ഹൈക്കോടതി സംഭവം: ആഭ്യന്തര അന്വേഷണത്തിനു സമിതി
ഹൈക്കോടതി സംഭവം: ആഭ്യന്തര അന്വേഷണത്തിനു സമിതി
Friday, July 22, 2016 1:37 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ അഭിഭാഷകരിൽനിന്നു ജഡ്ജിമാർ വിവരശേഖരണം നടത്തി. ജസ്റ്റീസുമാരായ എ. മുഹമ്മദ് മുഷ്താഖ്, എ.കെ. ജയശങ്കരൻ നമ്പ്യാർ, ഷാജി പി. ചാലി, പി.ബി. സുരേഷ് കുമാർ, രാജ വിജയരാഘവൻ, ബി. കെമാൽ പാഷ എന്നിവർ ഇന്നലെ ഹൈക്കോടതി അഡ്വക്കറ്റ് അസോസിയേഷൻ ഓഫീസിലെത്തിയാണു സംഭവം സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിച്ചത്.

കേരള ഹൈക്കോടതിക്കു മുന്നിലുണ്ടായ സംഭവവികാസങ്ങൾ ദേശീയതലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ആഭ്യന്തരമായ പരിശോധനകൾക്കായി ജഡ്ജിമാർ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയത്. അസോസിയേഷൻ പ്രതിനിധികളുമായി ചർച്ചയും നടത്തി.

അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം സംബന്ധിച്ച ആഭ്യന്തര അന്വേഷണത്തിനു മുതിർന്ന അഭിഭാഷകരായ എം.കെ. ദാമോദരൻ, എസ്. ശ്രീകുമാർ, ബച്ചു കുര്യൻ, ജെയ്ജു ബാബു, തോമസ് ഏബ്രഹാം, സൈബി ജോസ് തുടങ്ങിയവരടങ്ങുന്ന സമിതിയെ യോഗം ചുമതലപ്പെടുത്തി. അസോസിയേഷൻ പ്രസിഡന്റ് എസ്. യു. നാസർ, സെക്രട്ടറി ജഗൻ ജോർജ്, വൈസ് പ്രസിഡന്റ് ഷീല ദേവി എന്നിവരും സമതിയിൽ ഉണ്ടായിരിക്കും.

സമിതിയിലേക്കുള്ള ജഡ്ജിമാരെ പിന്നീടു തീരുമാനിക്കും. സമിതി എന്നു യോഗം ചേരണമെന്നതടക്കമുള്ള കാര്യങ്ങളും പിന്നീടു തീരുമാനിക്കും. ഹൈക്കോടതിയിൽ മാധ്യമങ്ങൾക്ക് അനുവദിച്ച മീഡിയാ റൂം തത്കാലം അടച്ചിടാനുള്ള തീരുമാനം ജഡ്ജിമാർ അറിയിച്ചു.

ഹൈക്കോടതിയിലെ മീഡിയ റൂം അടച്ചിടണമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെടാൻ അഭിഭാഷകരുടെ ജനറൽ ബോഡി തീരുമാനിച്ചു. കഴിഞ്ഞ ദിവസം അഡ്വക്കറ്റ് ജനറലിന്റെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകരെയും അഭിഭാഷക പ്രതിനിധികളെയും ഉൾപ്പെടുത്തി നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ യോഗം അംഗീകരിച്ചു. മീഡിയ റൂം തത്കാലത്തേക്കു തുറക്കില്ലെന്ന ഉറപ്പ് അസോസിയേഷൻ പ്രസിഡന്റ് അറിയിച്ചു.


ജുഡീഷൽ അന്വേഷണ കമ്മീഷന്റെ വിവരങ്ങളും അന്വേഷണ പരിധിയിൽ കൊണ്ടുവരുന്ന കാര്യങ്ങളും യോഗത്തിൽ വ്യക്‌തമാക്കി. കമ്മീഷനായി നിയമിക്കാൻ ചിലരുടെ പേരുകൾ ഉയർന്നുവന്നിട്ടുണ്ടെങ്കിലും അവരുടെ സമ്മതം കിട്ടേണ്ടതുണ്ട്. ഇതിനുശേഷം സർക്കാരിനു ശിപാർശ ചെയ്യും.

തുടർച്ചയായി രണ്ടാം ദിവസ വും അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു. തിരുവനന്തപുരത്തെ വഞ്ചിയൂർ കോടതിയിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇന്നലത്തെ ബഹിഷ്കരണം. പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർത്തി എറണാകുളം പ്രസ്ക്ലബ് പരിസരത്തേക്ക് അഭിഭാഷകർ പ്രകടനവും നടത്തി. മാധ്യമ പ്രവർത്തകരെ കായികമായി നേരിടുമെന്ന മുദ്രാവാക്യം പ്രകടനത്തിൽ ഉയർന്നു.

സമവായത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം ഗസ്റ്റ് ഹൗസിൽ നടന്ന യോഗ തീരുമാനങ്ങൾ ഇരുപക്ഷവും അംഗീകരിച്ചിരിക്കേയാണു വീണ്ടും പ്രതിഷേധ പ്രകടനവുമായി പ്രസ്ക്ലബ്ബിലേക്ക് അഭിഭാഷകർ മാർച്ച് നടത്തിയത്. മറൈൻ െരഡെവിൽനിന്നാരംഭിച്ച മാർച്ച് ഗസ്റ്റ് ഹൗസ് പരിസരത്തു പോലീസ് തടഞ്ഞു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം നേതൃത്വത്തിലുള്ള അഭിഭാഷക സംഘടനയായ ഇന്ത്യൻ ലോയേഴ്സ് യൂണിയനും ഇന്നലെ യോഗം ചേർന്നു വിശദമായ ചർച്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.