കൈക്കൂലി: ഭൂഗർഭ ജലവിഭവ ജില്ലാ ഓഫീസർ അറസ്റ്റിൽ
കൈക്കൂലി: ഭൂഗർഭ ജലവിഭവ ജില്ലാ ഓഫീസർ അറസ്റ്റിൽ
Tuesday, June 28, 2016 1:00 PM IST
കണ്ണൂർ: കുഴൽക്കിണർ കുഴിക്കുന്നതിനുള്ള അനുമതി നൽകുന്നതിനായി കൈക്കൂലി വാങ്ങിയെന്ന കുറ്റം ചുമത്തി ഭൂഗർഭ ജലവിഭവ വകുപ്പ് കണ്ണൂർ ജില്ലാ ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് ഉപ്പള മണ്ണൻകുഴിയിലെ ലിറ്റിൽ സ്റ്റാറിൽ കെ.എ. മുഹമ്മദ് (53) ആണു പിടിയിലായത്. കുഴൽക്കിണർ കുഴിക്കാനുള്ള സ്‌ഥലം നിർണയിക്കുന്നതിനായി കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പിലെത്തിയ ഇയാൾ കൈക്കൂലി വാങ്ങി കാറിൽ കയറി ഓഫീസിലേക്കു മടങ്ങുന്നതിനിടെ കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി എ.വി. പ്രദീപിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.

കൈക്കൂലിയായി വാങ്ങിയ 2000 രൂപ ഇയാളിൽനിന്നു വിജിലൻസ് കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഈ വർഷം ആദ്യം ചിറ്റാരിപ്പറമ്പ് അനന്തേശ്വരത്തി ൽ (ജാനകി നിലയം) പി. ബൈജു വീട്ടുപറമ്പിൽ കുഴൽക്കിണർ കുഴിക്കുന്നതിനായി ജില്ലാ ഭൂഗർഭ ജലവിഭവ വകുപ്പ് ഓഫീസർക്ക് അപേക്ഷ നൽകിയിരുന്നു. പലതവണ ഓഫീസിൽ കയറിയിറങ്ങിയിട്ടും സ്‌ഥലം നിർണയിച്ചു കൊടുക്കാൻ അധികൃതർ തയാറായില്ല.

ഇതേത്തുടർന്ന് ജില്ലാ ഓഫീസറായ മുഹമ്മദിനെ നേരിൽ കണ്ടപ്പോൾ തന്നെ പ്രത്യേകം കാണാതെ സ്‌ഥലനിർണയത്തിന് എത്താനാവില്ലെന്ന് അറിയിച്ചു. പല പ്പോഴായി കണ്ടപ്പോഴും തീരുമാനത്തിൽ മാറ്റമില്ലാതെ വന്നതോടെയാണു ബൈജു വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് നിർദേശ പ്രകാരം ഇന്നലെ സൈറ്റിലെത്തിയ ഓഫീസർക്ക് 2000 രൂപ കൈക്കൂലി നൽകുകയും ചെയ്തു. ഓഫീസറെ പിന്തുടർന്നെത്തിയ വിജിലൻസ് മുഹമ്മദിനെ കൈയോടെ പിടികൂടുകയായിരുന്നു. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ഓഫീസിലെത്തിച്ച മുഹമ്മദിനെ വിശദമായി ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി.

ഇയാളെ ഇന്നു തലശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും. മുഹമ്മദിനെതിരേ വകുപ്പുതല നടപടിയും ഉണ്ടാകും. സിഐമാരായ ടി. മധുസൂദനൻ, കൃഷ്ണൻ, ബാബു, എസ്ഐമാരായ കാർത്തികേയൻ, ജയപ്രകാശ്, എഎസ്ഐ സുനിൽകുമാർ, പോലീസുകാരായ ജയേഷ്, രാജേഷ്, ബാബു, മനോഹരൻ, വിനോദ് എന്നിവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.