ദേശീയ ശ്രദ്ധയാകർഷിച്ചു കെ.വി. തോമസിന്റെ വിദ്യാധനം പദ്ധതി
ദേശീയ ശ്രദ്ധയാകർഷിച്ചു കെ.വി. തോമസിന്റെ വിദ്യാധനം പദ്ധതി
Tuesday, August 30, 2016 1:21 PM IST
<ആ>സ്വന്തം ലേഖകൻ

കൊച്ചി: പഠനത്തിൽ മികവു തെളിയിക്കുന്ന വിദ്യാർഥികളുടെ പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ച് 2500 രൂപ നിക്ഷേപിക്കുന്ന വിദ്യാധനം സ്കോളർഷിപ് പദ്ധതി ദേശീയശ്രദ്ധ നേടുന്നു. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ മേൽനോട്ടത്തിലാണ് പദ്ധതി. ഇത്തരമൊരു പദ്ധതി രാജ്യത്ത് ആദ്യമാണ്. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ വിദ്യാർഥികൾക്കായി 2014 ൽ ആരംഭിച്ച പദ്ധതിയിലൂടെ മൂവായിരത്തോളം വിദ്യാർഥികൾക്ക് ഇതിനോടകം സ്കോളർഷിപ് നല്കിക്കഴിഞ്ഞു.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കെ.വി. തോമസ് എംപി വിദ്യാധനം പദ്ധതി ആവിഷ്കരിച്ചത്. സ്കൂൾ വിദ്യാർഥികൾക്കിടയിൽ ആധാറും ബാങ്ക് അക്കൗണ്ടും വ്യാപകമാകുന്നതിനു മുമ്പേ, വിദ്യാധനം പദ്ധതി ശ്രദ്ധ നേടി.

എറണാകുളം ലോകസഭാ മണ്ഡലത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ നിന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്കാണു ബാങ്ക് അക്കൗണ്ട് വഴി സ്കോളർഷിപ് വിതരണം ചെയ്യുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് വിദ്യാധനംട്രസ്റ്റ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥികളുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 2500 രൂപ വീതം നിക്ഷേപിച്ച് പാസ്ബുക്കും സർട്ടിഫിക്കറ്റും നൽകും. ഈ തുക ഭാവിയിൽ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസത്തിനും വ്യക്‌തിപരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കാനാകും. ഈ വർഷം ആയിരത്തോളം പേർക്കു സ്കോളർഷിപ്പ് നൽകും.

സമ്പാദ്യശീലം വളർത്തുന്നതിനുകൂടി പ്രയോജനപ്പെടുന്ന രീതിയിലുള്ള പദ്ധതിയിലൂടെ ആരും പണം പിൻവലിച്ചിട്ടില്ല. ചിലരാകട്ടെ, ചെറിയ തുകകൾ നിക്ഷേപിച്ച് നിക്ഷേപം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നു കെ.വി. തോമസ് ’ദീപിക’യോടു പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സ്കോളർഷിപ് നേടുന്നവർക്കു ഭാവിയിൽ ഉന്നതപഠനത്തിനു വായ്പകളും മറ്റു സഹായങ്ങളും ബാങ്ക്വഴി ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാധനം പദ്ധതിക്കു മുമ്പ് 2010ൽ ആരംഭിച്ച വിദ്യാജ്യോതി പദ്ധതിയിലൂടെ മികച്ച വിദ്യാർഥികൾക്ക് ടാബ്ലെറ്റ് കംപ്യൂട്ടറുകൾ വിതരണം ചെയ്തിരുന്നു.

കെ.വി. തോമസ് എറണാകുളം എംഎൽഎ ആയിരുന്നപ്പോൾ ആരംഭിച്ച ’വിദ്യാപോഷണം പോഷകസമൃദ്ധം’ പദ്ധതിയും ആയിരക്കണക്കിനു വിദ്യാർഥികൾക്കു നേട്ടമായി. കരിത്തല സെന്റ് ജോസഫ് സ്കൂളിലെ നൂറോളം വിദ്യാർഥികൾക്കു സമൃദ്ധമായ ഉച്ചഭക്ഷണം ഒരുക്കിയാണു പദ്ധതി തുടങ്ങിയത്. സർക്കാർ നൽകുന്ന ഉച്ചഭക്ഷണത്തിനൊപ്പം കൂടുതൽ പോഷകസമൃദ്ധമായ വിഭവങ്ങൾക്കൂടി ഉൾപ്പെടുത്തി സമൃദ്ധമായ ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയാണിത്. സർക്കാർ നൽകുന്ന ആറു രൂപയ്ക്കു പുറമേ, സുമനസുകളുടേയും സംഘടനകളുടേയും സഹകരണത്തോടെ സമാഹരിക്കുന്ന ഒമ്പതു രൂപയും കൂടി ചേർത്താണ് ഉച്ചഭക്ഷണത്തിനു വിഭവങ്ങൾ ഒരുക്കുന്നത്. ഇപ്പോൾ എറണാകുളം ലോകസഭാ മണ്ഡലത്തിലെ 140 സ്കൂളുകളിലായി 40000 വിദ്യാർഥികൾക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു.

