ബിജെപി വരമ്പത്തു കൂലി നൽകിയാൽ പി. ജയരാജൻ ഇപ്പോൾ പ്രസംഗിക്കാനുണ്ടാകുമോയെന്ന് വി. മുരളീധരൻ
ബിജെപി വരമ്പത്തു കൂലി നൽകിയാൽ പി. ജയരാജൻ ഇപ്പോൾ പ്രസംഗിക്കാനുണ്ടാകുമോയെന്ന്  വി. മുരളീധരൻ
Tuesday, July 26, 2016 3:53 PM IST
കാസർഗോഡ്: പാടത്ത് പണി തന്നാൽ വരമ്പത്തു കൂലി നൽകുമെന്ന സിപിഎം നയം ബിജെപിയും പിന്തുടർന്നാൽ സിപിഎമ്മിന്റെ സ്‌ഥിതിയെന്താകുമെന്ന് അവർ ആലോചിക്കണമെന്നും കഴിഞ്ഞദിവസം കോടിയേരി ബാലകൃഷ്ണനെ ന്യായീകരിച്ച പി. ജയരാജൻ ഇപ്പോൾ പ്രസംഗിക്കാനുണ്ടാകുമോയെന്നും ബിജെപി മുൻ സംസ്‌ഥാന പ്രസിഡന്റ് വി. മുരളീധരൻ. കാസർഗോട്ടു നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശയപ്രചാരണത്തിനുള്ള സ്വാതന്ത്ര്യം സിപിഎം മറ്റുള്ളവർക്കു നിഷേധിക്കുന്നതാണ് കണ്ണൂരിലെ പ്രശ്നങ്ങൾക്കു കാരണം. ഈ നിലപാട് അവർ തിരുത്തിയാൽ അവിടെ താനേ സമാധാനം കൈവരും. ആശയപാപ്പരത്തം കൊണ്ടാണു സിപിഎം ആയുധമെടുക്കുന്നത്.

ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായി നിയമിക്കാൻ കാരണം പിണറായി വിജയനു ധനമന്ത്രി തോമസ് ഐസക്കിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ്. മാർക്സിയൻ സാമ്പത്തിക ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ലെന്നു മാത്രമല്ല, നവ ഉദാരവത്കരണ നയങ്ങൾ ശക്‌തമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന വ്യക്‌തികൂടിയാണു ഗീത. പറയുന്നതിനു നേർവിപരീതമാണ് തങ്ങളുടെ പ്രവൃത്തിയെന്ന് ഈ നടപടിയിലൂടെ സിപിഎം തെളിയിക്കുന്നു. ബിജെപിയുടെ എതിർപ്പ് ഗീതയോടല്ല സിപിഎമ്മിന്റെ ഇരട്ടത്താപ്പിനോടാണെന്നും മുരളീധരൻ പറഞ്ഞു.


ഐഎസിനെ തങ്ങൾ എതിർക്കുന്നുവെന്ന് മുസ്ലിം സംഘടനകൾ പറയുന്നെങ്കിലും ആ എതിർപ്പ് ശക്‌തമല്ല. ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കെതിരെ ആ സമുദായത്തിൽ നിന്നു തന്നെ പ്രക്ഷോഭമുണ്ടായി അവയെ ഇല്ലായ്മ ചെയ്തതുപോലെ ഐഎസിനെതിരെ മുസ്ലിം സമുദായത്തിൽ നിന്നു തന്നെ ശക്‌തമായ പ്രതിഷേധമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.