വിജിലൻസ് ഡയറക്ടർക്കു വ്യക്‌തിവൈരാഗ്യം: കെ.എം. മാണി
വിജിലൻസ് ഡയറക്ടർക്കു വ്യക്‌തിവൈരാഗ്യം: കെ.എം. മാണി
Wednesday, August 31, 2016 12:26 PM IST
പാലാ: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനു തന്നോടു വ്യക്‌തിവൈരാഗ്യമുണ്ടെന്നും കരുതിക്കൂട്ടിയും ഗൂഢാലോചനയുടെ ഫലവുമായാണു തനിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളതെന്നും മുൻ ധനകാര്യമന്ത്രിയും കേരള കോൺഗ്രസ്–എം ചെയർമാനുമായ കെ.എം. മാണി പാലായിലെ വസതിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

അമ്പതു വർഷത്തെ പൊതുപ്രവർത്തന പാരമ്പര്യമുള്ള തനിക്കെതിരേ വ്യക്‌തിവൈരാഗ്യം മൂലമാണു വിജിലൻസ് ഡയറക്ടർ കേസെടുത്തത്. ജേക്കബ് തോമസ് മൈനർ പോർട്ട് വകുപ്പിൽ ഡയറക്ടറായിരിക്കെ അക്കാലത്ത് ഫിനാൻസ് ഇൻസ്പെക്ഷൻ വിംഗിന്റെ ശിപാർശയിന്മേൽ ധനകാര്യമന്ത്രിയായിരുന്ന താൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഒരു മന്ത്രിയെന്ന നിലയിൽ മുന്നിൽവരുന്ന ഫയലിൽ അന്വേഷണത്തിന് ഉത്തരവിടുക മാത്രമാണു താൻ ചെയ്തത്. എന്നാൽ, താൻ ജേക്കബ് തോമസിനെതിരേ നടപടി എടുപ്പിച്ചു എന്ന തെറ്റായ ധാരണയിൽ തന്നെ തേജോവധം ചെയ്യാൻ പലവിധ കേസുകളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് അദ്ദേഹം. ഇതിലൊക്കെ ദുരൂഹതയുണ്ട്. ചിലയാളുകളുടെ ബന്ധുവും തീക്കോയി സ്വദേശിയുമായ ജേക്കബ് തോമസ് തന്നെ നിരന്തരം പരസ്യമായി ഭീഷണിപ്പെടുത്തുന്നതായും കെ.എം. മാണി കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം വിജിലൻസ് ഉദ്യോഗസ്‌ഥർ തന്നെ ചോദ്യംചെയ്ത് എഫ്ഐആർ എടുത്തെന്ന് ഇന്നലെ മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. തോംസൺ ഗ്രൂപ്പിന്റെ നികുതിവെട്ടിപ്പ് നടന്നത് ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ്. യുഡിഎഫ് ഗവൺമെന്റാണ് ഇതു കണ്ടുപിടിച്ചത്. 32 കോടി രൂപയുടെ നികുതിവെട്ടിപ്പാണു നടന്നത്.


പെനാൽറ്റിസഹിതം 64 കോടി അടയ്ക്കാൻ നിർദേശിച്ചു. ഇതിനെതിരേ അവർ ഹൈക്കോടതിയെ സമീപിച്ചു. സ്റ്റാറ്റ്യൂട്ടറിയായി നടപടി മുന്നോട്ടുപോകാൻ കോടതി നിർദേശിച്ചു. മന്ത്രിയെന്ന നിലയിൽ റവന്യൂ റിക്കവറിക്കു ശിപാർശ ചെയ്തു. അവർ സുപ്രീം കോടതിയെ സമീപിച്ചു. ഫൈനൽ അപ്പലറ്റ് അഥോറിറ്റി റീഅസസ്മെന്റ് നടത്തണമെന്നു നിർദേശംവന്നു. എന്നാൽ ഒറിജിനൽ തുക തന്നെ കെട്ടിവയ്ക്കാനാണു താൻ ധനകാര്യമന്ത്രിയായിരുന്ന ഗവൺമെന്റ് നിലപാടു സ്വീകരിച്ചത്.

ഇപ്പോൾ വാദി പ്രതിയായിരിക്കുകയാണ്. ആയുർവേദ മരുന്നുകമ്പനിക്കാരെ വഴിവിട്ടു സഹായിച്ചുവെന്നുള്ള ആരോപണവും തന്നെ അപമാനിക്കാൻ വേണ്ടിയാണ്. നിയമസഭയിൽ ചർച്ചയ്ക്കുശേഷവും സബ്കമ്മിറ്റിയുടെ ശിപാർശയ്ക്കു ശേഷവുമാണ് താൻ എന്തെങ്കിലും തീരുമാനങ്ങളെടുത്തിട്ടുള്ളൂ. ആരെയും വഴിവിട്ടു സഹായിക്കുന്നതിനോ രക്ഷിക്കുന്നതിനോ താൻ ശ്രമിച്ചിട്ടില്ലെന്നും ഒരു മന്ത്രിക്കെതിരേ ഇങ്ങനെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നത് ഇവിടത്തെ പാർട്ടികളും സർക്കാരും ഇക്കാര്യത്തിൽ ഗൗരവമായി ചിന്തിക്കണമെന്നും കെ.എം. മാണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.