സര്‍ക്കാരിനും സരിതയ്ക്കും വിജിലന്‍സ് കോടതി വിമര്‍ശനം
Saturday, February 6, 2016 12:32 AM IST
സ്വന്തം ലേഖകന്‍

തൃശൂര്‍: സോളാര്‍ കേസില്‍ സര്‍ക്കാരിനും സരിത എസ്. നായര്‍ക്കുമെതിരേ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം. നിയമവാഴ്ചയും ഭരണസംവിധാനങ്ങളുമുള്ള നാട്ടില്‍ സരിത പറയുന്നതു കള്ളമാണെങ്കില്‍ സര്‍ക്കാര്‍ എന്തുകൊണ്ടു നടപടിയെടുക്കുന്നില്ലെന്നും, കഴിഞ്ഞ രണ്ടുവര്‍ഷമായി സരിത പൊതുസമൂഹത്തെ വിഡ്ഢിവേഷം കെട്ടിക്കുകയല്ലേയെന്നും ജസ്റീസ് എസ്. എസ്. വാസന്‍ ചോദിച്ചു. പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാനാവില്ലെന്ന പഴഞ്ചൊല്ലും പരാമര്‍ശിച്ചായിരുന്നു കോടതിയുടെ വിമര്‍ശനം.

സോളാര്‍ കമ്മീഷനില്‍ സരിത നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നേരത്തെ ഇതേ കോടതിയില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ പൊതുതാത്പര്യ വ്യവഹാരിയായ പി.ഡി. ജോസഫ് ഹര്‍ജി നല്കിയതു ഗൂഢാലോചനയാണെന്ന് ആരോപിച്ചു കോണ്‍ഗ്രസ് അഭിഭാഷക സംഘടനയായ ലോയേഴ്സ് കോണ്‍ഗ്രസ് അംഗം അഡ്വ.എ.എസ്. ശ്യാംകുമാര്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍.

ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിശദമായ വാദത്തിനായി കേസ് എട്ടിലേക്കു മാറ്റി. സരിതയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നു വിജിലന്‍സ് കോടതിയില്‍ മുഖ്യമന്ത്രിക്കും ആര്യാടനുമെതിരേ പരാതി നല്‍കിയ പി.ഡി. ജോസഫ്, സരിത നായര്‍, സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ എന്നിവരേ എതിര്‍കക്ഷികളാക്കിയുള്ളതാണു ഹര്‍ജി.

സര്‍ക്കാരിനെതിരേ ആരോപണം ഉന്നയിക്കാന്‍ സിപിഎം 10 കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതു സരിത നിഷേധിച്ചിട്ടില്ല. ആ സാഹചര്യത്തിലാണു കേസ് നല്കിയത്. എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയച്ച് കേസ് തുടരേണ്ടതുണ്േടായെന്നു തിങ്കളാഴ്ച തീരുമാനിക്കും.

പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കില്ല എന്നാണു പറയുന്നത്. എന്നാല്‍, ഇതവസാനിപ്പിക്കാന്‍ ശിവന്‍ തൃക്കണ്ണു തുറന്നാല്‍ മതിയെന്നും ജഡ്ജി പറഞ്ഞു. നിയമസംവിധാനങ്ങള്‍ ഇതു ചെയ്യണമെന്ന സൂചനയോടെയായിരുന്നു ഈ പരാമര്‍ശം.


നിയമത്തിനകത്തുനിന്നു പോരടിച്ചു വിജയിക്കുകയാണു വേണ്ടത്. പുറത്തുപോയി യുദ്ധം ചെയ്താല്‍ നിയമം ഭയപ്പെടില്ല, നിയമത്തെ ഉപയോഗപ്പെടുത്തുകയാണു വേണ്ടതെന്നു വ്യക്തമാക്കിയ കോടതി, സ്വാതന്ത്യ്രസമര സേനാനി തേജ് ബഹദൂര്‍ സപ്രുവിനെയും പരാമര്‍ശിച്ചു. സപ്രുവിന്റെ ചെയ്തികളെ പിന്തിരിപ്പനെന്ന് ആദ്യം കാണുന്നവര്‍ക്കു തോന്നുമെങ്കിലും നിയമവ്യവസ്ഥയ്ക്കു വിധേയമായുള്ള നടപടികളായിരുന്നു അദ്ദേഹത്തിന്റേത്. സ്വാതന്ത്യ്രസമരകാലത്തെ ഇര്‍വിന്‍ പ്രഭുവും ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയും ഭരണഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അംബേദ്കറും ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലുമെടുത്ത സമീപനങ്ങളെ ഉദാഹരണങ്ങളായി വാസന്‍ അവതരിപ്പിച്ചു.

താന്‍ പഴയ തലമുറയില്‍പ്പെട്ടയാളാണെന്നും ഇത്തരം തട്ടിപ്പുകളുണ്ടായാല്‍ അടുത്തദിവസം നിയമസംവിധാനങ്ങളെ സമീപിച്ചു നടപടിയാകുന്നതാണ് കണ്ടിട്ടുള്ളതെന്നും കോടതി പറഞ്ഞു.

നേരത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനും എതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് ഇരയായ തൃശൂര്‍ വിജിലന്‍സ് ജഡ്ജി തന്നെയാണു സരിതയ്ക്കും സര്‍ക്കാരിനുമെതിരേ ഇന്നലെ വിമര്‍ശനം നടത്തിയത്.

ബാര്‍ കോഴക്കേസില്‍ മന്ത്രി കെ. ബാബുവിനെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതും ജഡ്ജി എസ്.എസ്. വാസന്‍ ആയിരുന്നു. മുഖ്യമന്ത്രിക്കും ആര്യാടനും ബാബുവിനുമെതിരെയുള്ള വിധികള്‍ ഹൈക്കോടതി മരവിപ്പിച്ചിരുന്നു.

ഹൈക്കോടതിയുടെ വിമര്‍ശനത്തെതുടര്‍ന്ന് ജഡ്ജി സ്വയം വിരമിക്കാന്‍ അപേക്ഷ നല്കിയെങ്കിലും പിന്നീട് നിയമജ്ഞരുടെ ഇടപെടലിനെത്തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.