മുഖപ്രസംഗം: മനോരോഗങ്ങൾക്കിവിടെ എന്തു ചികിത്സാസൗകര്യം?
Wednesday, April 27, 2016 2:01 PM IST
കൊച്ചി പുല്ലേപ്പടിയിൽ പുലർച്ചെ പാൽ വാങ്ങാൻ പോയ പത്തുവയസുകാരനെ നാല്പതുകാരനായ മാനസികരോഗി ഒരു പ്രകോപനവുമില്ലാതെ കുത്തിക്കൊന്ന സംഭവം കേരളത്തെ ഞെട്ടിച്ചു. ഈ ശനിയാഴ്ച ആദ്യകുർബാന സ്വീകരണത്തിനായി ഒരുങ്ങിയിരുന്ന ബാലന്റെ മരണം ആരുടെയും ഹൃദയത്തിൽ നീറ്റലുണ്ടാക്കും. പാൽ വാങ്ങാൻ സാധാരണ പോകുന്ന വഴിയിൽനിന്നു മാറി മറ്റൊരു വഴി കുട്ടി തെരഞ്ഞെടുത്തതു തെരുവുനായകളുടെ ശല്യം ഒഴിവാക്കാനായിരുന്നു. എന്നാൽ ക്രൂരമായ വിധി അവിടെ ആ കുട്ടിയെ കാത്തിരിക്കുകയായിരുന്നു. ഒരു അയൽവാസിയാണു റിസ്റ്റിയെന്ന ബാലന്റെ ശരീരത്തിൽ കത്തി കുത്തിയിറക്കിയത്. കുതറിയോടാൻപോലും കഴിയാത്തവിധം അക്രമി അവനെ ചുറ്റിപ്പിടിച്ച് കഴുത്തിലും മുഖത്തുമായി 17 തവണ കത്തി കുത്തിയിറക്കുകയായിരുന്നു.

വർഷങ്ങളായി മാനസികരോഗത്തിനു ചികിത്സയിലായിരുന്ന പ്രതി ലഹരിക്ക് അടിമയുമായിരുന്നത്രേ. അടുത്തകാലത്താണു തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ഇയാൾ ഡിസ്ചാർജ് ചെയ്യപ്പെട്ടത്. മാനസികരോഗത്തിനു പുറമേ ലഹരി ഉപയോഗവും ഈ കൃത്യത്തിനു കാരണമായിരിക്കാം. ഏതായാലും പുല്ലേപ്പടി സംഭവം നമ്മുടെ നാട്ടിലെ ലഹരി ഉപയോഗത്തെക്കുറിച്ചും മാനസികരോഗികളുടെ ചികിത്സയെയും പുനരധിവാസത്തെയും കുറിച്ചും ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കണം.

ഏതാണ്ട് ഒരു വർഷം മുമ്പു കാഞ്ഞങ്ങാടു പേരിയയിൽ സ്കൂളിലേക്കു പോവുകയായിരുന്ന ഫഹദ് എന്ന മൂന്നാം ക്ലാസ് വിദ്യാർഥിയെ മനോരോഗമുണ്ടെന്നു പറയുന്ന യുവാവ് വെട്ടിക്കൊലപ്പെടുത്തിയ സംഭവം മിക്കവരുടെയും ഓർമയിലുണ്ട്. കാലിനു സ്വാധീനക്കുറവുണ്ടായിരുന്ന ഫഹദ് സഹോദരിക്കും കൂട്ടുകാരനുമൊപ്പം നടക്കുമ്പോഴാണു റോഡരുകിൽ നിൽക്കുകയായിരുന്ന തെങ്ങുകയറ്റത്തൊഴിലാളിയുടെ വെട്ടേറ്റു മരിച്ചത്.

മാനസിക രോഗികൾ നിരപരാധികളെ ആക്രമിക്കുന്ന സംഭവങ്ങൾ അസാധാരണമല്ല. ഇരകൾ കൊല്ലപ്പെട്ടാൽ മാത്രമേ വാർത്തയാവൂ എന്നതാണു വസ്തുത. ശാരീരികാരോഗ്യ സംരക്ഷണത്തിനായി നാട്ടിൽ ആശുപത്രികൾ കൂണുപോലെ മുളച്ചു വരുന്നുണ്ട്. സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളുടെ എണ്ണത്തിലും നാം പിന്നിലല്ല. എന്നാൽ, മാനസികാരോഗ്യ ചികിത്സയുടെയും സുഖപ്പെട്ടവരുടെ പുനരധിവാസത്തിന്റെയും കാര്യത്തിൽ കേരളം ഏറെ പിന്നോക്കമാണ്. ഈ രംഗം സന്നദ്ധപ്രവർത്തകർക്കും സാമൂഹ്യ, സാമുദായിക പ്രസ്‌ഥാനങ്ങൾക്കും വിട്ടുകൊടുത്ത് സർക്കാർ തങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടുകയാണ്. സാധാരണയിൽ കവിഞ്ഞൊരു സേവന സന്നദ്ധതയുണ്ടെങ്കിൽ മാത്രമേ ഇത്തരം രോഗികളെ ചികിത്സിക്കാനും പരിചരിക്കാനും കഴിയൂ.