വിദ്യാധനം ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന വിജ്‌ഞാനവീഥി പദ്ധതിയിലൂടെ പതിനൊന്നാം ക്ലാസ് വിദ്യാർഥികൾക്കു 2500 രൂപയുടെ റഫറൻസ് ഗ്രന്ഥങ്ങൾ ഉൾപ്പെടുന്ന പുസ്തക കിറ്റ് നൽകുന്നുണ്ട്. തേവര എസ്എച്ച്, എറണാകുളം സെന്റ് തെരേസാസ്, സെന്റ് ആൽബർട്സ്, തൃക്കാക്കര ഭാരതമാതാ എന്നീ കോളജുകളിൽ ഇ–ലൈബ്രറിയും സ്മാർട്ട് ക്ലാസ് റൂമുകളും വിദ്യാധനം ട്രസ്റ്റിന്റെ വിദ്യാഭ്യാസ പ്രോത്സാഹന പരിപാടിയിലൂടെ ഒരുക്കിയിട്ടുണ്ട്. ജീവിതവിജയം നേടിയ വ്യക്‌തികളുമായി കോളജ് വിദ്യാർഥികൾക്കു സംവദിക്കാനുള്ള അവസരം നൽകുന്ന മീറ്റ് ദി ഗ്രേറ്റ് അച്ചീവേഴ്സ് പരിപാടിയും ശ്രദ്ധനേടിക്കഴിഞ്ഞു.

കൃഷി വിജ്‌ഞാനകേന്ദ്രവും സിഎംഎഫ്ആർഐയുമായി സഹകരിച്ച് സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം കറിവേപ്പിൻ തൈകൾ വിതരണം ചെയ്യാൻ ട്രസ്റ്റിനു പദ്ധതിയുണ്ട്. പത്രപ്രവർത്തകനും കേരള പ്രസ് അക്കാദമിയിലെ കോഴ്സ് ഡയറക്ടറുമായിരുന്ന എൻ.എൻ. സത്യവ്രതന്റെ സ്മരണ നിലനിർത്തുന്നതിന് അക്കാദമിയിൽനിന്നു മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്ക് സ്വർണപ്പതക്കം സമ്മാനിക്കും.

സത്യവ്രതന്റെ ജന്മദേശമായ കുമ്പളങ്ങിയിലും സ്മരണ നിലനിർത്തുന്നതിനുള്ള പദ്ധതി നടപ്പാക്കും. പ്രതിവർഷം മണ്ഡലത്തിലെ വിദ്യാഭ്യാസ പ്രോത്സാഹനത്തിനായി 1.25 കോടി രൂപയാണു വിദ്യാധനം ട്രസ്റ്റ് വഴി വിതരണം ചെയ്യുന്നതെന്നും കെ.വി. തോമസ് അറിയിച്ചു.

ഇന്നു രാവിലെ 11.45ന് സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തിലാണ് ഈ വർഷത്തെ വിദ്യാധനം സ്കോളർഷിപ് പദ്ധതിയുടെ ഉദ്ഘാടനം. ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി ഉദ്ഘാടനം നിർവഹിക്കും. ഗവർണർ പി. സദാശിവം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി കെ.രാജു, മേയർ സൗമിനി ജയിൻ, ഹൈബി ഈഡൻ എംഎൽഎ, ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രസാദ് പണിക്കർ, സെന്റ് തെരേസാസ് കോളജ് ഡയറക്ടർ സിസ്റ്റർ ഡോ. വിനീത, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ എസ്. വെങ്കിട്ടരാമൻ എന്നിവർ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.