കേരള ഡാമിയൻ മോൺ. കണ്ടത്തിലിന്റെ ഓർമകൾക്ക് നാളെ 25 വയസ്
കേരള ഡാമിയൻ മോൺ. കണ്ടത്തിലിന്റെ ഓർമകൾക്ക് നാളെ 25 വയസ്
Saturday, December 10, 2016 3:17 PM IST
അനുപമമായ കാരുണ്യശുശ്രൂഷയുടെ ആൾരൂപമായി കേരളം ആദരിക്കുന്ന കേരള ഡാമിയൻ മോൺ.ജോസഫ് കെ. ഡബ്ല്യു തോമസ് കണ്ടത്തിലിന്റെ 25–ാം ചരമവാർഷികം നാളെ അദ്ദേഹത്തിന്റെ കർമഭൂമിയായിരുന്ന ചേർത്തലയിൽ ആചരിക്കും. കുഷ്ഠരോഗത്തെ ഭയത്തോടെയും വെറുപ്പോടെയും കണ്ട് അവരെ തീണ്ടാപ്പാടകലേക്ക് എറിഞ്ഞോടിച്ചിരുന്ന കാലത്ത് അവരുടെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി സന്യാസത്തെ വരിച്ച പുണ്യചരിതനായിരുന്നു കണ്ടത്തിലച്ചൻ. ദീർഘമായ 55 വർഷം അദ്ദേഹം വിശ്രമമറിയാതെ കുഷ്ഠരോഗികളെ ശുശ്രൂഷിച്ചു. വിശുദ്ധി, സഹനം, ലാളിത്യം എന്നിവയിൽ സമർപ്പിതമായിരുന്നു ആ സാധുവൈദികന്റെ സന്യാസചര്യ. ചേർത്തലയിൽ കുഷ്ഠരോഗികൾക്കായി ഭവനവും ചികിത്സാലയവും നിർമിച്ച് അവരുടെ വ്രണങ്ങൾ കഴുകി ലേപനം ചെയ്ത് അവർക്കൊപ്പം ജീവിച്ചു മരിച്ച മനുഷ്യസ്നേഹിയായിരുന്നു കണ്ടത്തിലച്ചൻ.

1934ൽ ചേർത്തല മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അസിസ്റ്റന്റ് വികാരിയായി ചുമതലയേറ്റ കാലം മുതൽ അവസാനശ്വാസം വരെ അച്ചൻ രോഗികൾക്കും ദരിദ്രർക്കും വേണ്ടിയാണു ജീവിച്ചത്. തീരമേഖലയിൽ വറുതിയും വസൂരിയും കൂട്ടമരണത്തിനിടയാക്കിയ കാലത്ത് ഈ സാധു സമൂഹങ്ങൾ ഭക്ഷണവും മരുന്നും വാങ്ങിക്കൊടുക്കാൻ ഭിക്ഷാടകനെപ്പോലെ അദ്ദേഹം വീടുകൾ കയറിയിറങ്ങി. ജാതിമത ഭേദമന്യേ മനുഷ്യരെ ദൈവമക്കളായി കണ്ടും അറിഞ്ഞുമുള്ളതായിരുന്നു ആ സഹനജീവിതം.

കണ്ടത്തിൽപറമ്പിൽ ലൂക്കാ ആന്റണിയുടെ കുടുംബത്തിൽനിന്നു ദാനം ലഭിച്ച ഒമ്പത് ഏക്കർസ്‌ഥലം ഉൾപ്പെടെ അനാഥ മൃതദേഹങ്ങൾ മറവുചെയ്തിരുന്ന ആനത്തറവെളി എന്ന മണൽപ്പരപ്പിൽ ഒരു കുഷ്ഠരോഗാശുപത്രി പണിയാൻ അച്ചൻ കൈവശമുണ്ടായിരുന്ന 300 രൂപയുമായാണ് അന്ന് ഇറങ്ങിത്തിരിച്ചത്.

ഒരു പതിറ്റാണ്ടിലേറെ തൃശൂർ, എറണാകുളം, കാഞ്ഞിരപ്പള്ളി, കോതമംഗലം, കോട്ടയം, പാലാ, ചങ്ങനാശേരി, കുട്ടനാട്, തിരുവനന്തപുരം കൊല്ലം എന്നിവിടങ്ങളിലൂടെ നടന്നു വീടുകൾ കയറിയിറങ്ങി കുഷ്ഠരോഗികൾക്കായി അച്ചൻ സഹായം യാചിച്ചിരുന്നു. കുഷ്ഠരോഗികൾക്കു വേണ്ടിയുള്ള ദേശാടനത്തിനിടയിൽ മലേറിയ, മന്ത് തുടങ്ങിയ രോഗങ്ങൾ പിടിപ്പെട്ടത് അദ്ദേഹത്തെ ജീവിതാന്ത്യംവരെ അലട്ടിയിരുന്നു. എറണാകുളം– ആലപ്പുഴ ഹൈവേയിൽ ചേർത്തലയ്ക്കു തെക്ക് അച്ചൻ തുടക്കമിട്ട ഗ്രീൻ ഗാർഡൻസ് ആതുരശുശ്രൂഷാരംഗത്ത് ഒരു മഹനീയ മാതൃകയായി ഇന്നു വളർന്നിരിക്കുന്നു.


