സുധീരനെതിരേ എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിനു പരാതി നൽകി
സുധീരനെതിരേ എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിനു പരാതി നൽകി
Sunday, June 26, 2016 12:49 PM IST
തിരുവനന്തപുരം: ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്ത മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും പരസ്യമായി വിമർശിച്ച കെപിസിസി പ്രസിഡന്റ് വി.എം. സുധീരനെതിരേ എ, ഐ ഗ്രൂപ്പുകൾ ഹൈക്കമാൻഡിനു പരാതി നൽകി. ഐക്യം തകർക്കുന്ന തരത്തിലുള്ള പ്രസ്താവന പാടില്ലെന്ന ഹൈക്കമാൻഡ് നിർദേശം സുധീരൻ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണു കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനു പരാതി.സുധീരന്റെ ആവശ്യപ്രകാരം പരസ്യ പ്രസ്താവനകൾ ഹൈക്കമാൻഡ് നേരിട്ടു വിലക്കിയ സാഹചര്യത്തിൽ ഇതു ലംഘിച്ച കെപിസിസി പ്രസിഡന്റിനെതിരേ നടപടി വേണമെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം.

യൂത്ത് കോൺഗ്രസിന്റെ സംസ്‌ഥാന യോഗത്തിൽ വച്ച് വി.എം. സുധീരനോടു പറഞ്ഞ ശേഷമാണത്രേ ഇരുനേതാക്കളും വിവാഹനിശ്ചയ ചടങ്ങിനു പോയത്. എതിരഭിപ്രായമുണ്ടായിരുന്നെങ്കിൽ സുധീരൻ അപ്പോൾ വ്യക്‌തമാക്കണമായിരുന്നുവെന്നും നേതാക്കൾ പറയുന്നു. സുധീരന്റെ പരസ്യ പ്രതികരണത്തിന്റെ തെളിവുകൾ സഹിതമാണു പരാതി ഫാക്സായി നൽകിയത്.


യുഡിഎഫ് സർക്കാരിനെ ആക്ഷേപിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്ത ബാറുടമ ബിജു രമേശിന്റെ മകളുടെ വിവാഹനിശ്ചയത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തത് അനുചിതമായെന്നായിരുന്നു സുധീരൻ അഭിപ്രായപ്പെട്ടത്. നേതാക്കൾ നൽകുന്നതു തെറ്റായ സന്ദേശമാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

മുൻമന്ത്രി അടൂർ പ്രകാശിന്റെ ക്ഷണമനുസരിച്ചാണു കോൺഗ്രസ് നേതാക്കൾ ചടങ്ങിനെത്തിയതെന്നു ബിജു രമേശ് പറഞ്ഞു. ബിജു രമേശിന്റെ മകളുടെയും അടൂർ പ്രകാശിന്റെ മകന്റേയും വിവാഹനിശ്ചയചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതാണു വിവാദമായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.