കേരളത്തിൽ പേരൂർക്കടയിലും കുതിരവട്ടത്തും തൃശൂരിലും മാത്രമാണു കസ്റ്റോഡിയൽ കെയർ സൗകര്യമുള്ള സർക്കാർ മാനസികരോഗാശുപത്രികളുള്ളത്. മെഡിക്കൽ കോളജുകളിൽ സൈക്യാട്രി ഡിപ്പാർട്ട്മെന്റുകളുണ്ടെങ്കിലും മതിയായ സൗകര്യങ്ങളോ ആവശ്യത്തിനു ഡോക്ടർമാരോ ഇല്ല. ചികിത്സയ്ക്കു വിധേയരാകുന്നവർ ഡിസ്ചാർജ് ചെയ്യപ്പെട്ടശേഷം എങ്ങനെ പുനരധിവസിപ്പിക്കപ്പെടുന്നുവെന്നതു പ്രധാനമാണ്. ബന്ധുക്കൾ രോഗിയെ കൊണ്ടുപോകാൻ വന്നില്ലെങ്കിൽപ്പോലും രോഗിയെ ഡിസ്ചാർജ് ചെയ്യേണ്ട സാഹചര്യമാണു പല ആശുപത്രികളിലുമുള്ളത്. സ്വകാര്യ മേഖലയിൽ മാത്രമാണു ചുരുക്കം ചില മികച്ച ആശുപത്രികളുള്ളത്.


മാനസിക രോഗികളോടു സമൂഹത്തിനും കുടുംബത്തിനുമുള്ള മനോഭാവം അവരുടെ പുനരധിവാസത്തിൽ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ബന്ധുക്കൾപോലും ഇത്തരം രോഗികളെ തങ്ങളോടൊപ്പം താമസിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. പുല്ലേപ്പടിയിൽ കുട്ടിയെ കൊലപ്പെടുത്തിയ ആളുടെ അമ്മ അയാളുടെ ശല്യം സഹിക്കവയ്യാതെ അയൽവീട്ടിലാണു കിടന്നുറങ്ങിയിരുന്നത്. ഗുരുതരമായ രോഗം ബാധിച്ചവരെ കൈകാര്യം ചെയ്യുകയെന്നതു വീട്ടുകാർക്കും പ്രയാസകരമായ കാര്യം തന്നെ. ഈ സാഹചര്യത്തിൽ രോഗികൾക്കും രോഗം സുഖപ്പെട്ടവർക്കും ജീവിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കാൻ സമൂഹത്തിനും സർക്കാരിനും ചുമതലയുണ്ട്.

പുതിയ ജീവിതശൈലിയും സാമൂഹ്യ സാഹചര്യങ്ങളും കുടുംബബന്ധങ്ങളിലെ പ്രശ്നങ്ങളും വ്യക്‌തികളിൽ മാനസിക സമ്മർദം വർധിപ്പിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. കുടുംബബന്ധങ്ങളിലെ ശൈഥില്യം, അണുകുടുംബ വ്യവസ്‌ഥ, സമൂഹത്തിൽ പൊതുവേയുള്ള മൂല്യച്യുതി തുടങ്ങി പലതും ആളുകളുടെ മനസിന്റെ പിരിമുറുക്കം വർധിപ്പിക്കുന്നു. ലഹരിമരുന്നുകളും മാനസികരോഗത്തിലേക്കു നയിക്കാം. മയക്കുമരുന്നുകളുടെ ഉപയോഗം തടയാൻ അധികൃതർ കർശന നടപടികൾ സ്വീകരിക്കണം. മനോരോഗികളായി ഭാവിച്ചു കുറ്റവാളികൾ രക്ഷപ്പെടുന്ന അവസ്‌ഥ ഉണ്ടാകുകയുമരുത്.

മാനസികരോഗങ്ങളെക്കുറിച്ചുള്ള അബദ്ധധാരണകളാണു രോഗികൾക്കു നല്ല ചികിത്സ ലഭിക്കാതെ പോകാൻ പ്രധാന കാരണം. തുടക്കത്തിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നതും ചികിത്സ വൈകുന്നതും കാര്യങ്ങൾ സങ്കീർണമാക്കുന്നു. അശാസ്ത്രീയമായ ചികിത്സാസമ്പ്രദായങ്ങൾ ഇപ്പോഴും നമ്മുടെ നാട്ടിൽ പ്രബലമാണ്. അന്ധവിശ്വാസങ്ങളുടെ പുറകേ പോകുന്നവരും കുറവല്ല. രോഗാവസ്‌ഥ സംബന്ധിച്ച വിലയിരുത്തലിലെ അപാകതകളും പ്രശ്നം രൂക്ഷമാക്കാം. അക്രമപ്രവണതയുള്ള രോഗികളെ ചികിത്സയിൽ പ്രവേശിപ്പിക്കുന്നതിനും പ്രശ്നങ്ങളുണ്ട്. നിയമസംവിധാനവും പോലീസുമൊക്കെ ഇക്കാര്യത്തിൽ പല ബുദ്ധിമുട്ടുകളും നേരിടുന്നു.

മാനസികരോഗ ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുകയെന്നത് അടിയന്തരാവശ്യം തന്നെയാണ്. രോഗികളെ താമസിപ്പിക്കാനും ചികിത്സിക്കാനുമുള്ള കേന്ദ്രങ്ങൾ പ്രഫഷണൽ മികവുള്ളവയാകണം. അവയുടെ മികവിനുവേണ്ടി സർക്കാർ എത്ര വലിയ ചെലവു വഹിക്കേണ്ടിവന്നാലും തെറ്റാവില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.