ഇതര സംസ്‌ഥാന തൊഴിലാളികൾക്കുള്ള ആരോഗ്യ കാർഡ് അനിശ്ചിതത്വത്തിൽ
Sunday, June 26, 2016 12:22 PM IST
<ആ>നിശാന്ത് ഘോഷ്

കണ്ണൂർ: ഇതര സംസ്‌ഥാന തൊഴിലാളികൾക്കായി ആരോഗ്യവകുപ്പ് ആവിഷ്കരിച്ച ആരോഗ്യ കാർഡ് പദ്ധതി പാതിവഴിയിൽ. തൊഴിൽ വകുപ്പിൽനിന്നുള്ള നിസഹകരണമാണു പദ്ധതി അനിശ്ചിതത്വത്തിലാക്കിയതെന്ന് ആരോപണമുണ്ട്. കേരളത്തിലെത്തുന്ന ഇതരസംസ്‌ഥാന തൊഴിലാളികളിൽ പലരും രോഗവാഹകരാണെന്ന റിപ്പോർട്ടിനെത്തുടർന്നായിരുന്നു പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. തൊഴിലാളികളെ പരിശോധിച്ച് ആരോഗ്യ വിവരങ്ങളുടെ രേഖ സൂക്ഷിക്കുകയും ആവശ്യമായവർക്കു ചികിത്സ ലഭ്യമാക്കുകയുമായിരുന്നു പദ്ധതി. തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിച്ചു റിപ്പോർട്ട് നൽകാൻ തൊഴിൽ വകുപ്പിനെയായിരുന്നു ചുമതലപ്പെടുത്തിയത്. എന്നാൽ, തൊഴിൽവകുപ്പ് വിവരശേഖരണം നടത്തി റിപ്പോർട്ട് സമർപ്പിച്ചില്ല. ഇതോടെയാണ് പദ്ധതി പാളിയത്.

ഇതരസംസ്‌ഥാന തൊഴിലാളികൾ താമസിച്ചുവരുന്ന പ്രദേശങ്ങളിൽ മലമ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിരുന്നു. കർണാടക, തമിഴ്നാട്, ആസാം, പശ്ചിമബംഗാൾ, ബിഹാർ, ഒഡീഷ, ജാർഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽനിന്നെത്തിയ തൊഴിലാളികളിൽ ആരോഗ്യവകുപ്പ് നടത്തിയ സർവേയിൽ പലരും രോഗാണുവാഹകരാണെന്നു കണ്ടെത്തിയിരുന്നു.

ഒട്ടുമിക്ക ഹോട്ടലുകളിലും ജോലി ചെയ്യുന്നത് ഇതരസംസ്‌ഥാന തൊഴിലാളികളാണ്. ഏതു സാഹചര്യത്തിൽ ജീവിച്ചു വളർന്നവരാണെന്നും ഇവർക്കെന്തെങ്കിലും പകർച്ചവ്യാധിയുണ്ടോയെന്നും ഹോട്ടൽ നടത്തിപ്പുകാർ അറിയാറില്ല. ഇതോടെയാണ് ആരോഗ്യ കാർഡ് ഏർപ്പെടുത്താൻ ഒരുങ്ങിയത്. ആരോഗ്യ കാർഡില്ലാത്ത തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കേണ്ടതില്ലെന്നും തൊഴിലാളികളുടെ വിവരങ്ങൾ നൽകാത്ത സ്‌ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്നും നിർദേശമുണ്ടായിരുന്നു.


എന്നാൽ, വിവരശേഖരണം നടത്തുന്നതിൽ തൊഴിൽവകുപ്പ് വേണ്ട താത്പര്യം കാട്ടുന്നില്ലെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ ആരോപണം. ഇതരസംസ്‌ഥാന തൊഴിലാളികളെ ജോലിക്കു നിർത്തുമ്പോൾ ഇവരുടെ പൂർണ വിവരം തൊഴിലുടമ അറിഞ്ഞിരിക്കണമെന്നും വിവരം പോലീസിലും തൊഴിൽവകുപ്പിനും നൽകണമെന്നുമാണു ചട്ടം. എന്നാൽ, മിക്കയിടത്തും ഇവരെ ജീവനക്കാരായി പരിഗണിക്കുന്നില്ല. നിർമാണ മേഖലയിൽ കരാറുകാർക്കു കീഴിൽ ഇവർ സ്‌ഥിരമായ തൊഴിലാളികളല്ല. ആവശ്യമായ തൊഴിലാളികളെ ചില ഇടനിലക്കാർ എത്തിച്ചു നൽകുകയാണ്.

ഈ ഇടനിലക്കാരാകട്ടെ തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട ഒരു രേഖകളിലും ഇല്ലതാനും. ഇത്തരമൊരു സാഹചര്യത്തിൽ വിവരശേഖരണം എളുപ്പമല്ലെന്നാണു തൊഴിൽവകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നത്. ഓരോ ജില്ലയിലെ ഇതരസംസ്‌ഥാന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ചുള്ള കൃത്യമായ വിവരം പോലും തൊഴിൽവകുപ്പിന്റെ പക്കലില്ല. മഴക്കാലമായതോടെ അന്യസംസ്‌ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന സ്‌ഥലങ്ങളിൽ പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്നുണ്ട്. തൊഴിലാളികൾക്കിടയിൽ ശുചിത്വ ബോധവത്കരണ പ്രവർത്തനം ഊർജിതപ്പെടുത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.