ബാങ്കിംഗ് സംവിധാനം ചൂഷണോപാധിയായി മാറരുത്: കെസിബിസി
Wednesday, December 7, 2016 4:22 PM IST
കൊച്ചി: രാജ്യത്തെ ബാങ്കിംഗ് സംവിധാനം സാധാരണക്കാർക്കെതിരായ ചൂഷണോപാധിയായി മാറാതിരിക്കാൻ ജാഗ്രത പുലർത്തണമെന്നു കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി).

അജപാലന കാരുണ്യം സഭയുടെ മുഖമുദ്രയാകണമെന്നും കുടുംബങ്ങളെയും വിവാഹജീവിതത്തെയും ശക്‌തിപ്പെടുത്തുന്നതിൽ സഭയുടെ പ്രേഷിതർ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും പിഒസിയിൽ സമാപിച്ച ശൈത്യകാല കെസിബിസി സമ്മേളനം ആഹ്വാനംചെയ്തു.

സഭയും സമൂഹവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സമ്മേളനം ചർച്ചചെയ്തു. ഗ്രാമപ്രദേശങ്ങളിൽനിന്നും പിന്നോക്ക വിഭാഗങ്ങളിൽനിന്നും സമാഹരിക്കുന്ന പണം നഗരകേന്ദ്രീകൃതമായ വമ്പൻ വ്യവസായങ്ങളിലും പദ്ധതികളിലും മാത്രം മുതൽ മുടക്കുന്നത്, ഗ്രാമങ്ങളും നഗരവും തമ്മിലുള്ള വിടവ് കൂട്ടും. ഇതു നഗരങ്ങൾക്കു വേണ്ടി ഗ്രാമങ്ങൾ ചൂഷണം ചെയ്യപ്പെടുന്ന സാഹചര്യമുണ്ടാക്കും.

കൃഷിക്കാരുടെയും ചെറുകിട കച്ചവടക്കാരുടെയും തീരദേശജനതയുടെയും ക്ഷേമവും വികസനവും ഉറപ്പുവരുത്തുന്ന നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. ഗ്രാമങ്ങളുടെ വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന സഹകരണ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കാനും സത്വര നടപടികളുണ്ടാകണം.

നോട്ട് പിൻവലിക്കൽ മൂലം സാധാരണക്കാർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ സർക്കാർ ആശ്വാസ പദ്ധതികൾ ഉൾപ്പെടെ അടിയന്തരനടപടി സ്വീകരിക്കണം.

നോട്ടു പിൻവലിക്കൽ ലക്ഷ്യം വയ്ക്കുന്ന സദ്ഫലങ്ങൾ ഉറപ്പുവരുത്താൻ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമായും അഴിമതിരഹിതമായും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.


ഓരോ കുടുംബത്തിന്റെയും സാഹചര്യം തിരിച്ചറിഞ്ഞു കാരുണ്യത്തോടും സഹാനുഭൂതിയോടുംകൂടി അവരെ അനുധാവനം ചെയ്യാൻ സഭാശുശ്രൂഷകർക്കു കഴിയണം. കുടുംബങ്ങളുടെ ശുശ്രൂഷകളിൽ പരിശീലനം ലഭിച്ച അല്മായരുടെ സേവനം പ്രയോജനപ്പെടുത്തണം.

സ്ത്രീകളോടും കുട്ടികളോടും സമൂഹത്തിൽ വർധിച്ചുവരുന്ന അതിക്രമങ്ങളിൽ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി.

സ്ത്രീ– പുരുഷ വ്യക്‌തിത്വങ്ങളുടെ തുല്യമഹത്വവും പാരസ്പര്യവും മാനിക്കപ്പെടണം. സഭയുടെ വിശ്വാസ, ധാർമിക പരിശീലനത്തിലും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും ആരോഗ്യകരമായ സ്ത്രീ–പുരുഷബന്ധത്തിനു പ്രാധാന്യവും പരിശീലനവും നൽകണം.

സ്നേഹത്തിന്റെ പക്വതയിലേക്കു വളരാനും ഭാവിജീവിതം ക്രമപ്പെടുത്താനും യുവതലമുറയെ സഹായിക്കുന്നതിൽ ശ്രദ്ധ വേണം.

പരിസ്‌ഥിതി നശീകരണം ഉൾപ്പെടെ പാവപ്പെട്ടവരെ ബാധിക്കുന്ന പ്രശ്നങ്ങളിൽ സഭാവിശ്വാസികൾ ക്രിയാത്മകമായി ഇടപെടണം.

ലാളിത്യത്തിന്റെ ശൈലിക്ക് എതിർസാക്ഷ്യങ്ങൾ നൽകുന്ന നിർമാണ പ്രവർത്തനങ്ങളും ജീവിതശൈലിയും നിയന്ത്രിക്കുന്നതിൽ സഭാനേതൃത്വത്തിലുള്ളവർ ജാഗ്രത പുലർത്തണമെന്നും കെസിബിസി സമ്മേളനം ആഹ്വാനംചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.