പിഎസ്സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷ ഇന്ന്
പിഎസ്സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷ ഇന്ന്
Friday, October 21, 2016 1:28 PM IST
തിരുവനന്തപുരം: കേരള പിഎസ്സിയുടെ ചരിത്രത്തിൽ ഏറ്റവുമധികം ഉദ്യോഗാർഥികൾ എഴുതുന്ന പരീക്ഷ ഇന്നു നടക്കും. കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷനിലെ എൽഡി ക്ലാർക്ക് തസ്തികയിലേക്കുള്ള പരീക്ഷയാണ് സംസ്‌ഥാനത്തെ 2608 കേന്ദ്രങ്ങളിലായി ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ 3.15 വരെ നടത്തുന്നത്. 6,34,283 ഉദ്യോഗാർഥികളാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചിരിക്കുന്നത്.

പരീക്ഷ നടത്തിപ്പിനായി 10 കോടിയോളം രൂപ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. ഒരു ഉദ്യോഗാർഥിക്ക് 150 രൂപയിലധികം ചെലവ് വരുമെന്നാണ് പിഎസ്സിയുടെ കണക്ക്.

കഴിഞ്ഞ വർഷം യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്കു പിഎസ്സി നടത്തിയ പരീക്ഷയായിരുന്നു ഇതുവരെ ഏറ്റവുമധികം ഉദ്യോഗാർഥികൾ പങ്കെടുത്ത പരീക്ഷ. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്കു 5,41,823 ഉദ്യോഗാർഥികളാണ് അപേക്ഷിച്ചിരുന്നത്. ഇതിൽ മൂന്നരലക്ഷത്തിലധികം പേർ പരീക്ഷ എഴുതിയിരുന്നു.

അൺ എയ്ഡഡ് സ്കൂളുകളടക്കമുള്ള 2608 കേന്ദ്രങ്ങളാണ് പരീക്ഷ നടത്തിപ്പിനായി പിഎസ്സി ഒരുക്കുന്നത്. ഏറ്റവുമധികം പരീക്ഷാ കേന്ദ്രങ്ങളുള്ളത് തിരുവനന്തപുരം ജില്ലയിലാണ്, 495 കേന്ദ്രങ്ങൾ. കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കുറവ് ഉദ്യോഗാർഥികളുള്ളത്, 62 പേർ.

തിരുവനന്തപുരം ജില്ലയിലെ പരീക്ഷാ നടത്തിപ്പാകും പിഎസ്സിക്ക് ഏറ്റവും അധികം വെല്ലുവിളിയാകുക. അതുകൊണ്ടുതന്നെ തിരുവനന്തപുരം ജില്ലയിൽ 76 റൂട്ടുകളായി തിരിച്ചാണ് പരീക്ഷാ കേന്ദ്രങ്ങളിലേക്കുള്ള ചോദ്യപ്പേപ്പറുകൾ എത്തിക്കുക. പിഎസ്സിയുടെ 185 ഉദ്യോഗസ്‌ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. 76 വാഹനങ്ങളും പിഎസ്സി ഒരുക്കിയിട്ടുണ്ട്. പരീക്ഷയുടെ നടത്തിപ്പിന് സൗകര്യമൊരുക്കണമെന്നു കാണിച്ച് ഡിജിപിക്കും കെഎസ്ആർടിസിക്കും പിഎസ്സി കത്തും നൽകിയിട്ടുണ്ട്. തിരക്കുള്ള പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി പ്രത്യക സർവീസ് നടത്തും. രാവിലെ 11 മുതൽ 12.30 വരെയാണ് സർവീസുകൾ നടത്തുക.


ബിവറേജസ് കോർപറേഷനിലെ എൽഡിസി തസ്തികയിലേക്കുള്ള 60 ഒഴിവുകളിലേക്കായിരുന്നു 2014ൽ പിഎസ്സി അപേക്ഷ ക്ഷണിച്ചത്. എന്നാൽ നിലവിൽ 200 ൽ അധികം ഒഴിവുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്നാണ് വിവരം. അപേക്ഷകരുടെ എണ്ണം കൂടിയതിനാലാണ് പരീക്ഷാ നടത്തിപ്പ് വൈകിയത്. അപേക്ഷകർ കൂടുതലുണ്ടെങ്കിൽ പല ഘട്ടങ്ങളായി പരീ ക്ഷ നടത്തുകയാണ് പിഎസ്സിയുടെ രീതി. എന്നാൽ, ഒരു സ്‌ഥാപനത്തിലെ ഒരേ തസ്തികയിലേക്കു നടത്തുന്ന പരീക്ഷയ്ക്ക് പല ചോദ്യപ്പേപ്പറുകൾ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇതു പരിഗണിച്ചാണ് ഒറ്റത്തവണയായി പരീക്ഷ നടത്തുന്നതിന് പിഎസ്സി തീരുമാനിച്ചത്.

റിച്ചാർഡ് ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.