കോട്ടയം വഴി ഇന്നു ട്രെയിൻ നിയന്ത്രണം
Friday, September 30, 2016 12:15 PM IST
കടുത്തുരുത്തി: കോട്ടയം– എറണാകുളം റെയിൽപാതയിൽ പിറവം റോഡിനും കുറുപ്പന്തറയ്ക്കുമിടയിൽ ഇരട്ടപാതയുടെ കമ്മീഷനിംഗുമായി ബന്ധപ്പെട്ട് ഇന്ന് ഇതുവഴിയുള്ള ട്രെയിൻ ഗതാഗതത്തിനു നിരോധനമേർപ്പെടുത്തി. കൊല്ലത്തുനിന്നു തുടങ്ങുന്നതും ഇവിടെ അവസാനിക്കുന്നതുമായ നാലു പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി.

പുനലൂർ–ഗുരുവായൂർ ഭാഗികമായും റദ്ദാക്കി. എട്ട് എക്സ്പ്രസ് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിട്ടു. എറണാകുളം ജംഗ്ഷനിൽനിന്നു പുലർച്ചെ 5.25ന് പുറപെടുന്ന കൊല്ലം മെമു (66307), 11.10ന്റെ കൊല്ലം–എറണാകുളം മെമു(66308), എന്നിവയും റദ്ദാക്കി. കൊല്ലത്തുനിന്നു രാവിലെ 8.50ന് പുറപെട്ട് ആലപ്പുഴ വഴി എറണാകുളത്തെത്തുന്ന മെമു (66302), 2.40ന്റെ എറണാകുളം–കൊല്ലം മെമു (66301) എന്നിവയും റദ്ദാക്കിയിട്ടുണ്ട്.

ഗുരുവായൂർ–പുനലൂർ പാസഞ്ചർ (56365), പുനലൂർ–ഗുരുവായൂർ പാസഞ്ചർ (56366), എന്നീ ട്രെയിനുകൾ ഇടപ്പള്ളിക്കും ഗുരുവായൂരിനുമിടെയിൽ മാത്രമെ സർവീസ് നടത്തൂ. നാഗർകോവിൽ–മംഗളൂരു പരശുറാം (16650), കൊച്ചുവേളി–ഹൈദരാബാദ് ശബരി (17229), കന്യാകുമാരി–മുംബൈ സിഎസ്ടി (16382), തിരുവനന്തപുരം–ന്യൂഡൽഹി കേരളാ (12625) എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും.


കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി (12081), ന്യൂഡൽഹി–തിരുവനന്തപുരം കേരള (12626), ഹൈദരാബാദ്–കൊച്ചുവേളി ശബരി (17230), മംഗളൂരു–നാഗർകോവിൽ പരശുറാം (16649) എന്നിവയും ആലപ്പുഴ വഴി തിരിച്ചുവിടും. ഈ ട്രെയിനുകൾക്കെല്ലാം ഇന്നു ഹരിപ്പാട്, അമ്പലപ്പഴ, ആലപ്പുഴ, ചേർത്തല സ്റ്റേഷനുകളിൽ ഒരു മിനിറ്റ് സ്റ്റോപ്പുണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

12.40ന് തിരുവനന്തപുരത്തുനിന്നു പുറപ്പെടുന്ന കന്യാകുമാരി–ബംഗളൂരൂ ഐലൻഡ്(16525) കോട്ടയം വഴി സർവീസ് നടത്തുമെങ്കിലും കോട്ടയത്ത് 30 മിനിറ്റ് പിടിച്ചിടും. 8.35നുള്ള കൊല്ലം–കോട്ടയം പാസഞ്ചർ (56394) പതിവുപോലെ സർവീസ് നടത്തുമെന്നും റെയിൽവേ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.