞത്. പ്രതീക്ഷകള്‍ തന്നു പൂത്തുലയും മുമ്പേ ഷാനും മടങ്ങി.

ഒഎന്‍വി കുറുപ്പും ജോണ്‍സണും ചേര്‍ന്നൊരുക്കിയ നാലുവരിപ്പാട്ടിന്റെ തുടര്‍ച്ച ചിട്ടപ്പെടുത്തിയാണു ഷാന്‍ സംഗീത സംവിധായികയുടെ മേലങ്കിയണിയുന്നത്. ആദ്യ ഗാനസംരംഭത്തിനു ശബ്ദം നല്കാന്‍ ചന്ദ്രലേഖ എന്ന പുതുമുഖ ഗായികയെ നിയോഗിച്ചപ്പോഴും ഉണ്ട് സമാനതകളുടെ ആകസ്മികത. ജോണ്‍സണ്‍ ഈണമിട്ടു ചിത്ര പാടിയ രാജഹംസമേ... എന്ന ഗാനം ആലപിച്ച്, സമൂഹമാധ്യമങ്ങളില്‍ തരംഗമായ ചന്ദ്രലേഖയ്ക്ക് ഈണമിട്ടു നല്കാന്‍ അച്ഛന്‍ മകളെ നിയോഗിച്ചപോലെ.

അച്ഛന്റെയും സഹോദരന്റെയും വിയോഗങ്ങളില്‍നിന്നുള്ള വീണ്െടടുപ്പായിരുന്നു ഷാനിനു സംഗീതം. പ്രിയതമനെയും പ്രിയമകനെയും നഷ്ടപ്പെട്ട റാണി ജോണ്‍സന്‍ എന്ന വീട്ടമ്മയെയും ജീവിതത്തിലേക്കു തിരികെപിടിക്കാനുള്ള പ്രയാണം. മകള്‍ പിന്നണിഗായികയായും സംഗീത സംവിധായികയായും വളരാന്‍ തുടങ്ങിയപ്പോള്‍ ജോണ്‍സന്റെ കുടുംബം കരകയറുന്നതുകണ്ട് സംഗീതലോകം ആശ്വസിച്ചു.


2011ല്‍ ജോണ്‍സന്റെ വിയോഗശേഷം തൃശൂരില്‍ സംഘടിപ്പിക്കപ്പെട്ട ജോണ്‍സണ്‍ സംഗീതനിശകളിലെല്ലാം ഷാന്‍ പാടി. കണ്ണീരണിഞ്ഞു കണ്ട റാണി ജോണ്‍സനൊപ്പം പലകുറി താങ്ങും തണലുമായി ഷാനിനെ കണ്ടു. ഇന്നലെ പൂര്‍ത്തിയാക്കേണ്ടിയിരുന്ന റിക്കാര്‍ഡിംഗ് ജോലികള്‍ക്കിടെയാണു ഷാനും ജീവിതം വിട്ടൊഴിയുന്നത്. അമ്മ റാണിയെ തനിച്ചാക്കി, നമ്മുടെയെല്ലാം പ്രിയപ്പെട്ട ജോണ്‍സന്റെ കുടുംബത്തെ തനി ച്ചാക്കി, സംഗീതം ബാക്കിയാക്കി.

ഡാഡിക്കും സഹോദരനുമൊപ്പം ഷാനിന് അന്ത്യനിദ്ര

തൃശൂര്‍: നെല്ലിക്കുന്ന് സെന്റ് സെബാസ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ അച്ഛന്‍ ജോണ്‍സനും സഹോദരന്‍ റെന്നിനും ഒപ്പം ഷാനിനും അന്ത്യനിദ്ര. ഇരുവരെയും അടക്കിയ അതേ കല്ലറയിലാണ് മകള്‍ക്കും അന്ത്യവിശ്രമം ഒരുക്കുന്നത്.

ആദ്യ വിവാഹത്തിന്റെ മോചന നടപടികള്‍ പൂര്‍ത്തിയാക്കി മറ്റൊരു വിവാഹ ജീവിതത്തിലേക്കു കടക്കാനിരിക്കെയാണ് ഷാനിനെ മരണം വരിച്ചത്. രണ്ടാഴ്ച മുമ്പാണ് ചെന്നൈയില്‍ വിവാഹനിശ്ചയം നടന്നത്. കുഞ്ചാക്കോ ബോബനും മഞ്ജുവാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേട്ട എന്ന ചിത്രത്തിലെ രാവു മായവേ എന്ന ഗാനത്തിന്റെ ഹിന്ദിവരികള്‍ എഴുതിയതു ഷാന്‍ ആണ്. ഈ ഗാനത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഫേസ്ബുക്കിലൂടെ ഷാന്‍ പങ്കുവച്ചിരുന്നു. ആ പോസ്റിനു മണിക്കൂറുകള്‍ക്കകമാണു മരണവും സംഭവിച്ചത്.

നെല്ലിക്കുന്ന് സെന്റ് സെബാസ്റ്യന്‍സ് പള്ളിയിലെ അള്‍ത്താരയ്ക്കു മുന്നില്‍നിന്നാണ് ജോണ്‍സണ്‍ സംഗീത യാത്ര ആരംഭിക്കുന്നത്. പള്ളി ക്വയറുകളില്‍ പാടിയായിരുന്നു ഷാനിന്റെയും തുടക്കം. 2011 ഓഗസ്റിലായിരുന്നു ജോണ്‍സണ്‍ മാസ്ററുടെ വിയോഗം, ആറു മാസങ്ങള്‍ക്കിപ്പുറം 2012 ഫെബ്രുവരിയില്‍ മകന്‍ റെന്‍, നാലു വര്‍ഷത്തിനിപ്പുറം മറ്റൊരു ഫെബ്രുവരിയില്‍ ഷാനും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.