അച്യുതാനന്ദനെതിരേ മുഖ്യമന്ത്രി മാനനഷ്ട കേസ് നൽകി
Thursday, April 28, 2016 1:42 PM IST
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെതിരേ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒരു ലക്ഷം രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് കൊടുത്തു.

ധർമടം നിയോജകമണ്ഡലത്തിലെ പ്രസംഗത്തിലും തുടർന്ന് അച്ചടി– ദൃശ്യ മാധ്യമങ്ങളിലും വി.എസ്. അച്യുതാനന്ദൻ നടത്തിയ ആരോപണം അടിസ്‌ഥാനരഹിതവും അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതുമാണെന്നു മുഖ്യമന്ത്രി തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു.

ഇതു മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷനും പരാതി നൽകിയിട്ടുണ്ട്. മുഖ്യമന്ത്രി 31 അഴിമതിക്കേസുകൾ നേരിടുകയാണെന്നും മന്ത്രിസഭാംഗങ്ങൾ മൊത്തം 136 കേസുകൾ നേരിടുന്നു എന്നുമുള്ള അച്യുതാനന്ദന്റെ ആരോപണമാണ് കേസിന് ആധാരം. കേരള കൗമുദിയിൽ പ്രസിദ്ധീകരിച്ച അച്യുതാനന്ദന്റെ ലേഖനം, പ്രസംഗത്തിന്റെ വീഡിയോ സിഡി എന്നിവ തെളിവായി ഹാജരാക്കി.

ഐപിസി സെക്ഷൻ 188, 171 ജി എന്നിവ പ്രകാരം അച്യുതാനന്ദനെതിരേ അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

വോട്ടർമാരെ അന്യായമായി സ്വാധീനിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അച്യുതാനന്ദൻ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പു കമ്മീഷനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. അന്തസും മാന്യതയും ഇല്ലാത്ത അദ്ദേഹത്തിന്റെ വാക്കുകൾ വിദ്വേഷ രാഷ്ട്രീയം പ്രചരിപ്പിക്കാനും വ്യക്‌തിഹത്യ നടത്താനും ലക്ഷ്യമിട്ടുള്ളതാണ്.


മുഖ്യമന്ത്രിക്കെതിരേ രാജ്യത്തെ ഒരു കോടതിയിലും ക്രിമിനൽ, സിവിൽ, അഴിമതി കേസുകൾ ഇല്ല എന്ന സത്യം അറിഞ്ഞുകൊണ്ടാണു പ്രതിപക്ഷനേതാവ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഏതു ഹീനമാർഗത്തിലൂടെയും അധികാരം നേടുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു.

തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിൽനിന്നും അവയിന്മേൽ അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും ഹർജിയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വി.എസ്. അച്യുതാനന്ദനെതിരേ ഉമ്മൻ ചാണ്ടി അപകീർത്തി ക്കേസ് ഫയൽ ചെയ്യുന്നത് രണ്ടാം തവണയാണ്. അന്യസംസ്‌ഥാനങ്ങളിൽ നിന്നു കോഴി ഇറക്കുമതി ചെയ്യുന്നതിന് ഉമ്മൻ ചാണ്ടി കോഴ വാങ്ങിയെന്നാരോപിച്ച് ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച വാർത്തയുടെ പേരിൽ അന്ന് പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്ന വി.എസ്. അച്യുതാനന്ദനെതിരേ 2002–ൽ ഉമ്മൻ ചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നു. 2008–ൽ കോടതി 1,10,000 രൂപ ശിക്ഷ വിധിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.