പിതൃത്വ വിവാദം സ്ത്രീകളെ അപമാനിക്കാൻ: ഗീതാനന്ദൻ
Friday, May 27, 2016 12:43 PM IST
കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഉയരുന്ന പിതൃത്വ വിവാദം സ്ത്രീകളെ അപമാനിക്കാനും കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നു ദളിത് ആദിവാസി പൗരാവകാശ സംരക്ഷണ കൺവീനർ എം. ഗീതാനന്ദൻ പത്രസമ്മേളനത്തിൽ ആരോപിച്ചു.

ജിഷയുടെ പിതൃത്വം വിവാദമാക്കുന്ന ചിലർ ജിഷയുടെ നീതിക്കു വേണ്ടി മുറവിളി കൂട്ടുന്ന സ്ത്രീകളെയും ദളിതരെയും ജനങ്ങളെയും അപമാനിക്കുകയാണ്. ജിഷ വധം ഉന്നയിക്കുന്ന സ്ത്രീ നീതിയും ദളിതർക്കെതിരെയുള്ള അതിക്രമങ്ങളും അപ്രസക്‌തമാക്കാനുള്ള താത്പര്യം ഇതിനു പിന്നിലുള്ളതായും ഗീതാനന്ദൻ ചൂണ്ടിക്കാട്ടി. കേസ് അട്ടിമറിക്കാൻ സംഘടിതമായ ഗൂഢാലോചനയാണു നടക്കുന്നത്.

ജിഷയേയും കുടുംബത്തെയും അപമാനിക്കുന്ന ജോമോൻ പുത്തൻപുരയ്ക്കലിനെതിരേ കേസെടുത്ത് അറസ്റ്റ് ചെയ്യണം. കുടുംബത്തെ അപഹസിച്ചവരെയും പ്രതി ചേർക്കണം. സംഭവം നടന്ന കാലയളവിലെ അന്വേഷണ ഉദ്യോഗസ്‌ഥരുടെ ഇടപെടലുകൾ അന്വേഷിക്കണം. ദളിത് ആദിവാസി പൗരാവകാശ സംഘടനകളുടെ സംയുക്‌ത പ്രക്ഷോഭം ജൂൺ 11ന് തിരുവനന്തപുരത്ത് ആരംഭിക്കുമെന്നും ഗീതാനന്ദൻ പറഞ്ഞു. സമരത്തിനു മുന്നോടിയായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും ഗീതാനന്ദൻ പറഞ്ഞു. കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭ ജനറൽ സെക്രട്ടറി അഡ്വ.കെ.കെ. നാരായണൻ, കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ അംഗം വി.ഡി. മജീന്ദ്രൻ, ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ അംഗം എം.എൻ. ഗിരി, കേരള ഉള്ളാട മഹാസഭ അംഗം കെ. സോളമൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.