മന്ത്രി ജലീലിനു കുമ്മനത്തിന്റെ തുറന്ന കത്ത്
മന്ത്രി ജലീലിനു കുമ്മനത്തിന്റെ തുറന്ന കത്ത്
Friday, October 28, 2016 2:37 PM IST
തിരുവനന്തപുരം: തെരുവുനായ വിഷയത്തിൽ മന്ത്രി കെ.ടി. ജലീലിനു ബിജെപി സംസ്‌ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ തുറന്ന കത്ത്. കേരളത്തിലെ തെരുവുനായ പ്രശ്നം പരിഹരിക്കാനാകാത്തതു കേന്ദ്ര സർക്കാർ നിലപാടു മൂലമാണെന്ന തരത്തിലുള്ള മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു കത്തിൽ പറയുന്നു.

പ്രത്യേകിച്ചു കേന്ദ്രമന്ത്രി മേനകാ ഗാന്ധിയുടെ നിലപാടാണ് ഇതിനു കാരണമെന്ന മന്ത്രിയുടെ നിലപാടു രാഷ്ട്രീയത്തിന്റെ പേരിലാണെന്നും എതിർക്കാൻ മന്ത്രിക്ക് അവകാശമുള്ളതുപോലെ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കാൻ അദ്ദേഹത്തിനു ബാധ്യതയുണ്ടെന്നും കുമ്മനം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഏതു നിലപാടാണു കേരളത്തിലെ തെരുവ്നായ പ്രശ്നം പരിഹരിക്കാൻ തടസമെന്നു മന്ത്രി വിശദീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.


തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ദീർഘകാല അടിസ്‌ഥാനത്തിൽ പദ്ധതികൾ തയാറാക്കേണ്ടതുണ്ട്. അതിനു കേന്ദ്ര സർക്കാർ കോടിക്കണക്കിനു രൂപയുടെ ഫണ്ട് അനുവദിക്കുന്നുമുണ്ട്. അതു ക്രിയാത്മകമായി വിനിയോഗിക്കാൻ തയാറാകണം. അല്ലാതെ വിലകുറഞ്ഞ പ്രചാരണത്തിനു വേണ്ടി എല്ലാത്തിലും രാഷ്ട്രീയം കലർത്തുന്നതു ഭൂഷണമല്ല.

വില കുറഞ്ഞ രാഷ്ട്രീയ പ്രചാരണത്തിൽ നിന്നു വിട്ടുനിന്നു സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണം. അതിനു ബിജെപി കേരള ഘടകത്തിന്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയാണെന്നും മന്ത്രി ജലീലിനയച്ച കത്തിൽ കുമ്മനം രാജശേഖരൻ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.