വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുന്നതു തടയാൻ പ്രത്യേക സർവേ നടത്തും
വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുന്നതു തടയാൻ പ്രത്യേക സർവേ നടത്തും
Tuesday, October 25, 2016 1:22 PM IST
തിരുവനന്തപുരം: വഖഫ് സ്വത്തുക്കൾ അന്യാധീനപ്പെടുകയും കൈയേറുകയും ചെയ്യുന്നുവെന്ന ആക്ഷേപത്തിെൻറ അടിസ്‌ഥാനത്തിൽ കഴിഞ്ഞ എൽഡിഎഫ് സർക്കാർ നിയോഗിച്ച കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണെന്നും നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടിയായി മന്ത്രി അറിയിച്ചു.

പഠനത്തിൽ മിടുക്കരായ പാവപ്പെട്ട ന്യൂനപക്ഷ വിദ്യാർഥികൾക്കായി പുതിയ മെറിറ്റ് സ്കോളർഷിപ്പ് ഈ വർഷം ആരംഭിക്കും. പ്രഥമ വിദ്യാഭ്യാസ മന്ത്രി ജോസഫ് മുണ്ടശേരിയുടെ പേരിലായിരിക്കും സ്കോളർഷിപ്പ് നൽകുക. ന്യൂനപക്ഷ വിധവാ ഭവന പദ്ധതി ഇനി മുതൽ ഇമ്പിച്ചിബാവ ഭവന പദ്ധതി എന്നപേരിൽ അറിയപ്പെടും. 31 കോടി രൂപ പദ്ധതിക്കായി നീക്കിവെച്ചിട്ടുണ്ട്. 2.5 ലക്ഷം രൂപയാണ് വിഹിതമായി ലഭിക്കുക. മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് നാഷനൽ ഇന്റഗ്രേഷൻ എന്ന പേരിൽ ഗവേഷണ സ്‌ഥാപനം മലപ്പുറം ജില്ലയിൽ അനുയോജ്യമായ വഖഫ് ഭൂമിയിൽ സ്‌ഥാപിക്കും.

കേന്ദ്രസർക്കാർ സഹായത്തോടെ മൈനോറിറ്റി സിവിൽ സർവീസ് കോച്ചിംഗ് സെന്ററുകൾ കണ്ണൂർ, വയനാട്, കൊല്ലം, കോട്ടയം എന്നിവിടങ്ങളിൽ കൂടി സ്‌ഥാപിക്കും. നിലവിലുള്ള 16 ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങളിൽ നെറ്റ്, സെറ്റ്, ജെആർഎഫ് പരിശീലനം കൂടി അധ്യയനവർഷം ആരംഭിക്കും. വഖഫ് സ്വത്തുള്ള ജില്ലകളിൽ അവ പ്രയോജനപ്പെടുത്തി സദ്ഭാവനാ മണ്ഡപങ്ങൾ എല്ലാ ജില്ലകളിലും സ്‌ഥാപിക്കും.

152 ബ്ളോക്കുകളിലും 87 മുനിസിപ്പാലിറ്റികളിലും ആറു കോർപറേഷനുകളിലും ന്യൂനപക്ഷ പ്രൊമോട്ടർമാരെ നിയമിക്കുന്നതിനുള്ള പ്രൊപ്പോസൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. മദ്രസാ അധ്യാപകർക്കുള്ള പലിശ രഹിത ഭവന വായ്പാപദ്ധതി വഴി 100 പേർക്ക് ഈ വർഷം വായ്പ അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.

ബി. സത്യൻ, പി. ഉണ്ണി, വി.പി സജീന്ദ്രൻ, സി.കെ ആശ, ജോൺ ഫെർണാണ്ടസ്, വി.കെ ഇബ്രാഹിംകുഞ്ഞ്, സി.കെ നാണു, ഒ.ആർ കേളു, ഡോ. എൻ. ജയരാജ്, ഇ.കെ വിജയൻ, പി.ടി.എ റഹീം, ഐ.സി ബാലകൃഷ്ണൻ, പുരുഷൻ കടലുണ്ടി, ടി.വി ഇബ്രാഹിം, എ.എൻ ഷംസീർ, എ.പി അനിൽകുമാർ തുടങ്ങിയവർ ധനാഭ്യർഥനകളിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തു.

