ഇരുമുന്നണികൾക്കും ഭീഷണിയായി അപരർ
Monday, May 2, 2016 1:13 PM IST
തിരുവനന്തപുരം: നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനം പിന്നിട്ടപ്പോൾ ഇരുമുന്നണികൾക്കും അപരർ തലവേദനയാകുന്നു. യുഡിഎഫിന് ഏഴു സീറ്റുകളിൽ വിമതരുടെ വെല്ലുവിളി നേരിടേണ്ടി വരുന്നു. വിമതന്മാർ രംഗത്തുള്ള ഏഴു സീറ്റിൽ ആറും യുഎഫിന്റെ സിറ്റിംഗ് സീറ്റുകളാണ്.

ചെങ്ങന്നൂരിൽ സിറ്റിംഗ് എംഎൽഎ പി.സി. വിഷ്ണുനാഥിനെതിരേ മുൻ എംഎൽഎ ശോഭന ജോർജ് ആണു രംഗത്തുള്ളത്. ഇവരെ പിന്തിരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം പരമാവധി ശ്രമം നടത്തിയിരുന്നു. ചെങ്ങന്നൂരിൽ ചതുഷ്കോണ മത്സരത്തിന് അരങ്ങൊരുങ്ങിയിരിക്കുകയാണ്.

കേരള കോൺഗ്രസിലെ തോമസ് ചാഴികാടൻ മത്സരിക്കുന്ന ഏറ്റുമാനൂരിൽ കേരള കോൺഗ്രസിലെ തന്നെ ജോസ് മോൻ മുണ്ടയ്ക്കലാണ് വിമതനായി മത്സരിക്കുന്നത്. കൊച്ചിയിൽ സിറ്റിംഗ് എംഎൽഎ കോൺഗ്രസിലെ ഡൊമിനിക് പ്രസന്റേഷനു കെ.ജെ. ലീനസ് ഭീഷണി ഉയർത്തുന്നു. കണ്ണൂരിൽ യുഡിഎഫിന്റെ അഞ്ചു സിറ്റിംഗ് സീറ്റുകളിൽ നാലിലും കോൺഗ്രസ് വിമതരുണ്ട്. മുസ്ലിം ലീഗിലെ കെ.എം. ഷാജി മത്സരിക്കുന്ന അഴീക്കാട് മണ്ഡലത്തിൽ കോൺഗ്രസ് വിമതൻ പി.കെ. രാഗേഷ് രംഗത്തുണ്ട്. ഇരിക്കൂറിൽ മന്ത്രി കെ.സി. ജോസഫിനെതിരെ ബിനോയ് തോമസും പേരാവൂരിൽ സണ്ണി ജോസഫിനെതിരേ കെ.ജെ. ജോസഫും കണ്ണൂരിൽ സതീശൻ പാച്ചേനിക്കെതിരേ എൻ.പി. സത്താറും കോൺഗ്രസ് വിമതരായി രംഗത്തുണ്ട്.


ഇടതുമുന്നണിക്കു വിമതശല്യമില്ലെങ്കിലും അപരന്മാരുടെ ഭീഷണി അവരും നിരവധി മണ്ഡലങ്ങളിൽ നേരിടുന്നുണ്ട്. തൃപ്പൂണിത്തുറയിൽ കെ. ബാബുവിനും എം. സ്വരാജിനും അപരന്മാരുണ്ട്. വടകരയിൽ ആർഎംപി നേതാവ് കെ.കെ. രമയ്ക്ക് അതേ പേരിൽ അപരയുണ്ട്. തിരുവനന്തപുരത്തു മന്ത്രി വി.എസ്. ശിവകുമാറും ആന്റണി രാജുവും അപരന്മാരുടെ കെണിയിലാണ്.

നെടുമങ്ങാട്ട് സി. ദിവാകരന് അതേ പേരിൽ അപരനുണ്ട്. ഉദുമയിൽ ഇടതുസ്‌ഥാനാർഥി കെ. കുഞ്ഞിരാമനും യുഡിഎഫ് സ്‌ഥാനാർഥി കെ. സുധാകരനും അതേപേരിൽ അപരനുണ്ട്.

അഴീക്കോട് കെ.എം. ഷാജിയും കൂത്തുപറമ്പിൽ മന്ത്രി കെ.പി. മോഹനനും അപരന്മാരെ പേടിക്കണം. ചില മണ്ഡലങ്ങളിൽ ഇടതു – വലതു മുന്നണികൾ ധാരണയിലെത്തി പരസ്പരം അപരന്മാരെ പിൻവലിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.