ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാറിട്ടു പ്രവേശനം നടപ്പിലായി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാറിട്ടു പ്രവേശനം നടപ്പിലായി
Wednesday, November 30, 2016 4:10 PM IST
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ചു പ്രവേശനം നടപ്പിലായി. പുലർച്ചെ മൂന്നു മുതൽ ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീകൾ ചുരിദാർ ധരിച്ചെത്തി ക്ഷേത്ര ദർശനം നടത്തി. രാവിലെ എട്ടരയോടെ കേരള ബ്രാഹ്മണസഭ, ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭക്‌തജന സേവാ സമിതി, ക്ഷേത്ര ഭക്‌തജനസഭ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ അമ്പതോളം പേർ ക്ഷേത്രം ഓഫീസ് സ്‌ഥിതി ചെയ്യുന്ന പടിഞ്ഞാറേ നടയ്ക്കു മുന്നിൽ ഒത്തുകൂടി ചുരിദാർ ധരിച്ചെത്തിയവരെ തടഞ്ഞു.

ക്ഷേത്രനടയിൽ തടസം സൃഷ്‌ടിക്കുന്നതും സമരം നടത്തുന്നതും ഹൈക്കോടതിവിധി പ്രകാരം കോടതിയലക്ഷ്യമായതിനാൽ നടപടിയെടുക്കേണ്ടിവരുമെന്നു പോലീസ് മേധാവികൾ ശ്രദ്ധയിൽപ്പെടുത്തി. ഇതോടെ പ്രതിഷേധക്കാർ പടിഞ്ഞാറേ നടയിൽ വാഴപ്പള്ളി ജംഗ്ഷനിലെത്തി റോഡ് ഉപരോധം ആരംഭിച്ചു.

ക്ഷേത്രത്തിൽ ചുരിദാർ ധരിച്ചു പ്രവേശനം അനുവദിച്ച നടപടി നിർത്തിവയ്ക്കണമെന്നു ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ കൂടിയായ ജില്ലാ ജഡ്ജി എക്സിക്യുട്ടീവ് ഓഫീസർക്ക് കത്തു നൽകിയതായി അറിയിച്ചതോടെ പ്രതിഷേധക്കാർ റോഡ് ഉപരോധം അവസാനിപ്പിച്ചു പിരിഞ്ഞുപോയി. ക്ഷേത്രത്തിന്റെ പ്രധാന കവാടമായ കിഴക്കേ നടയിലും മറ്റു നടകളായ വടക്കേ നട, തെക്കേനട എന്നിവിടങ്ങളിലും പ്രതിഷേധത്തിനായി ആരും എത്തിയിരുന്നില്ല.


വൈകുന്നേരം അഞ്ചിന് നടതുറന്നശേഷം എല്ലാ നടവഴിയും ചുരിദാർ ധരിച്ചെത്തിയ സ്ത്രീകൾ ദർശനത്തിനായി കടന്നുപോയി. ഹൈക്കോടതി നിർദേശപ്രകാരം എല്ലാ സംഘടനകളുമായി ഹിയറിംഗ് നടത്തിയശേഷമാണ് ചുരിദാർ ധരിച്ച് ക്ഷേത്ര പ്രവേശനത്തിന് എക്സിക്യൂട്ടീവ് ഓഫീസർ കെ.എൻ. സതീഷ് ഉത്തരവിറക്കിയത്.

ഉത്തരവ് പിൻവലിക്കാനാകില്ലെന്ന് കെ.എൻ. സതീഷ് ഇന്നലെയും വ്യക്‌തമാക്കിയിട്ടുണ്ട്. ഉത്തരവിറക്കാൻ അധികാരമുണ്ടെങ്കിലും പിൻവലിക്കാനുള്ള അധികാരം എക്സിക്യൂട്ടീവ് ഓഫീസർക്കില്ല. മാത്രമല്ല ചുരിദാർ വിഷയത്തിൽ ഇടപെടാൻ ജില്ലാ ജഡ്ജിയോടു ഹൈക്കോടതി നിർദേശിച്ചിട്ടുമില്ല. ഉത്തരവ് പിൻവലിക്കണമെങ്കിൽ പരാതിക്കാർ റിവ്യൂ ഹർജി നൽകി അനുകൂല വിധി സമ്പാദിക്കണം. അത്തരം നടപടി വരുന്നതുവരെ ചുരിദാർ ധരിച്ചു ക്ഷേത്ര ദർശനം തുടരാമെന്നും സതീഷ് അറിയിച്ചു.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് പ്രവേശിക്കാൻ അനുമതി നൽകിയതു കാലാനുസൃതമായ മാറ്റം ഉൾക്കൊണ്ട നടപടിയായിട്ടാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചത്.

ചുരിദാറിനു മീതെ മുണ്ടു ചുറ്റാതെ ക്ഷേത്രപ്രവേശനം അനുവദിച്ചത് ആചാര ലംഘനമാണെന്നും അതിനാൽ ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തണമെന്നും റോഡ് ഉപരോധിച്ച ബ്രാഹ്മണസഭാ ഭാരവാഹികൾ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.