കാര്യവട്ടം ഹോസ്റ്റലിലെ റാഗിംഗ് ഗൗരവതരം: പിണറായി

കേരള സർവകലാശാലയുടെ കാര്യവട്ടം ഹോസ്റ്റലിൽ അന്യസംസ്‌ഥാന പട്ടികവർഗ വിഭാഗ വിദ്യാർഥി റാഗിംഗിനിരയായ സംഭവത്തെ സർക്കാർ ഗൗരവമായി കാണുന്നുവെന്നും ഇക്കാര്യത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

കൊല്ലം അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ ദളിത് യുവാക്കൾ പോലീസ് മർദ്ദനത്തിനിരയായെന്ന ആക്ഷേപം അന്വേഷിക്കാൻ കൊല്ലം എസിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അഞ്ചാലുംമൂട് എസ്ഐയെ ഇതിനകം സ്‌ഥലംമാറ്റി. അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം കുറ്റക്കാരെന്നു കണ്ടത്തെുന്ന പോലീസുകാർക്കെതിരേ കർശന നടപടി സ്വീകരിക്കും. പാർട്ടി വിട്ടതിെൻറ പേരിൽ പട്ടികവിഭാഗക്കാരെ അക്രമിക്കുന്ന രീതി സംസ്‌ഥാനത്തില്ലെന്നും ദളിത് യുവാക്കൾ പീഡനത്തിനിരയാകുന്നതു സംബന്ധിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മുഖ്യമന്ത്രി മറുപടി നൽകി.

പത്ര ഏജൻറുമാർക്കും വിതരണക്കാർക്കും അസംഘടിതർക്കുള്ള സാമൂഹിക സുരക്ഷാ ബോർഡിൽ അംഗത്വമെടുത്ത് ആനുകൂല്യങ്ങൾ നേടാൻ അവസരമുണ്ടെന്ന് ടി.വി. രാജേഷിനെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതര ക്ഷേമനിധികളെ അപേക്ഷിച്ച് ഈ ബോർഡിൽ നിന്നു കൂടുതൽ ആനുകൂല്യങ്ങൾ നേടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ സ്‌ഥാപനങ്ങൾക്കു സ്റ്റാംപ് ഡ്യൂട്ടി ഇളവ്

സഹകരണ സ്‌ഥാപനങ്ങൾക്കു സ്റ്റാംപ് ഡ്യൂട്ടി ഇളവു ലഭിക്കാൻ ആവശ്യമായ നിയമ നടപടിയെപ്പറ്റി സർക്കാർ ആലോചിക്കുമെന്നു പി.കെ ശശിയുടെ സബ്മിഷനു മന്ത്രി എ.സി. മൊയ്തീൻ മറുപടി നൽകി. സംഘങ്ങൾക്കു ലഭിച്ചുവന്ന സ്റ്റാംപ് ഡ്യൂട്ടി ഇളവ് ഹൈക്കോടതി വിധി മൂലമാണു ലഭിക്കാതെ വന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പെർമിറ്റില്ലാതെ ടാക്സിയായി സർവീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങൾ പരിശോധനകൾ ഊർജിതമാക്കി പിടികൂടി പിഴ ഈടാക്കുമെന്നു പ്രഫ. എൻ. ജയരാജെൻറ സബ്മിഷനു മന്ത്രി എ.കെ ശശീന്ദ്രൻ മറുപടി നൽകി. കഴിഞ്ഞ നാലുമാസത്തിനിടെ ഇത്തരത്തിൽ 420 വാഹനങ്ങൾക്കെതിരേ നടപടിയെടുത്തതായും മന്ത്രി അറിയിച്ചു.

