ഡിസിഎൽ
ഡിസിഎൽ
Thursday, December 1, 2016 3:33 PM IST
കൊച്ചേട്ടന്റെ കത്ത് / വന്ധ്യമേഘങ്ങൾ വിഴുങ്ങുന്ന സന്ധ്യകൾ

സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,

‘‘എന്നെ തല്ലല്ലേ മോളേ’’ എന്ന് മകളുടെ മുമ്പിൽ കൈകൂപ്പി കേഴുന്ന ഒരമ്മ! അമ്മയുടെ നിലവിളിയെ തന്റെ കൊലവിളികൊണ്ടു മൂടി ഒരു മരക്കഷണംകൊണ്ട് അമ്മയെ നിർദയം തല്ലിച്ചതയ്ക്കുന്ന മകൾ! മകൾ അമ്മയെ തല്ലുന്നതു കണ്ടിട്ടും പിടിച്ചുമാറ്റുന്നതിനു മുമ്പ്, ആ മർദന ദൃശ്യത്തിന്റെ വീഡിയോ മൊബൈലിൽ പകർത്തി ചാനലുകളിൽ കൊടുക്കുന്ന മകൻ ! കഴിഞ്ഞ ദിവസം കേരളം വിറങ്ങലിച്ചുനിന്ന ഒരു കാഴ്ചയാണിത്.

വൃദ്ധയായ അമ്മയുടെ മൂത്രം വീടിനുള്ളിൽ വീഴുന്നു എന്നതായിരുന്നു, അമ്മയെ തല്ലിയതിന്റെ കാരണമത്രേ! ശൈശവത്തിന്റെ നിസഹായതയിൽ ഈ മകൾ, ഈ അമ്മയുടെ മുറിയിലും കട്ടിലിലും മാത്രമല്ല, ഉടലാസകലം എത്രമാത്രം ദുർഗന്ധം പരത്തിയിട്ടുണ്ടാവും!

മക്കൾക്ക് പിറവി നൽകുന്നതുകൊണ്ടല്ല, മക്കൾക്ക് സ്വന്തം ജീവൻ നൽകുന്നതുകൊണ്ടാണ്, ഒരു സ്ത്രീ അമ്മയാകുന്നത്. ഗർഭപാത്രത്തിലല്ല, അമ്മയുടെ ഹൃദയത്തിലാണ് മക്കൾ പിറക്കുന്നത്! കാർത്ത്യായനി എന്ന അമ്മ തന്റെ സ്വരങ്ങളിലും വ്യഞ്ജനങ്ങളിലും മാത്രമല്ല, ഓരോ ശ്വാസത്തിലും അമ്മയായി തന്റെ നിയോഗം നിറവേറ്റി. എന്നാൽ, അവരുടെ മക്കൾ ആ അമ്മയെ സ്വന്തമാക്കാനുള്ള യോഗ്യത നഷ്ടമാക്കി.

അമ്മയിൽനിന്നു പിറന്നു, എന്നതു മാത്രമല്ല, അമ്മ എന്റെയുള്ളിൽ പിറന്നു എന്ന് അനുഭവിക്കുമ്പോളാണ് ഒരു മകൾ, മകളാകുന്നത്, മകൻ, മകനാകുന്നത്! അമ്മയെ തല്ലാൻ മകൾ പത്തലുയർത്തുമ്പോൾ മകളുടെ വീട്ടിൽനിന്നല്ല, മകളുടെ ഉള്ളിൽനിന്നാണ് അമ്മയുടെ നിലവിളി ഉയരുന്നത്.

അമ്മ ഒരു മഴയാണ്. ജീവിതത്തിന്റെ ആകാശനീലിമയിൽ പ്രത്യക്ഷപ്പെടുന്ന വെൺമേഘങ്ങളുടെ വെണ്മ ഉള്ളിലൊളിപ്പിച്ച് ഒരു കുടുംബത്തിന്റെ മേൽ തോരാതെ പെയ്തുപെയ്ത് അവസാനത്തുള്ളിവരെ പെയ്തിട്ടും തീരാതെ... പെയ്യുന്ന തേന്മഴയാണ് അമ്മ!

