സംസ്കാരമില്ലാത്ത മുഖ്യമന്ത്രിയെ ലഭിച്ചതിൽ കണ്ണൂരുകാർ മാപ്പുചോദിക്കുന്നു: കെ.സുധാകരൻ
സംസ്കാരമില്ലാത്ത മുഖ്യമന്ത്രിയെ ലഭിച്ചതിൽ കണ്ണൂരുകാർ മാപ്പുചോദിക്കുന്നു: കെ.സുധാകരൻ
Wednesday, September 28, 2016 1:48 PM IST
കണ്ണൂർ: സംസ്കാരമില്ലാത്ത കണ്ണൂരുകാരനായ ഒരു മുഖ്യമന്ത്രിയെ കേരളത്തിനു ലഭിച്ചതിൽ കണ്ണൂരുകാർ കേരള സമൂഹത്തോടു മാപ്പു ചോദിക്കുന്നുവെന്നു മുൻ മന്ത്രി കെ.സുധാകരൻ. ഗുണ്ടാസംസ്കാരത്തിന്റെ പ്രതിനിധിയുടെ കൈയിലേക്കു കേരളം പോയെന്ന് ഇപ്പോൾ സമൂഹം വിലയിരുത്തിത്തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ എൻജിഒ അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയിൽ പോലും സംസ്കാരശൂന്യമായാണു മുഖ്യമന്ത്രി പെരുമാറുന്നത്. വേറെ എന്തെങ്കിലും പണിനോക്കെടോയെന്നാണ് പ്രതിപക്ഷനേതാവ് ഉൾപ്പെടെയുള്ളവരോടു മുഖ്യമന്ത്രി പറഞ്ഞത്. വിജയൻ ഉപയോഗിച്ച വാക്കിന്റ അർഥം അദ്ദേഹത്തിനു ബോധ്യമുണ്ടോ? വേറെ പണിയെന്നു പറഞ്ഞാൽ അശ്ലീലമാണ്. കേരളത്തിന്റെ ജനമനസിൽ മുഖ്യമന്ത്രിയുടെ വാക്കിൽനിന്നുണ്ടായ സന്ദേഹം മാറ്റാൻ അദ്ദേഹം തയാറാകണം. തെറ്റുസമ്മതിച്ചു പൊതുസമൂഹത്തോടു മാപ്പുപറയണം.

കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിനെതിരേ ചെരിപ്പേറ് നടത്തിയ എംഎൽഎയായിരുന്നു പിണറായി വിജയൻ. ആ പിണറായി വിജയൻ ഇപ്പോൾ മുഖ്യമന്ത്രിയായപ്പോൾ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിൽ അസ്വസ്‌ഥനാകേണ്ട കാര്യമില്ല. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ കെ.എം. മാണി ബജറ്റവതരിപ്പിച്ചപ്പോൾ അന്നത്തെ പ്രതിപക്ഷം കാണിച്ച പേക്കൂത്തുകൾ എല്ലാവരും കണ്ടതാണ്. അതുവരെ നിയമസഭയിൽ ശവംപോലെ കിടന്ന എംഎൽഎമാരെ അന്നു പാമ്പിനെ പോലെയാണു കണ്ടത്. നിയമസഭയിൽ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കിയത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. അപൂർവ സന്ദർഭങ്ങളിൽ മാത്രമാണ് ഇങ്ങനെ ചെയ്യുന്നത്.


സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്പീക്കർ പിണറായിയുടെ തടവറയിലകപ്പെട്ട തടവുപുള്ളിയായി മാറി. പിണറായി വിജയൻ മുഖ്യമന്ത്രിയായ നിയമസഭയിൽ ഒരു എംഎൽഎ ആയി ഇരിക്കാൻ കഴിയാത്തതിൽ ഏറെ വേദനയുണ്ട്. എല്ലാ ആളുകളെയും വ്രണപ്പെടുത്തി അധികാരത്തിൽ തുടരാമെന്ന വ്യാമോഹം പിണറായിക്കു വേണ്ട. തെരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ട് യുഡിഎഫ് ഒലിച്ചുപോയെന്നു ധരിക്കരുത്. കേരളത്തെ സംഘർഷഭരിതമാക്കരുതെന്ന ആഗ്രഹംകൊണ്ടാണ് യുഡിഎഫ് സംയമനം പാലിക്കുന്നത്. താമരശേരി ബിഷപ്പിനെതിരെയും ആർഎസ്പി നേതാവ് പ്രേമചന്ദ്രനെതിരെയും കാന്തപുരത്തിനെതിരെയും പിണറായി ഉപയോഗിച്ച വാക്കുകൾ കേരളം മറന്നിട്ടില്ല. അധികാരത്തിനുവേണ്ടി പിന്നീട് ഇവരുടെ കാലുപിടിക്കാൻ ചെന്നതു കണ്ടതാണെന്നും സുധാകരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.