സപ്ലൈകോ ഓണം– ബക്രീദ് ഫെയർ ഉദ്ഘാടനം 26 ന്
Tuesday, August 23, 2016 12:47 PM IST
തിരുവനന്തപുരം: സപ്ലൈകോയുടെ ഓണം– ബക്രീദ് മെഗാഫെയറിന്റെ സംസ്‌ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 26ന് വൈകുന്നേരം നാലിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നിർവഹിക്കും. ഭക്ഷ്യ–പൊതുവിതരണമന്ത്രി പി. തിലോത്തമൻ അധ്യക്ഷനാകുന്ന ചടങ്ങിൽ വൈദ്യുതി–ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യവില്പന നിർവഹിക്കും. സെപ്റ്റംബർ 13 വരെയായിരിക്കും സപ്ളൈകോ ഫെയർ സംഘടിപ്പിക്കുക.

സംസ്‌ഥാനത്ത് ആകെ 1465 ഓണം–ബക്രീദ് ചന്തകളാണ് സെപ്റ്റംബർ 13 ഉത്രാടദിനം വൈകുന്നേരംവരെ സപ്ലൈകോ ഇത്തവണ ഒരുക്കുന്നത്. 14 ജില്ലാ ആസ്‌ഥാനങ്ങളിലും ഓണം–ബക്രീദ് ഫെയറുകൾ ഉണ്ടായിരിക്കും. തിരുവനന്തപുരത്ത് 26–ന് ആരംഭിക്കുന്ന ഓണച്ചന്തയ്ക്കു പുറമെ കാസർഗോഡ് 29നും മലപ്പുറത്ത് സെപ്റ്റംബർ മൂന്നിനും ഓണച്ചന്ത ആരംഭിക്കും. എറണാകുളത്തെ ഓണച്ചന്ത കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ 31നു വൈകുന്നേരം നാലിന് ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മറ്റു ജില്ലാ ഫെയറുകളെല്ലാം സെപ്റ്റംബർ ഒന്നിനാണ് ആരംഭിക്കുക.

75 താലൂക്ക് ആസ്‌ഥാനങ്ങളിലെ ഓണച്ചന്തകൾ സെപ്റ്റംബർ അഞ്ചു മുതൽ 13 വരെയും പ്രവർത്തിക്കും. കൂടാതെ 65 ഇടങ്ങളിൽ സെപ്റ്റംബർ ഒമ്പതു മുതൽ 13 വരെ ഓണം മാർക്കറ്റുകൾ സംഘടിപ്പിക്കും. ജില്ലാ –താലൂക്ക് ഫെയറുകളിലും ഓണം മാർക്കറ്റുകളിലും അവശ്യസാധനങ്ങൾക്കു പുറമെ പച്ചക്കറിയും ലഭ്യമാകും.

സെപ്റ്റംബർ ഒമ്പതുമുതൽ 13 വരെ സപ്ലൈകോയുടെ വില്പനശാലകളെല്ലാം ഓണച്ചന്തകളായി പ്രവർത്തിക്കും. സപ്ലൈകോ വില്പനശാലകളില്ലാത്ത പഞ്ചായത്തുകളിൽ ഓണം സ്പെഷൽ ഫെയറുകൾ സംഘടിപ്പിക്കും.

ജില്ലാ–താലൂക്ക്തല ഓണച്ചന്തകളും ഓണം മാർക്കറ്റുകളും ഓണം പ്രത്യേകചന്തകളും രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കും. ഓണം മിനിഫെയറുകളായി പ്രവർത്തിക്കുന്ന സപ്ലൈകോ വില്പനശാലകൾ രാവിലെ 9.30 മുതൽ രാത്രി 7.30 വരെ പ്രവർത്തിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.