ഓരോ പെൺമനസിലും ഒരമ്മ പിറവി കാത്തിരിപ്പുണ്ട്! ഒരു കുഞ്ഞിനും ജന്മം നല്കാതെയും ചില സ്ത്രീകൾ മാതൃത്വത്തിന്റെ സുഗന്ധവാഹികളാകുന്നുണ്ട്. ഒന്നിലേറെ പേർക്കു പിറവി നല്കിയിട്ടും ചില സ്ത്രീകളെ മക്കൾക്കുപോലും അമ്മേയെന്നു വിളിക്കാനാവുന്നുമില്ല! ഒരു സ്ത്രീയുടെ ഉടലിൽ അവളുടെയുള്ളിലെ അമ്മ പ്രത്യക്ഷപ്പെടുന്നതെപ്പോഴാണ്? ഉടലുലഞ്ഞ്, ഉടലുടഞ്ഞ്, സ്വയം പിഴിഞ്ഞ് നീരിറ്റിക്കുന്ന ഒരു വെൺമേഘശകലം പോലെ ഓരോ സ്ത്രീയിലും മാതൃത്വം പ്രത്യക്ഷപ്പെടും!

തനിക്കു ജന്മം നല്കിയ സ്ത്രീയുടെ ഉടലിലും ഉയിരിലും മാതൃത്വം പ്രത്യക്ഷപ്പെടുന്നതും കാത്തിരിക്കുന്ന വേഴാമ്പലുകളാണ് ഇന്നു പല അണുകുടുംബങ്ങളിലേയും മക്കൾ! എന്നാൽ മക്കളുടെ മുന്നിൽ, വാക്കിൽ വാത്സല്യമായി, നോട്ടത്തിൽ, ദയയായി, കർമത്തിൽ കാരുണ്യമായി, സ്പർശനത്തിൽ മൃദുലതയും ദർശനത്തിൽ മധുരിമയുമായി സദാ അവതരിച്ച അമ്മമാരുടെ പ്രതിനിധിയാണ് കാർത്ത്യായനിയമ്മ.

കാർത്ത്യായനിയമ്മ ഒരു സന്ധ്യയാണ്. അമ്മയ്ക്ക് ഉള്ളിൽ പിറക്കാൻ ഇടം കൊടുക്കാതെ വന്ധ്യത വിലയ്ക്കു വാങ്ങിച്ച മകൾ, സ്നേഹത്തിന്റെ മഴയായി പെയ്യാൻ വരം നഷ്ടമാക്കിയ വന്ധ്യമേഘമാണ്! ഇത്തരത്തിലുള്ള വന്ധ്യമേഘങ്ങൾ പെറ്റുവളർത്തിയ സന്ധ്യകളെ വിഴുങ്ങുന്നത് ക്രൂരതയാണ്!

ഇന്നത്തെ മക്കളായ കൂട്ടുകാർ, നാളെ നല്ല മാതൃത്വത്തിനും പിതൃത്വത്തിനും ഉടലു നൽകേണ്ടവരാണ്. നമ്മുടെ മാതാപിതാക്കൾക്ക് നമ്മുടെ ഉള്ളിൽ ഇടം നൽകാം. അച്ഛന്റെ മേലും അമ്മയുടെമേലും അവസാനത്തുള്ളിവരെ, മക്കൾമഴത്തുള്ളികളായി പെയ്തിറങ്ങാം...

ആശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ


കോട്ടയം പ്രവിശ്യാ ടാലന്റ് ഫെസ്റ്റ്: തൊടുപുഴ ഓവറോൾ ചാമ്പ്യന്മാർ

പാലാ: ദീപിക ബാലസഖ്യം കോട്ടയം പ്രവിശ്യാ ടാലന്റ് ഫെസ്റ്റിൽ തൊടുപുഴ മേഖലാ ഓവറോൾ ചാമ്പ്യന്മാരായി. മൂലമറ്റം മേഖലയാണ് റണ്ണറപ്പ്. എൽ.പി, യു.പി.വിഭാഗങ്ങളിൽ തൊടുപുഴയും ഹൈസ്കൂൾ വിഭാഗത്തിൽ മൂലമറ്റവും ജേതാക്കളായി.

സ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റു നേടി കീഴൂർ സെന്റ് ജോസഫ്സ് ഒന്നാംസ്‌ഥാനവും തൊടുപുഴ ഡിപോൾ രണ്ടാംസ്‌ഥാനവും നേടി.

മൂലമറ്റം, കുറവിലങ്ങാട്, തൊടുപുഴ എന്നിവർയഥാക്രമം എൽപി, യു.പി. വിഭാഗങ്ങളിൽ രണ്ടാംസ്‌ഥാനം നേടി.

പാലാ സെന്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ഫെസ്റ്റ് ജോയി ഏബ്രഹാം എംപി ഉദ്ഘാടനം ചെയ്തു. പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ലീന സണ്ണി അധ്യക്ഷത വഹിച്ചു.

