വ്യാപാര സ്‌ഥാപനങ്ങൾക്കു ഗ്രേഡിംഗ് കൊണ്ടുവരും: മന്ത്രി ടി.പി. രാമകൃഷ്ണൻ
വ്യാപാര സ്‌ഥാപനങ്ങൾക്കു ഗ്രേഡിംഗ് കൊണ്ടുവരും: മന്ത്രി ടി.പി. രാമകൃഷ്ണൻ
Friday, October 28, 2016 2:37 PM IST
ആലപ്പുഴ: സംസ്‌ഥാനത്തെ വാണിജ്യ– വ്യാപാര സ്‌ഥാപനങ്ങളുടെ നിലവാരം ഉയർത്തി മെച്ചപ്പെട്ട തൊഴിലന്തരീക്ഷം സൃഷ്ടിക്കാനായി ഗ്രേഡിംഗ് സമ്പ്രദായം ഏർപ്പെടുത്തുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന്റെയും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ആക്ടിന്റെയും പരിധിയിൽവരുന്ന സ്‌ഥാപനങ്ങളിലാകും പദ്ധതി നടപ്പാക്കുക. ചെറുകിട വ്യാപാര സ്‌ഥാപനങ്ങളെ പദ്ധതിയുടെ ഭാഗമാക്കുമെന്നും ഇതു സംബന്ധിച്ച മാനദണ്ഡങ്ങളടങ്ങുന്ന കരടുനയത്തിന് ഉടൻ രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. സ്‌ഥാപനങ്ങളുടെ നിലവാരമുയർത്തുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിൽ വിളിച്ചുചേർത്ത ഉന്നത ഉദ്യോഗസ്‌ഥരുടെയും വ്യാപാരി വ്യവസായി സംഘടനാപ്രതിനിധികളുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യഘട്ടത്തിൽ നിശ്ചിത കാലയളവിലേക്കാകും ഗ്രേഡിംഗ് നൽകുക. തുടർന്നു നടത്തുന്ന പരിശോധനയിൽ ആവശ്യമെന്നു കണ്ടാൽ മെച്ചപ്പെടുത്തുകയോ തരം താഴ്ത്തുകയോ ചെയ്യും. ഉയർന്ന ഗ്രേഡിംഗ് ലഭിക്കുന്ന ചെറുകിട കച്ചവടക്കാരടക്കമുള്ളവർക്ക് പുരസ്കാരങ്ങൾ നൽകും.

ഓൺലൈൻ വ്യാപാരമടക്കമുള്ള പുത്തൻപ്രവണതകൾ ശക്‌തമാകുന്നതിനാൽ പരമ്പരാഗത വ്യാപാര സ്‌ഥാപനങ്ങളും കച്ചവടക്കാരും ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. അവർക്ക് ഊർജജ്‌ജം പകരുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. ചെറുകിട സ്‌ഥാപനങ്ങൾക്കു പുറമേ ആശുപത്രികൾ, വിദ്യാഭ്യാസസ്‌ഥാപനങ്ങൾ നടത്തുന്ന ഹോസ്റ്റലുകൾ, പൊതുജനങ്ങൾക്കു സേവനം നൽകുന്ന മറ്റു സ്‌ഥാപനങ്ങൾ, വ്യവസായ സ്‌ഥാപനങ്ങളുടെ ഓഫീസുകൾ, സ്റ്റോർ മുറികൾ, ഗോഡൗണുകൾ, വെയർഹൗസുകൾ, ഫാക്ടറികൾ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാകും. 1960ലെ ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം, 1948ലെ ഫാക്ടറീസ് നിയമം, 1923ലെ ബോയ്ലർ നിയമം എന്നിവയിൽ നിഷ്കർഷിച്ചിട്ടുള്ള നിബന്ധനകൾ അടിസ്‌ഥാനമാക്കി തൊഴിലാളികൾക്കുള്ള കുറഞ്ഞ കൂലി, അർഹതപ്പെട്ട അവധി ആനുകൂല്യങ്ങൾ, ശരിയായ ജോലിസമയം, ആരോഗ്യശുചിത്വ പരിപാലനത്തിനു നൽകുന്ന പരിഗണന, ഹോസ്റ്റൽ, ക്രഷ്, പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യങ്ങൾ എന്നിവ ഗ്രേഡിംഗിനുള്ള മാനദണ്ഡങ്ങളാക്കും. ഇതു സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും നവംബർ 19നകം നൽകാൻ വിവിധ സംഘടനാ പ്രതിനിധികളോട് മന്ത്രി ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർക്ക് സർക്കാർ സംരംഭമായ ‘കെയ്സ്’ മുഖേനെ വിദഗ്ധ പരിശീലനം നൽകുമെന്നും ഓയിൽ റിഫൈനറി അടക്കമുള്ള മറ്റുമേഖലകളിലും വിദഗ്ധ പരിശീലനം നൽകാൻ തയാറാണെന്നും മന്ത്രി പറഞ്ഞു.


തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും തൊഴിൽസംബന്ധമായ പരാതികൾ നൽകാൻ 1800 4255 5214 എന്ന ടോൾഫ്രീ കോൾസെന്റർ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ സേവനം പ്രയോജനപ്പെടുത്താം.

അഡീഷണൽ ചീഫ് സെക്രട്ടറി ടോംജോസ്, ലേബർ കമ്മീഷണർ കെ. ബിജു, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഡയറക്ടർ പി. പ്രമോദ്, അഡീഷണൽ ലേബർ കമ്മീഷണർ എ. അലക്സാണ്ടർ, മറ്റ് ഉന്നത ഉദ്യോഗസ്‌ഥർ, കേരള ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ്, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ, പ്രൈവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ് അസോസിയേഷൻ, സ്വകാര്യ ആശുപത്രി സംഘടനകൾ, വസ്ത്ര വ്യാപാരശാല സംഘടന, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, ഫിക്കി, മറ്റു സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.