തൊണ്ടി മുതലായി പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക യാർഡുകൾ കണ്ടെത്താൻ നടപടിയെടുത്തതായി ആബിദ് ഹുസൈൻ തങ്ങളെ മുഖ്യമന്ത്രി അറിയിച്ചു. പോലീസ് കസ്റ്റഡിയിൽ നിയമപരമായി സൂക്ഷിക്കേണ്ടാത്ത വാഹനങ്ങൾ വേഗത്തിൽ വിട്ടുനൽകാൻ പോലീസിനു നിർദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.


ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുമതി നൽകുന്ന മുറയ്ക്കു തിരുവനന്തപുരം പബ്ലിക് ലൈബ്രറിയോടു ചേർന്നു സംസ്‌ഥാന ലൈബ്രറി കൗൺസലിന് സ്‌ഥലം അനുവദിക്കുമെന്ന് എം. രാജഗോപാലിെൻറ സബ്മിഷനു മന്ത്രി ഇ. ചന്ദ്രശേഖരൻ മറുപടി നൽകി.

പുതുവയൽ കോളനിയിലെ സജിത് എന്ന യുവാവിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കഠിനംകുളം പോലീസിെൻറ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കാൻ ആറ്റിങ്ങൽ എഎസ്പിയെ ചുമതലപ്പെടുത്തിയതായി എം. വിൻസെന്റിനെ മുഖ്യമന്ത്രി അറിയിച്ചു. റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

കേടുപാടുകൾ മൂലം സർവീസ് നിർത്തിവച്ച കരുനാഗപ്പള്ളി കെഎസ്ആർടിസി ഡിപ്പോയിലെ 11 ബസുകളിൽ അഞ്ചെണ്ണം അറ്റകുറ്റപ്പണി പൂർത്തീകരിച്ച് നവംബർ ആദ്യം മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് ആർ. രാമചന്ദ്രനെ മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

ട്രഷറികളിൽ കോർ ബാങ്കിംഗ് ഏർപ്പെടുത്തും: മന്ത്രി ഐസക്

ഈ വർഷം ഡിസംബർ അവസാനത്തോടെ സംസ്‌ഥാനത്തെ മുഴുവൻ ട്രഷറികളിലും കോർ ബാങ്കിംഗ് ഏർപ്പെടുത്താൻ കഴിയുമെന്നു മന്ത്രി ഡോ: ടി.എം. തോമസ് ഐസക് നിയമസഭയെ അറിയിച്ചു. ഈ മാസം 20 വരെ 163 ട്രഷറികളിൽ കോർ ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ സാമ്പത്തികവർഷം ലക്ഷ്യമിട്ടതിന്റെ പകുതി മാത്രമേ നികുതിപിരിവ് സാധ്യമായിട്ടുള്ളു. 19.39 ശതമാനം നികുതി വർധനയാണു പ്രതീക്ഷിക്കുന്നതെങ്കിലും പതിനഞ്ചു ശതമാനത്തിനു മുകളിലേക്കു വർധിക്കാൻ സാധ്യതയില്ല. അപ്പീൽ പരിധിയിൽ നാലായിരം കോടി രൂപയുടെ നികുതി കുടിശിക പിരിഞ്ഞുകിട്ടാനുണ്ട്. ഇതിനായി അപ്പീൽ കോടതികൾ കൂടുതലായി സ്‌ഥാപിച്ച് ഇവ പിരിച്ചെടുക്കും. രണ്ടായിരം കോടി രൂപയുടെ നികുതി സംബന്ധിച്ചു ഹൈക്കോടതിയിൽ കേസുകൾ നിലനിൽക്കുകയാണ്. ഇതുസംബന്ധിച്ചു ഓംബുഡ്സ്മാനെ നിയോഗിക്കുന്നതു പരിശോധിക്കും. അതിർത്തി ചെക്പോസ്റ്റുകളിൽ മാഫിയാ സംഘങ്ങൾ പെരുകുന്നുണ്ട്. ഇവിടെ എൻഫോഴ്സ്മെന്റ് ശക്‌തമാക്കുകയും കാമറകൾ സ്‌ഥാപിച്ചു നികുതിവെട്ടിച്ചുള്ള കടത്തു തടയാൻ നടപടി സ്വീകരിക്കുകയും ചെയ്യും. ചെക്പോസ്റ്റ് വഴിയുള്ള അഴിമതി തടയുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 68 ഉദ്യോഗസ്‌ഥർക്കു നോട്ടീസ് നൽകിയിട്ടുണ്ടെന്നും എട്ടുപേർക്കെതിരേ ശിക്ഷാനടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഏഴ് ചെക്പോസ്റ്റുകളെ ഡാറ്റാ കളക്ഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്ററാക്കി മാറ്റും. ഒന്നരക്കോടി രൂപവരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾക്കായി സംസ്‌ഥാന ജിഎസ്ടിയുടെയും കേന്ദ്ര ജിഎസ്ടിയുടെയും ഭരണ നിർവഹണം ഒരൊറ്റ നികുതി അധികാരി തന്നെ നടപ്പാക്കണമെന്നു സംസ്‌ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവശ്യവസ്തുക്കൾക്കു നികുതി കുറച്ച് ആഡംബര വസ്തുക്കൾക്കു നികുതി കൂടുതൽ ചുമത്തണമെന്നാണു സംസ്‌ഥാന സർക്കാരിന്റെ നിലപാട്. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

