കടലാടിപ്പാറ ഖനനം: 6,00,000 ടൺ ബോക്സൈറ്റ് കയറ്റുമതി ലക്ഷ്യം
Saturday, July 23, 2016 1:33 PM IST
കാഞ്ഞങ്ങാട്: കിനാനൂർ–കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയിൽ ബോക്സൈറ്റ് ഖനനം തുടങ്ങുന്നതിന്റെ ഭാഗമായി പാരിസ്‌ഥിതിക പഠനം നടത്താനുള്ള സാഹചര്യം ഒരുക്കുന്നതിനു മുഖ്യമന്ത്രി, വ്യവസായ മന്ത്രി എന്നിവരുമായി ചർച്ച നടത്തിയതായി മുംബൈ ആസ്‌ഥാനമായുള്ള ആശാപുര മൈൻകെം ലിമിറ്റഡ് കമ്പനി സിഇഒ സന്തോഷ് മേനോൻ, മാനേജിംഗ് ഡയറക്ടർ രജനികാന്ത് പബ്ബാക്കി എന്നിവർ അറിയിച്ചു. ജൂൺ 23നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ എന്നിവരുമായി ചർച്ച നടത്തിയത്.

സ്വകാര്യ കമ്പനിക്കു മുൻ എൽഡിഎഫ് സർക്കാർ അനുവദിച്ച 200 ഏക്കർ സ്‌ഥലത്താണു ഖനനം നടത്തുന്നത്. കടലാടിപ്പാറ ജനകീയ സമിതിയും സിപിഎം പ്രതിനിധികളും ആവശ്യപ്പെട്ടതനുസരിച്ചു പുതിയ പഠനം നടത്താൻ അന്നത്തെ ജില്ലാ കളക്ടർ തീരുമാനിച്ചിരുന്നു. കമ്പനി തിരുവനന്തപുരത്തെ കേന്ദ്ര ശാസ്ത്ര സാങ്കേതിക പരിസ്‌ഥിതി മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയെ പഠനത്തിനു നിയോഗിച്ചിട്ടുണ്ട്. കൂടാതെ പദ്ധതിപ്രദേശത്തിനുള്ളിൽ 20 കിലോമീറ്റർ പരിധിയിലുള്ള നീലേശ്വരം, ഉദുമ എന്നിവിടങ്ങളിൽ കേരള മാരിടൈം ബോർഡുമായി സഹകരിച്ചു ബോക്സൈറ്റ് കയറ്റുമതിക്കായി ചെറുതുറമുഖം നിർമിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.


തുറമുഖം വഴി ഏകദേശം ആറു ലക്ഷം ടൺ ബോക്സൈറ്റ് വർഷത്തിൽ ബാർജ് മുഖാന്തരം വലിയ മദർഷിപ്പിൽ കയറ്റുമതി ചെയ്യാൻ ലക്ഷ്യമിടുന്നുണ്ട്. കടലാടിപ്പാറയിൽ ഏകദേശം 45–46 ശതമാനം അലൂമിനിയമുള്ള ബോക്സൈറ്റാണുള്ളത്. മേൽത്തരം ബോക്സൈറ്റ് കടലാടിപ്പാറയിൽനിന്നു ലഭിച്ചാൽ കാൽസിനേഷൻ ഫാക്ടറി സ്‌ഥാപിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

കമ്പനിയുടെ പദ്ധതി റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. കാൽസിനേഷൻ പ്ലാന്റ് ബോക്സൈറ്റ് മൈനിംഗ് പദ്ധതി വരുന്നതിനു ജില്ലയിലെ ചില ജനകീയ സമിതികൾ എതിർപ്പു പ്രകടിപ്പിച്ചതായി മന്ത്രി ഇ.പി. ജയരാജൻ ശ്രദ്ധയിൽപ്പെടുത്തിയെന്നും കമ്പനി പ്രതിനിധികൾ പറഞ്ഞു. കാൽസിനേഷൻ പ്ലാന്റിനു വെള്ളം ആവശ്യമില്ല. കൂടാതെ ഒരു രാസവസ്തുവും ഉപയോഗിക്കേണ്ടിവരുന്നില്ലെന്നും കമ്പനിയുടമകൾ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.