യാത്രയ്ക്കും മടക്കയാത്രയ്ക്കും ട്രെയിനിൽ ഒരേ ബോർഡ് ഉപയോഗിക്കരുത്: മനുഷ്യാവകാശ കമ്മീഷൻ
Tuesday, September 27, 2016 1:40 PM IST
തിരുവനന്തപുരം: യാത്രയ്ക്കും മടക്കയാത്രയ്ക്കും തീവണ്ടികൾ ഒരേ ദിശാബോർഡ് ഉപയോഗിക്കരുതെന്ന് സംസ്‌ഥാന മനുഷ്യാവ കാശ കമ്മീഷൻ. ന്യൂഡൽഹിയി ൽനിന്നു തിരുവനന്തപുരത്തേക്കു പോകുന്ന തീവണ്ടിക്കും തിരുവനന്തപുരത്തുനിന്നു ന്യൂഡൽഹിക്കു പോകുന്ന തീവണ്ടിക്കും ഒരേ ദിശാ ബോർഡാണ് ഉപയോഗിക്കുന്നത്. രണ്ടു തീവണ്ടികളും ഒരേ സ്റ്റേഷനിൽ അടുത്തടുത്ത പ്ലാറ്റ്ഫോമിലെത്തുമ്പോൾ യാത്രക്കാർ തീവണ്ടി മാറിക്കയറുന്നത് സാധാരണമാണ്.

ഇതുസംബന്ധിച്ച് കമ്മീഷൻ ദക്ഷിണ റയിൽവേയിൽനിന്നു വിശദീകരണം തേടിയിരുന്നു. ലക്ഷ്യസ്‌ഥാനത്ത് ഓരോ തവണ ചെല്ലുമ്പോഴും ബോർഡുകൾ മാറ്റിസ്‌ഥാപിക്കുന്നത് പ്രായോഗികമല്ലെന്നാണ് റെയിൽവേയുടെ വാദം. സ്റ്റേഷനുകളിൽ തീവണ്ടി ചെല്ലുമ്പോൾ ഉച്ചഭാഷണിയിൽ കൂടി അറിയിപ്പ് നൽകാറുണ്ടത്രേ. അന്വേഷണ ജാലകങ്ങളിൽനിന്നു വിവരങ്ങൾ അറിയാമെന്നും വിശദീകരണത്തിൽ പറയുന്നു.

ഹിന്ദിയിലും ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും അറിയിപ്പ് മുഴക്കിയിട്ട് കാര്യമില്ലെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. അപരിചിതനായ യാത്രക്കാരന്റെ മുന്നിൽ ഒരേ ബോർഡുമായി രണ്ട് തീവണ്ടികൾ വന്നു നിന്നാൽ യാത്രക്കാരൻ നിസഹായനാകുമെന്ന് കമ്മീഷൻ പറഞ്ഞു. ദിശാബോർഡുകളിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ റെയിൽവേ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. യാത്ര അവസാനിക്കുന്ന സ്റ്റേഷന്റെ പേരിന് പ്രത്യേക നിറമോ വലിയ അക്ഷരമോ ഉപയോഗിക്കുന്നത് പരിശോധിക്കണമെന്നും കമ്മീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു.


തീവണ്ടിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡുകൾ തീവണ്ടി സഞ്ചരിക്കുന്ന സ്‌ഥലങ്ങൾ മനസിലാക്കാവുന്ന തരത്തിലല്ലെന്ന് ആരോപിച്ച് ക്ലാപ്പന സ്വദേശി എസ്. സദാനന്ദൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. ബോർഡ് മാറി തീവണ്ടിയിൽ കയറുന്ന യാത്രക്കാർ അബദ്ധം മനസിലാക്കി ചാടിയിറങ്ങുമ്പോൾ അപകടം സംഭവിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.

ചില പാസഞ്ചർ തീവണ്ടികൾ സഞ്ചരിക്കാത്ത സ്‌ഥലങ്ങളുടെ പേരുകൾ പ്രദർശിപ്പിക്കാറുണ്ട്. തീവണ്ടിയുടെ നമ്പരുകൾ ഭൂരിപക്ഷം യാത്രക്കാർക്കും അറിയില്ലെന്നും ഉത്തരവിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.