കൊച്ചി മുസിരിസ് ബിനാലെയ്ക്ക് നാളെ തുടക്കം
കൊച്ചി മുസിരിസ് ബിനാലെയ്ക്ക് നാളെ തുടക്കം
Saturday, December 10, 2016 3:17 PM IST
കൊച്ചി: കൊച്ചി മുസിരീസ് ബിനാലെ(കെഎംബി–2016)യുടെ മൂന്നാം പതിപ്പിനു നാളെ തുടക്കമാകും. ഇതിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഉദ്ഘാടനം വൈകുന്നേരം ആറിന് ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സാമൂഹ്യ രാഷ്ര്‌ടീയ രംഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ചടങ്ങിനു മുന്നോടിയായി പ്രധാനവേദിയായ ആസ്പിൻവാൾ ഹൗസിൽ പതാക ഉയർത്തും.

108 ദിവസം നീണ്ടു നിൽക്കുന്ന പ്രദർശനം –ഫോമിംഗ് ഇൻ ദ പ്യൂപ്പിൾ ഓഫ് ആൻ ഐ– (ഉൾക്കാഴ്ച്ചകളുരുവാകുന്നിടം) എന്ന ആശയത്തെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. 31 രാജ്യങ്ങളിൽ നിന്നായി 97 കലാകാരന്മാരുടെ സൃഷ്ടികൾ ബിനാലെയിലുണ്ടാകും. 2016 കൊച്ചി മുസരീസ് ബിനാലെയുടെ ക്യൂറേറ്റർ സുദർശൻ ഷെട്ടിയാണ്. കാഴ്ചയുടെ ഒരു ചിത്രം മാത്രമല്ല അനവധി ചിത്രങ്ങളുടെ സാധ്യതകളായിരിക്കും ബിനാലെയെന്ന് അദ്ദേഹം പറഞ്ഞു. ശരീരത്തിലെ ഏക പ്രതിഫലനസാധ്യതയുള്ള അംഗം കണ്ണായതുകൊണ്ട് അതു സ്വീകരിക്കുന്നതത്രയും പുറംലോകത്തേക്ക് പ്രതിഫലിപ്പിക്കും. കലയുടെ വിവിധ രൂപങ്ങളും സമീപനങ്ങളും തമ്മിലുള്ള സംഭാഷണം എന്ന നിലയ്ക്കാണ് ബിനാലെയെ താൻ സമീപിച്ചതെന്ന് സുദർശൻ അഭിപ്രായപ്പെട്ടു.


12 വേദികളിലായാണ് ബിനാലെ നടക്കുക. ഫോർട്ടുകൊച്ചിയിലെ ആസ്പിൻ വാൾ ഹൗസാണ് പ്രധാനവേദി, കബ്രാൽ ഹാൾ, പെപ്പർ ഹൗസ്, ഡേവിഡ് ഹാൾ, ഡർബാർ ഹാൾ, കാഷി ആർട്ട് കഫെ, കാഷി ആർട്ട് ഗാലറി, എംഎപി വെയർഹൗസ്, ആനന്ദ് വെയർഹൗസ്, ടികെഎം വെയർഹൗസ്, കൊച്ചിൻ ക്ലബ്, കോട്ടപ്പുറം ഫോർട്ട് എന്നിവയാണ് മറ്റു വേദികൾ. 2017 മാർച്ച് 29ന് ബിനാലെ സമാപിക്കും. കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സെക്രട്ടറി റിയാസ് കോമു, സിഇഒ മഞ്ജു സാറാ ജോൺ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.