ന്യൂസിലൻഡ് പ്രധാനമന്ത്രി ഇന്നു നെടുമ്പാശേരിയിൽ
ന്യൂസിലൻഡ് പ്രധാനമന്ത്രി ഇന്നു നെടുമ്പാശേരിയിൽ
Wednesday, October 26, 2016 11:54 AM IST
നെടുമ്പാശേരി: ന്യൂസിലൻഡ് പ്രധാനമന്ത്രി ജോൺ ഫിലിപ്പ് കീ ഇന്നു കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് സന്ദർശിക്കും. ഭാര്യ ബ്രൊണാഹ് കീയും ഇന്ത്യയിലെയും ന്യൂസിലൻഡിലെയും നയതന്ത്ര പ്രതിനിധികളും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥന്മാരും ഉൾപ്പെടെ 81 അംഗ സംഘം ഇദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ഡൽഹിയിൽനിന്ന് ഇന്നു വൈകുന്നേരം 5.10നു റോയൽ ന്യൂസിലൻഡ് എയർഫോഴ്സിന്റെ വിമാനത്തിൽ നെടുമ്പാശേരിയിലെത്തുന്ന സംഘത്തെ ഇന്റർനാഷണൽ ടെർമിനലിൽ സംസ്‌ഥാന സർക്കാരിനെ പ്രതിനിധീകരിച്ചു ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള, സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ തുടങ്ങിയവർ ചേർന്ന് ഔദ്യോഗികമായി സ്വീകരിക്കും.

സിയാലിൽ 1,100 കോടി രൂപ മുടക്കി 15 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ പുതുതായി നിർമിച്ച അന്താരാഷ്ട്ര ടെർമിനൽ കാണുകയാണു പ്രധാനമന്ത്രിയുടെ പ്രധാന സന്ദർശന ലക്ഷ്യം. ന്യൂസിലൻഡ് കമ്പനിയായ ഗ്ലൈഡ് പാത്ത് ആണ് ഇവിടെ ഇൻലൈൻ ബാഗേജ് ഹാൻഡിലിംഗ് സംവിധാനം സ്‌ഥാപിച്ചത്. ഇന്ത്യയിലെ ഏറ്റവും അത്യാധുനികമായ ഇൻലൈൻ ബാഗേജ് സംവിധാനമാണിത്. ഇതിന്റെ പ്രവർത്തനം പ്രധാനമന്ത്രി നിരീക്ഷിക്കും. തുടർന്ന് 6.40നു ഡൽഹിക്കു തിരിച്ചുപോകും. കഴിഞ്ഞ 24നാണു ജോൺ ഫിലിപ്പ് കീ ഇന്ത്യയിലെത്തിയത്.


ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ സുരക്ഷാസംവിധാനം കുറ്റമറ്റതാക്കാൻ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

വൈകുന്നേരം നാലിനും ആറിനും ഇടയിൽ നെടുമ്പാശേരിയിൽനിന്നു പുറപ്പെടേണ്ട വിമാന യാത്രക്കാർ രണ്ടു മണിക്കൂർ മുൻപ് എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.