ആതുരശുശ്രൂഷ ലക്ഷ്യമാക്കി അച്ചൻ 1949ൽ സ്‌ഥാപിച്ച അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമാക്കുലേറ്റ് എന്ന സന്യാസമൂഹവും ശുശ്രൂഷാ പാതയിൽ ഏറെ മുന്നേറിയിരിക്കുന്നു.

വൈക്കം ചെമ്പ് കണ്ടത്തിൽ തോമസ്– ക്ലാര ദമ്പതികളുടെ മൂന്നാമത്തെ പുത്രനായ ജോസഫ് 1904 ഒക്ടോബർ 27നാണ് ജനിച്ചത്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 1925ൽ എറണാകുളം അതിരൂപത പെറ്റി സെമിനാരിയിൽ വൈദിക വിദ്യാർഥിയായി ചേർന്നു. പിന്നീട് മംഗലാപുരം സെന്റ് ജോസഫ്സ് മേജർ സെമിനാരിയിൽ ഉപരിപഠനത്തിനു ചേർന്നു. പഠനകാലത്തു മംഗലാപുരത്തുള്ള ഫാ. മുള്ളറിന്റെ ആശുപത്രിയിലെ നിത്യസന്ദർശകനായിരുന്നു ജോസഫ്.

1933 ഡിസംബർ 17നു മാർ അഗസ്തിനോസ് മെത്രാപ്പോലീത്തയിൽനിന്നു പൗരോഹിത്യം സ്വീകരിച്ച്, 1934ൽ മുട്ടം സെന്റ് മേരീസ് ഫെറോനപള്ളിയിൽ നിയമിതനായതു മുതൽ ചേർത്തല, വയലാർ പ്രദേശങ്ങളിൽ അദ്ദേഹം കാരുണ്യത്തിന്റെ ശുശ്രൂഷ തുടങ്ങി.

1956ൽ കുഷ്ഠരോഗികളെപ്പറ്റിയുള്ള ചർച്ചകൾക്കായി അന്തർദേശീയ സമ്മേളനത്തിന്റെ ഭാഗമാകാൻ കണ്ടത്തിലച്ചനു ക്ഷണം ലഭിച്ചു. ആ അവസരത്തിൽ അച്ചൻ റോമിലെത്തുകയും 12–ാം പീയൂസ് മാർപാപ്പയെ സന്ദർശിക്കുകയുംചെയ്തു. 1969ൽ മാർപാപ്പ കണ്ടത്തിലച്ചനു മോൺസിഞ്ഞോർ സ്‌ഥാനം നൽകി. കണ്ടത്തിൽ കുടുംബത്തിൽനിന്നു ചെമ്പിനടുത്തുള്ള നീർപ്പാറ എന്ന സ്‌ഥലത്തു ദാനമായി കൊടുത്ത 10 ഏക്കർ സ്‌ഥലത്ത് 1967ൽ ഈ ധന്യവൈദികൻ സ്‌ഥാപിച്ചതാണു ദേശീയതലത്തിൽ അറിയപ്പെടുന്ന അന്ധബധിര വിദ്യാലയം.

അരനൂറ്റാണ്ടുകാലത്തെ നിരന്തരമായ പ്രയത്നംമൂലം രോഗങ്ങളിൽ വലഞ്ഞാണ് കണ്ടത്തിലച്ചൻ അവസാനകാലം കഴിച്ചു കൂട്ടിയത്. താൻ പടുത്തുയർത്തിയ കുഷ്ഠരോഗാശുപത്രിയങ്കണത്തിൽ ആരംഭകാലത്തു പണികഴിപ്പിച്ച ചെറിയ കെട്ടിടത്തിൽ പ്രാർഥനാ ജീവിതം നയിക്കവേ 1991 ഡിസംബർ 12നു ആ പുണ്യചരിതൻ ലോകത്തോടു യാത്ര പറഞ്ഞു.

ടി.വി ജോൺ തീയാട്ടുപറമ്പിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.