കർണാടക പോലീസ് അശ്വതിയുടെ മൊഴിയെടുത്തു
കർണാടക പോലീസ് അശ്വതിയുടെ മൊഴിയെടുത്തു
Monday, June 27, 2016 3:34 PM IST
കോഴിക്കോട്: ഗുൽബർഗ അൽ ഖമർ നഴ്സിംഗ് കോളജിൽ റാഗിംഗിനിരയായ മലയാളി ദളിത് വിദ്യാർഥിനി അശ്വതിയിൽനിന്നു കർണാടക പോലീസ് മൊഴിയെടുത്തു. അന്വേഷണത്തിനു നേതൃത്വം നല്കുന്ന ഡിവൈഎസ്പി ഝാൻവി, ഒരു സിഐ, കോൺസ്റ്റബിൾമാർ എന്നിവരുൾപ്പെട്ട സംഘമാണു മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി അശ്വതിയുടെയും ഒപ്പമുള്ള ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയത്.

മൊഴിയെടുപ്പിനു ഭാഷ തടസമാകാതിരിക്കാൻ ദ്വിഭാഷിയുടെ സേവനം സിറ്റി പോലീസ് ഏർപ്പെടുത്തിയിരുന്നു. സീനിയർ വിദ്യാർഥികൾ ക്രൂരമായി ഉപദ്രവിച്ചെന്നും ബലമായി ഫിനോൾ കുടിപ്പിച്ചെന്നുമുള്ള മൊഴി അശ്വതിയും ബന്ധുക്കളും ആവർത്തിച്ചു. രാവിലെ പത്തരയോടെയെത്തിയ സംഘം വൈകുന്നേരത്തോടെയാണു മൊഴിയെടുക്കൽ പൂർത്തിയാക്കി മടങ്ങിയത്. നഴ്സിംഗ് കോളജിൽ നടന്നതു റാഗിംഗാണോ ആത്മഹത്യാ ശ്രമമാണോ എന്ന് ഈ ഘട്ടത്തിൽ പറയാനാകില്ലെന്നു ഡിവൈഎസ്പി ഝാൻവി മൊഴിയെടുക്കാൻ പോകുന്നതിനു മുമ്പായി മാധ്യമങ്ങളോടു പറഞ്ഞു.


അതേസമയം, സംഭവത്തിൽ ആരോപണ വിധേയരായ സീനിയർ മലയാളി വിദ്യാർഥിനികളെ കോളജിൽനിന്നു പുറത്താക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലാണു കോളജ് അധികൃതർ. കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന കൊല്ലം സ്വദേശിനി ലക്ഷ്മി പിള്ള, ഇടുക്കി സ്വദേശിനി ആതിര റെജി, കോട്ടയം സ്വദേശിനി കൃഷ്ണപ്രിയ എന്നിവർക്കും ഇനി പിടികിട്ടാനുള്ള ഏറ്റുമാനൂർ സ്വദേശിനി ശില്പയ്ക്കുമെതിരേ പുറത്താക്കൽ നടപടി സ്വീകരിക്കാനാണ് കോളജ് അധികൃതർ ആലോചിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.