വൈകുന്നേരം പ്രവിശ്യാ കോ–ഓർഡിനേറ്റർ പി.ടി. തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ സർക്കിൾ ഇൻസ്പെക്ടർ ടോണി സെബാസ്റ്റ്യൻ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കായംകുളം മേഖലാ ടാലന്റ്ഫെസ്റ്റ്: സെന്റ് മേരീസ് ഹൈസ്കൂൾ ചാമ്പ്യന്മാർ

കായംകുളം: ദീപിക ബാലസഖ്യം കായംകുളം മേഖലാ ടാലന്റ് ഫെസ്റ്റ് കായംകുളം സെന്റ് മേരീസ് എൽ.പി സ്കൂളിൽ നടന്നു. പ്രസിദ്ധ ചലച്ചിത്ര സീരിയൽ നടൻ മുതുകുളം ഹരീന്ദ്രനാഥ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. മേഖലാ ഓർഗനൈസർ ഡി. ബാബു സ്വാഗതം ആശംസിച്ചു.

മത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുനേടി കായംകുളം സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. രണ്ടാംസ്‌ഥാനം കായംകുളം സെന്റ് മേരീസ് ബഥനി പബ്ലിക് സ്കൂളിനാണ്.

വിജയികൾക്ക് കായംകുളം മേഖലാ പ്രസിഡന്റ് ടി.എം. സുരേഷ്കുമാർ ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഓർഗനൈസർ ഡി. ബാബു, കാർത്തികപ്പള്ളി മേഖലാ ഓർഗനൈസർ കെ. രാജേഷ്കുമാർ, കരുനാഗപ്പള്ളി മേഖലാ ഓർഗനൈസർ ജി. ബാബു, മാവേലിക്കര മേഖലാ ഓർഗനൈസർ ബി. ഹരിദാസൻനായർ എന്നിവർ നേതൃത്വം നൽകി.

രാമപുരം മേഖലാ കിഡ്സ്ഫെസ്റ്റും ചോക്ലേറ്റ് ക്വിസും 10–ന്

രാമപുരം: ദീപിക ബാലസഖ്യം രാമപുരം മേഖലാ കിഡ്സ്ഫെസ്റ്റ് 10–ാം തീയതി ശനിയാഴ്ച രാവിലെ 10–ന് അമനകര ചാവറ ഐസിഎസ്ഇ പബ്ലിക് സ്കൂളിൽ നടക്കും. കഥപറച്ചിൽ (ഇംഗ്ലീഷ്, മലയാളം), കളറിംഗ്, ലളിതഗാനം, ആക്ഷൻസോംഗ്, എന്നീ ഇനങ്ങളിലായിരിക്കും മത്സരം.

ആക്ഷൻ സോംഗ് ഒഴികെ എല്ലാ ഇനങ്ങൾക്കും എൽകെജി വിഭാഗത്തിലും യുകെജി വിഭാഗത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും.

ചോക്ലേറ്റ് ക്വിസിൽ ഓരോ വിഭാഗത്തിലും രണ്ടു പേരടങ്ങുന്ന ടീമുകളായാണു മത്സരിക്കേണ്ടത്. ഒരു സ്കൂളിൽനിന്നും എത്ര ടീമുകൾക്കുവേണമെങ്കിലും പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മേഖലാ ഓർഗനൈസർ ജേക്കബ് ജോസിനെ (ഫോൺ:

മൂലമറ്റം മേഖലാ ചോക്ലേറ്റ് സൂപ്പർ ക്വിസ് നാളെ

മൂലമറ്റം: ഡിസിഎൽ മൂലമറ്റം മേഖലാ ദീപിക ചോക്ലേറ്റ് സൂപ്പർ ക്വിസ് ‘16 നാളെ രാവിലെ 9.15 മുതൽ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ നടക്കും. എൽ.പി., യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ രണ്ടംഗ ടീം അടിസ്‌ഥാനത്തിലാണു മത്സരം. ഒരു വിഭാഗത്തിൽ ഒരു സ്കൂളിൽനിന്നും എട്ടു ടീമുകൾക്കുവരെ പങ്കെടുക്കാം. ശാഖാ ഡയറക്ടർമാർ ടീമംഗങ്ങളുടെ പേരുകൾ പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം എത്തിക്കണമെന്ന് റോയ് ജെ. കല്ലറങ്ങാട്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9497279347 എന്ന നമ്പരിൽ ബന്ധപ്പെടുക.9446197448) സമീപിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.