യുഡിഎഫ് പരാജയപ്പെടുമെന്നു പന്ന്യൻ
യുഡിഎഫ് പരാജയപ്പെടുമെന്നു പന്ന്യൻ
Thursday, May 5, 2016 12:33 PM IST
ആലപ്പുഴ: കഴിഞ്ഞ യുപിഎ സർക്കാരിൽ 206 പാർലമെന്റ് അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസ്് തെരഞ്ഞെടുപ്പിനുശേഷം 44 അംഗങ്ങളിലേക്കു ചുരുങ്ങിയതിനു സമാനമായ പരാജയം കേരളത്തിൽ യുഡിഎഫിനുണ്ടാകുമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പന്ന്യൻ രവീന്ദ്രൻ. ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ പരാജയമുണ്ടാക്കുമെന്ന് ബോധ്യപ്പെട്ട ഉമ്മൻചാണ്ടി ബിജെപിയുമായുള്ള സഹകരണത്തിനു നേരത്തെ അടിത്തറ പണിതുകഴിഞ്ഞു. വിഴിഞ്ഞം പദ്ധതി കരാറും, സംഘപരിവാർ നേതാക്കൾക്കെതിരായ കേസുകൾ പിൻവലിച്ചതും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തിലെ യുഡിഎഫ് തകർന്നുകൊണ്ടിരിക്കുന്ന കപ്പലാണ്. ജീവൻ കൊതിച്ചാണ് പലരും അതിൽ നിന്നും രക്ഷപ്പെട്ടത്. കപ്പൽ മുന്നോട്ടുപോകില്ലെന്നു ഇവർക്കറിയാം. ജനങ്ങളിൽ നിന്നു ഇത്രയും ഒറ്റപ്പെട്ടൊരു മുന്നണി കേരള ചരിത്രത്തിലില്ല. കോൺഗ്രസ് മുഖ്യമന്ത്രിമാരിൽ ഉമ്മൻചാണ്ടിയെപ്പോലെ മോശമായ ഒരാളില്ല. കേസുകൾ സംബന്ധിച്ച വി.എസ്. അച്യുതാനന്ദന്റെ പരാമർശത്തിനെതിരെ മാനനഷ്‌ട കേസ് നല്കിയതുകൊണ്ട് തന്റെ പേരിലുള്ള ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്നാണ് ഉമ്മൻചാണ്ടി കരുതിയത്. പുരാണത്തിൽ വായുദേവന്റെ പ്രതിപുരുഷനായ ഹനുമാനോടു എതിർക്കാൻ ശ്രമിച്ച ഭീമനെപ്പോലെയാണ് കേരളത്തിന്റെ ജനകീയ പ്രസ്‌ഥാനത്തിന്റെ വായുദേവനായ വി.എസിനുനേരെ അഹങ്കാരത്തിന്റെ ഗദ ഉമ്മൻചാണ്ടി നീട്ടുന്നത്. യുഡിഎഫിലുണ്ടായിരുന്ന പല ഘടക കക്ഷികളും പുറത്തുപോയിട്ടും മുന്നണി ശക്‌തിപ്പെട്ടുവെന്ന വാദം നിരർഥകമാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

ഹെലികോപ്റ്ററും ബ്ലാക്ക് ക്യാറ്റുകളെയും കണ്ട് സംഘപരിവാർ സംഘടനകളുടെ കൂടെ വെള്ളാപ്പള്ളി പോകുമെന്നു കരുതിയില്ലെന്നു പറഞ്ഞ പന്ന്യൻ കുമാരനാശാനെ പോലുള്ളവർ ഇരുന്ന കസേരയിലാണ് താനിരിക്കുന്നതെന്ന് വെള്ളാപ്പള്ളി ഓർക്കണമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.