ഖത്തറിൽ വീട്ടുതടങ്കലിലായ യുവതി മോചിതയായി
Tuesday, May 24, 2016 12:24 PM IST
ആലക്കോട്(കണ്ണൂർ): ജോലിതട്ടിപ്പിനിരയായി ഖത്തറിൽ വീട്ടുതടങ്കലിലായ തേർത്തല്ലി സ്വദേശിനിയായ യുവതി മോചിതയായി. ഖത്തർ എംബസി വഴി കണ്ണൂർ എസ്പി ഹരിശങ്കറും ഖത്തർ കെഎംസിസി കണ്ണൂർ ജില്ലാ സെക്രട്ടറി ഹനീഫ ഏഴാംമൈലും നടത്തിയ ഇടപെടലാണു മോചനം എളുപ്പത്തിലാക്കിയത്.

കഴിഞ്ഞ തിങ്കളാഴ്ചയാണു യുവതി ഖത്തറിലേക്കു പോയത്. അവിടുത്തെ ഒരു കമ്പനിയിൽ അക്കൗണ്ടന്റായി ജോലി ലഭിക്കുമെന്നാണ് ഏജന്റ് പറഞ്ഞിരുന്നത്. എന്നാൽ ഖത്തറിൽ എത്തിയ യുവതിക്ക് അറബിയുടെ വീട്ടിൽ വീട്ടുജോലിയാണ് ലഭിച്ചത്. ഒപ്പം മറ്റ് മൂന്നു യുവതികളും ഇതേപോലെ തട്ടിപ്പിനിരയായി ഈ വീട്ടിലുണ്ടായിരുന്നു.

വീട്ടുജോലി ചെയ്യാൻ വിസമ്മതിച്ച തേർത്തല്ലി സ്വദേശിനിയെ ഒരാഴ്ചയോളം വീട്ടുതടങ്കലിൽ പാർപ്പിച്ചു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന ഹൈദരാബാദ് സ്വദേശിനിയുടെ ഫോണിൽനിന്നു വീട്ടിൽ വിളിച്ചു വിവരം പറയുകയായിരുന്നു.

വീട്ടുകാർ ഉടൻതന്നെ ചപ്പാരപ്പടവ് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ലീഗ് നേതാവുമായ അലി മംഗര വഴി ഖത്തർ കെഎംസിസി കണ്ണൂർ ജില്ലാ സെക്രട്ടറി ഹനീഫ ഏഴാംമൈലിനെ ബന്ധപ്പെട്ടു മോചനശ്രമങ്ങൾ തുടങ്ങി. ഹനീഫ വീട്ടുടമയായ അറബിയുമായും യുവതിയുമായും സംസാരിച്ചു.


യുവതിയുടെ വീസയ്ക്കും മറ്റ് ചെലവുകൾക്കും പണം മുടക്കിയതു വീട്ടുജോലിക്കായാണെന്നും ഇടനിലക്കാരായി പ്രവർത്തിച്ചവർ തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നുമാണു യുവതിയെ വീട്ടുജോലിക്കു നിർത്തിയ അറബി പറഞ്ഞതത്രെ. കണ്ണൂർ എസ്പിക്കും കളക്ടർക്കും യുവതിയുടെ ബന്ധുക്കൾ പരാതി നൽകിയതിനെ തുടർന്നു ഖത്തറിലുള്ള ഇന്ത്യൻ എംബസി അധികൃതരെ വിവരമറിയിക്കുകയും അവരും അറബിയുമായി സംസാരിക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രി വൈകി ഖത്തർ കെഎംസിസി കണ്ണൂർ ജില്ലാ സെക്രട്ടറി ഹനീഫ വീണ്ടും അറബിയുമായി നടത്തിയ ചർച്ചയിലാണു യുവതിയെ മോചിപ്പിക്കാൻ തീരുമാനമായത്. ഇന്നലെ രാവിലെ എട്ടോടെ യുവതി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.