നോട്ട് പ്രതിസന്ധി തുടരുന്നു
നോട്ട് പ്രതിസന്ധി തുടരുന്നു
Wednesday, December 7, 2016 4:35 PM IST
തിരുവനന്തപുരം: ശമ്പള– പെൻഷൻ വിതരണത്തിനായി ട്രഷറികൾ ആവശ്യപ്പെട്ടതിലും പത്തു കോടിയോളം രൂപ കുറച്ചാണു ബാങ്കുകൾ ഇന്നലെ വിതരണം നടത്തിയത്. ട്രഷറി വഴിയുള്ള ഇടപാടുകൾക്കായി ഇന്നലെ 80.69 കോടി രൂപയാണ് ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഇന്നലെ 70.79 കോടി രൂപ മാത്രമാണു വിതരണം നടത്താൻ കഴിഞ്ഞത്.

അതേസമയം, നോട്ട് ലഭ്യമല്ലാത്ത സാഹചര്യത്തിൽ ബാങ്കുകളിൽ കനത്ത പ്രതിസന്ധി തുടരുകയാണ്. നഗര പ്രദേശങ്ങളൊഴികെയുള്ള സ്‌ഥലങ്ങളിലെ ബാങ്കുകളിൽ പണമില്ലാത്തതിനാൽ ചില ശാഖകൾ അടച്ചിടേണ്ടിവന്ന സാഹചര്യമുണ്ടായി. ജനങ്ങൾ ബഹളമുണ്ടാക്കുന്നത് ഒഴിവാക്കാനാണ് ജീവനക്കാർ ബാങ്ക് ശാഖകൾ അടച്ചിടുന്നത്. സ്റ്റേറ്റ് ബാങ്കിന്റേത് അടക്കമുള്ള ശാഖകൾ കഴിഞ്ഞ ദിവസങ്ങളിൽ അടച്ചിട്ടതായി പരാതി ഉയർന്നിട്ടുണ്ട്.

അതേസമയം, റിസർവ് ബാങ്കിന്റെ തിരുവനന്തപുരം റീജണൽ ഓഫീസിൽ പണമെത്തിയതായി സൂചനയുണ്ടെങ്കിലും ഇതുവരെ വിതരണം ആരംഭിച്ചിട്ടില്ല. എത്രയും വേഗം നോട്ട് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു ബാങ്കുകൾ റിസർവ് ബാങ്കിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്.


ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലയിലെ ട്രഷറികൾക്കാണ് ഇന്നലെ ആവശ്യപ്പെട്ട മുഴുവൻ തുകയും ലഭിച്ചത്. ജില്ല, ആവശ്യപ്പെട്ട തുക, ലഭിച്ച തുക (കോടിയിൽ) എന്നിവ ചുവടെ:

തിരുവനന്തപുരം– 9.65– 9.40, കൊല്ലം– 8.94– 7.2, പത്തനംതിട്ട– 3.5– 2.85, ആലപ്പുഴ– 6.7– 5.7, കോട്ടയം 6.03–5.28, തൃശൂർ– 6.71– 5.58, പാലക്കാട്– 6.2– 5.68, മലപ്പുറം– 6.64– 5.17, കോഴിക്കോട്– 7.9– 5.75, വയനാട്– 0.7– 0.55, കണ്ണൂർ– 6.06– 5.94.

കഴിഞ്ഞ ഒന്നിനു ട്രഷറിയിൽ നിന്ന് 24,000 രൂപ പിൻവലിച്ചവർക്ക് ഇന്നു മുതൽ ബാക്കി തുക പിൻവലിക്കാമെന്നു ട്രഷറി ഡയറക്ടർ അറിയിച്ചു. റിസർവ് ബാങ്ക് ഒരാഴ്ച പിൻവലിക്കാവുന്ന തുക 24,000 രൂപയായി നിശ്ചയിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ ഒന്നിന് ശമ്പള– പെൻഷൻ ഇനത്തിൽ 24,000 രൂപ മാത്രം പിൻവലിക്കാനേ പലർക്കും കഴിഞ്ഞിരുന്നുള്ളു. ശമ്പള– പെൻഷൻ ഇനത്തിൽ കുടിശികയുള്ള തുകയിൽ 24,000 രൂപയാണ് ഇന്നു മുതൽ പിൻവലിക്കാൻ കഴിയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.