സേവനമേഖലയിൽ പുതുതായി സംസ്‌ഥാനത്തിനു നികുതി ചുമത്തേണ്ടിവരികയാണെങ്കിൽ സംസ്‌ഥാന വാണിജ്യ നികുതി വകുപ്പിന്റെ പുനഃസംഘടന വേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. വി.പി. സജീന്ദ്രൻ, റോജി എം.ജോൺ, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ, എം.വിൻസന്റ്, വി.കെ.സി. മമ്മദ് കോയ, വി.ഡി. സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.ശബരിനാഥ്, കെ.കൃഷ്ണൻകുട്ടി, അനിൽ അക്കരെ, ടി.വി. രാജേഷ് എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു മന്ത്രി.

ഓൺലൈൻ പബ്ലിക് ഗ്രീവൻസ് പരിഗണനയിൽ: മന്ത്രി ജലീൽ

പൊതുജനങ്ങൾക്ക് അഴിമതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധയിൽകൊണ്ടുവരാനും തദ്ദേശ സ്‌ഥാപനങ്ങളിൽനിന്നും ലഭ്യമാകുന്ന സേവനങ്ങളിൽ അതൃപ്തി ഉണ്ടെങ്കിൽ പരിഹരിക്കുന്നതിനും വേണ്ടിയുള്ള ഓൺലൈൻ പബ്ലിക് ഗ്രീവൻസ് റിഡ്രസൽ മോഡ്യൂൾ സർക്കാരിന്റെ പരിഗണനയിലാണെന്നു മന്ത്രി കെ.ടി. ജലീൽ നിയമസഭയെ അറിയിച്ചു. എൻ.എ. നെല്ലിക്കുന്നിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ആംഗ്യഭാഷയിലൂടെ ചെയറിനെ സമ്മർദത്തിലാക്കരുത്: സ്പീക്കർ

ആംഗ്യഭാഷയിലൂടെ ചെയറിനെ അംഗങ്ങൾ സമ്മർദത്തിലാക്കരുതെന്നു നിയമസഭയിൽ സ്പീക്കറുടെ അഭ്യർഥന. ചോദ്യോത്തരവേളയിൽ ഉപചോദ്യങ്ങൾ ചോദിക്കാൻ അവസരം തേടി കൂടുതൽ അംഗങ്ങൾ കൈയുയർത്തിയപ്പോഴാണു സ്പീക്കറുടെ ഇടപെടൽ. ഒരു ചോദ്യത്തിനുതന്നെ നാൽപതു മുതൽ നാൽപത്തിയഞ്ചുപേർ വരെ ഉപചോദ്യങ്ങൾക്കു കൈയുയർത്തുന്നുണ്ട്. ടൂറിസം പദ്ധതികൾ സംബന്ധിച്ച ചോദ്യങ്ങൾ ചോദിക്കാനാണ് ഇന്നലെ കൂടുതൽ അംഗങ്ങൾ അവസരം തേടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.