നിര്‍മല കോളജില്‍ പൂര്‍വവിദ്യാര്‍ഥി മഹാസംഗമം 14ന്
Wednesday, January 11, 2017 2:54 PM IST
മൂവാറ്റുപുഴ: നിര്‍മല കോളജ് പൂര്‍വവിദ്യാര്‍ഥി സംഗമം 14നു കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. കഴിഞ്ഞ ആറു ദശാബ്ദകാലത്തിനുള്ളില്‍ പഠിച്ചിറങ്ങിയ പൂര്‍വവിദ്യാര്‍ഥികളുടെ മഹാസംഗമത്തില്‍ പ്രീഡിഗ്രി, ഡിഗ്രി, പിജി പഠനത്തിന്റെ വജ്രജൂബിലി ആഘോഷിക്കുന്ന വിദ്യാര്‍ഥികളെ പ്രത്യേകം ആദരിക്കും. ഇതിനു പുറമെ ഓരോ ബാച്ചിലെയും വിദ്യാര്‍ഥികള്‍ക്ക് ഒരുമിച്ചുകൂടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കോളജില്‍നിന്നു പഠിച്ചിറങ്ങിയ പൂര്‍വവിദ്യാര്‍ഥികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ഇവര്‍ക്ക് കോളജുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണു സംഗമം വിളിച്ചു ചേര്‍ത്തിരിക്കുന്നതെന്നു പ്രിന്‍സിപ്പല്‍ ഡോ. ടി.എം. ജോസഫ് പറഞ്ഞു. രാവിലെ 9.30ന് ആരംഭിക്കുന്ന സംഗമത്തിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്. സംഘാടക സമിതി വൈസ് പ്രസിഡന്റ് ടോമി കളമ്പാട്ടുപറമ്പില്‍, ബര്‍സാര്‍ ഫാ. ഫ്രാന്‍സീസ് കണ്ണാടന്‍, ഡോ. ജോര്‍ജി നീര്‍നാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.