യൂത്ത് ഫ്രണ്ട്–എം തെരുവുനായ്ക്കളെ കൊന്നു കെട്ടിത്തൂക്കി
യൂത്ത് ഫ്രണ്ട്–എം തെരുവുനായ്ക്കളെ  കൊന്നു കെട്ടിത്തൂക്കി
Monday, September 26, 2016 12:39 PM IST
കോട്ടയം: തെരുവുനായ നിർമാർജനത്തിനു കേന്ദ്ര–സംസ്‌ഥാന സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് എമ്മിന്റെ നേതൃത്വത്തിൽ കോട്ടയം ഹെഡ്പോസ്റ്റ് ഓഫീസിന്റെ മുമ്പിൽ തെരുവുനായ്ക്കളെ കൊന്നു കെട്ടിത്തൂക്കി. ഇന്നലെ രാവിലെ 11നായിരുന്നു പ്രതിഷേധ പരിപാടി. പ്രതിഷേധത്തിന്റെ ഭാഗമായി മേനക ഗാന്ധിക്ക് യൂത്ത്ഫ്രണ്ട് പ്രവർത്തകർ കത്തും അയച്ചു. കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണു യൂത്ത്ഫ്രണ്ട്–എം നായ്ക്കളെ തല്ലിക്കൊല്ലാൻ തീരുമാനിച്ചതെന്ന് സംസ്‌ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

സംസ്‌ഥാനത്ത് തെരുവു നായ്ക്കളുടെ കടിയേറ്റു നിരവധി ആളുകൾ മരിക്കുകയും പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവർക്കു പരിക്ക് ഏൽക്കുകയും ചെയ്തിട്ടും കേന്ദ്രമന്ത്രി മേനകാഗാന്ധി തെരുവുനായ്ക്കളെ സംരക്ഷിക്കണമെന്ന നിലപാട് സ്വീകരിക്കുന്നതു ദുരൂഹമാണെന്നും പേവിഷ പ്രതിരോധ കമ്പനികളുടെ ഏജന്റായ മന്ത്രിയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നും സമരപരിപാടികൾ ഉദ്ഘാടനം ചെയ്ത് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

യൂത്ത്ഫ്രണ്ട് നേതാക്കളായ സാജൻ തൊടുക, ബിജു കുന്നേപ്പറമ്പിൽ, സോജി മുക്കാട്ടുകുന്നേൽ, ജിൽസ് പെരിയപുറം, തോമസ് പാറയ്ക്കൻ, ജോൺ മാത്യു, ഷാജി പുളിമൂടൻ, പ്രസാദ് ഉരുളികുന്നം, സജി തടത്തിൽ, ജോയി സി. കാപ്പൻ, ഗൗതം എൻ. നായർ, രാജൻ കുളങ്ങറ തുടങ്ങിയവർ പങ്കെടുത്തു. അതിനിടെ നായകളെ കൊന്ന് കെട്ടിത്തൂക്കിയ യൂത്ത് ഫ്രണ്ട് പ്രവർത്തകർക്കെതിരേ വെസ്റ്റ് പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 15 പേർക്കെതിരേയാണ് കേസ്. ഐപിസി 429 പ്രകാരം മൃഗങ്ങളെ അന്യായമായി കൊല്ലുക, മൃഗങ്ങളോട് കാട്ടുന്ന ക്രൂരതയ്ക്കെതിരേ നടപടി സ്വീകരിക്കാൻ കേന്ദ്രഗവർൺമെന്റ് പുറപ്പെടുവിച്ച വകുപ്പ് എന്നിവ ചേർത്താണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കുന്ന കേസാണെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.