ഇന്നുമുതൽ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം: ചെന്നിത്തല
ഇന്നുമുതൽ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം: ചെന്നിത്തല
Sunday, September 25, 2016 1:18 PM IST
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകം, സ്വാശ്രയ പ്രവേശനം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരേ ഇന്നുമുതൽ നിയമസഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം നടത്തുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

സംസ്‌ഥാനത്തെ ക്രമസമാധാന നില അനുദിനം വഷളാവുകയാണ്. 70ലധികം കൊലപാതകങ്ങളാണ് ഇതിനകം നടന്നത്. കണ്ണൂരിൽ മാത്രം ആറു രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നു. 312 അക്രമസംഭവങ്ങൾ കണ്ണൂരിലുണ്ടായി. സിപിഎമ്മുകാരല്ലാത്തവർക്ക് നീതി ലഭിക്കാത്തവിധം പോലീസിന്റെ നിയന്ത്രണം നഷ്‌ടമായി. അതിനിടെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധ നടപടികളുമായാണു സർക്കാർ മുന്നോട്ടു പോകുന്നത്.

സ്വാശ്രയ ഫീസ് വർധിപ്പിച്ച് മാനേജ്മെന്റുകളുമായി സർക്കാർ കൂട്ടുകച്ചവടം നടത്തുകയാണ്. രാജ്യത്ത് എങ്ങും ഇല്ലാത്ത വിധം ഉയർന്ന ഫീസ് ഏർപ്പെടുത്തിയ നടപടി അംഗീകരിക്കാനാകില്ല. സൗമ്യ കേസിന്റെ ഗതി തന്നെ ജിഷാ കേസിലുമുണ്ടാകുമെന്നാണ് ഇപ്പോഴത്തെ ആശങ്ക. ഭാഗാധാരത്തിനുള്ള രജിസ്ട്രേഷൻ ഫീസ് വർധിപ്പിച്ച നടപടി പിൻവലിക്കുമെന്നു സർക്കാർ പറഞ്ഞിരുന്നെങ്കിലും ധനബില്ലിൽ ഇത് ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് വിട്ടുപോയി നിയമസഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കുന്ന കെ.എം. മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസുമായി ഇനിയൊരു ചർച്ചയ്ക്കും തയാറല്ല. കേരള കോൺഗ്രസ് മുന്നണി വിട്ടതു പ്രതിപക്ഷത്തിന്റെ പ്രവർത്തനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്നു തുടങ്ങുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ ഒട്ടേറെ നിയമ ഭേദഗതികളും എത്തുന്നുണ്ട്. ഇന്നു ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഭേദഗതി ബില്ലും കേരള അടിസ്‌ഥാന സൗകര്യ നിക്ഷേപനിധി ഭേദഗതി ബില്ലും സഭയുടെ പരിഗണനയ്ക്ക് എത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.